എന്താണ് ജി എസ് ടി.? അത് എങ്ങനെ നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കും? എങ്ങനെ ബിസിനസിനെ ബാധിക്കും ? സാധനങ്ങളൊന്നും കിട്ടാനില്ലല്ലോ? എന്താണ് എം ആർ പിയിലും കൂടുതൽ വില ഈടാക്കുന്നത്? എന്തിനായിരുന്നു ഹർത്താൽ? ഈ ചോദ്യങ്ങളുടെ നടുവിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉള്ളത്. എത്ര പറഞ്ഞു കൊടുത്താലും വീണ്ടും ചോദ്യങ്ങൾ. എന്നാൽ പിന്നെ ഒരു ബ്ലോഗ് ആവാം എന്ന് ഞാനും കരുതി.
തുടങ്ങുന്നതിനു മുമ്പ്
ജി എസ് ടിയെക്കുറിച്ച് ഒരുപാട് കഥകൾ കേട്ടിരുന്നു. എം ആർ പി കുറയും, ഏകീകൃതമാകും, ഒരു പ്രാവശ്യം ടാക്സ് കൊടുത്താൽ മതി, മറ്റെല്ലാ നികുതികളും ഇല്ലാതാകും, ഈ ഗവണ്മെന്റിന്റെ വലിയൊരു പദ്ധതിയാണിത് എന്നിങ്ങനെ പലതും. അവയിൽ ബഹുഭൂരിഭാഗവും തെറ്റായിരുന്നു. എങ്കിലും അത് ചിലരിലെങ്കിലും ഇപ്പോഴും പ്രചരിക്കുന്നുണ്ട് അല്ലെങ്കിൽ ആ ധാരണ പല ആളുകൾക്കും ഇപ്പോഴുമുണ്ട്.
അല്പം ചരിത്രം
1954 -ൽ ഫ്രാൻസിലാണ് ലോകത്ത് ആദ്യമായി ജി എസ് ടി നിലവിൽ വന്നത്. അതിനു ശേഷം ഏതാണ്ട് 150 ലേറെ രാജ്യങ്ങൾ ജി എസ് ടി ( അതെ രൂപത്തിലുള്ള മറ്റു നിയമങ്ങൾ) നടപ്പിലാക്കി.
2000 -ൽ വാജ്പേയി ഗവണ്മെന്റ് ജി എസ് ടി മോഡൽ ഉണ്ടാക്കുന്നതിനു വേണ്ടി അന്നത്തെ വെസ്റ്റ് ബംഗാൾ ധന മന്ത്രിയായിരുന്ന അസിം ദാസ് ഗുപ്തയെ തലവനാക്കി ഒരു കമ്മിറ്റി രൂപീകരിക്കുന്നതോടെയാണ് ഇന്ത്യയിലെ ജി എസ് ടി യുടെ ചരിത്രം തുടങ്ങുന്നത്. പിന്നീട് 2006 - ൽ ധനമന്ത്രി പി. ചിദംബരം തന്റെ ബഡ്ജറ്റ് സ്പീച്ചിൽ ജി എസ് ടി 2010 ഏപ്രിലിൽ നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചു. 2007 -ൽ എംപവർ കമ്മിറ്റി രൂപീകരിച്ചു. 2 008 -ൽ എംപവർ കമ്മിറ്റി രണ്ടു ജി എസ് ടി എന്ന രൂപം (Dual GST Structure ) തീരുമാനിച്ചു. 2010 ൽ വാണിജ്യനികുതി വകുപ്പിന്റെ കമ്പ്യൂറ്റർ വൽക്കരണം ആരംഭിച്ചു. 2011 ൽ യു പി എ സർക്കാർ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചു.2012 -ൽ പാർലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചർച്ചകൾ ആരംഭിച്ചെങ്കിലും വഴിമുട്ടി നിന്ന്. പിന്നീട് 2014 ൽ ധന മന്ത്രി അരുൺ ജെയ്റ്റ്ലി ഭരണഘടനാ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിച്ചു. ബിൽ ലോക്സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ പരാജയപ്പെട്ടു. 2016 ൽ ഇരു സഭകളിലും പാസായതോടു കൂടി ജി എസ് ടി നിയമമായി.
എന്താണ് ജി എസ് ടി?
കേട്ടതു പോലെ തന്നെ സ്വതന്ത്രാനന്തര ഇന്ത്യയിലെ വലിയൊരു നികുതി പരിഷ്കാരമാണ് ജി എസ് ടി. ഇന്ത്യയിൽ നിലവിലുള്ള ഭൂരിഭാഗം നികുതികളും ജി എസ് ടി യുടെ കീഴിൽ വരും. വാണിജ്യനികുതി, കേന്ദ്ര എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, സേവന നികുതി, ആഡംബര നികുതി , വിനോദ നികുതി, പരസ്യ നികുതി,എൻട്രി ടാക്സ്, വിവിധ സർചാർജുകൾ, സെസ്സുകൾ തുടങ്ങി കേട്ടതും കേൾക്കാത്തതുമായ കുറെ നികുതികൾ അടങ്ങുന്നതാണ് ജി എസ് ടി.
രൂപവും അധികാരവും
മന്ത്രി തോമസ് ഐസക് പറഞ്ഞ പോലെ ജി എസ് ടി ഒരു മോഡിഫൈഡ് വാറ്റ് ആണ്. അതായത് മൂല്യവർധിത നികുതി(VAT)യുടെ ഒരു ന്യൂ ജെൻ രൂപം. വില്പനയുടെ ഓരോ ഘട്ടത്തിലും നികുതി കളക്ട് ചെയ്ത് വ്യാപാരികൾ തുക സർക്കാരിലേക്ക് അടക്കുന്ന രീതിയാണ് വാറ്റി(VAT )ൽ ചെയ്തിരുന്നത്. അതേ രീതി തന്നെയാണ് ജി എസ് ടിയിലും ഉള്ളത്. എവിടെയാണോ ഒരു പ്രോഡക്റ്റ് ഉപയോഗിക്കുന്നത് ആ സംസ്ഥാനത്തിനാണ് അതിന്റെ നികുതി എന്നുള്ളതാണ് ജി എസ് ടി യിലെ ഒരു പ്രധാനവ്യത്യാസം. VAT ന്റെ അധികാരം സംസ്ഥാനങ്ങൾക്കായിരുന്നുവെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും അടങ്ങുന്ന കൗൺസിലിനാണ് ജി എസ് ടി യുടെ അധികാരം.വിവിധ സംസ്കാരങ്ങളും കച്ചവട രീതികളും വിപണികളും ഉള്ള ഇന്ത്യയെ പോലുള്ള രാജ്യത്ത് ഏകീകൃത സംവിധാനം കൊണ്ടുവരിക അത്ര എളുപ്പമല്ല. വിവിധ സംസ്ഥാനങ്ങളുടെ രീതികളും സാമ്പത്തികനിലവാരവും വ്യത്യസ്തമായതിനാൽ പ്രത്യേകിച്ചും. കൂടാതെ ഓരോ സംസ്ഥാനങ്ങൾക്കും സ്വയംഭരണാധികാരവുമുണ്ട്. ഇതിനെയൊക്കെ മറികടന്നു കൊണ്ട് ജി എസ് ടി നിയമമാകുമ്പോൾ അത് ചരിത്രം തന്നെയാണ്. ഒറ്റനികുതി എന്നും ഏകീകൃത നികുതി എന്നുമൊക്കെ പേരുണ്ടെങ്കിലും സ്റ്റേറ്റ് GST, കേന്ദ്ര GST, അന്തർ സംസ്ഥാന വില്പനക്കുള്ള ഇന്റഗ്രേറ്റഡ് GST എന്നീ നികുതികൾ ചേർന്നതാണ് ജി എസ് ടി.
എങ്ങനെ ബാധിക്കും?
സാധാരണ ജനങ്ങളെ ഈ നികുതി പരിഷ്ക്കരണം എങ്ങനെ ബാധിക്കും എന്നിടത്താണ് ഏതൊരു നിയമത്തിന്റെയും വിജയ പരാജയങ്ങൾ നില കൊള്ളുന്നത്. നിലവിലെ അവസ്ഥയിൽ നാം ഒരു ഉത്പന്നം വാങ്ങുമ്പോൾ എന്തെല്ലാം നികുതികൾ അതിന്മേൽ നാം നൽകുന്നുണ്ട് എന്നറിയുക അസാധ്യമായിരുന്നു. എന്നാൽ ജി എസ് ടി വന്നതോട് കൂടി അതിൽ ഗവണ്മെന്റ് എത്ര തുക അതിൽ നിന്നും നികുതി സ്വീകരിച്ചു എന്ന് ഓരോ ഉപഭോക്താവിനും അറിയാൻ സാധിക്കും. ജി എസ് ടി വരുന്നതോടു കൂടി ഭൂരിഭാഗം ഉല്പന്നങ്ങൾക്കും നികുതി കുറയുന്നതായാണ് കാണുന്നത്. പക്ഷെ, ഉപഭോക്താക്കളിലേക്ക് ഇതിന്റെ ഗുണഫലങ്ങൾ എത്തുവാൻ സാധ്യത വളരെ കുറവാണ്. നികുതിയുടെ നെറ്റ് വർക്കിൽ ഇപ്പോഴുള്ള കച്ചവടക്കാർ വളരെ കുറവാണ് എന്നതാണ് കാരണം.
താൽക്കാലിക പ്രതിഭാസങ്ങൾ
നിലവിൽ മാർക്കറ്റിലുള്ള എല്ലാ ഉൽപന്നങ്ങളും എക്സൈസ് ഡ്യൂട്ടി, സെസ്സ് തുടങ്ങിയ നികുതികൾ നല്കിയവയാണ്. അവക്ക് ജി എസ് ടി നൽകുമ്പോൾ 14 ശതമാനം വരെ വർദ്ധനവ് ഉണ്ടാകും. അതിൽ താഴെ മാത്രം മാർജിൻ ഉള്ള ഒരുപാട് പ്രൊഡക്ടുകൾ മാർക്കറ്റിൽ ഉള്ള സ്ഥിതിക്ക് ഇത് എം ആർ പി യിൽ വിറ്റാൽ കച്ചവടക്കാർക്ക് നഷ്ടം വരും. സൂപ്പർ സ്റ്റോക്കിസ്റ്റ് / സി & എഫ് ഏജന്റ് , ഡിസ്ട്രിബൂട്ടർ, ഹോൾസെയിലെർ, റീറ്റെയ്ലർ എന്നിങ്ങനെ നിലവിലെ മാർക്കറ്റിങ് സംവിധാനം വിപുലമാണ്. ഇവരെല്ലാവരും പുതിയ സംവിധാനത്തിലേക്ക് മാറുവാൻ എടുക്കുന്ന കാലതാമസം വിപണിയിൽ ഉത്പന്നങ്ങളുടെ ക്ഷാമം ഉണ്ടാക്കും. ഇപ്പോഴും ചില പ്രൊഡക്ടുകളുടെ നികുതി നിരക്കിനെ സംബന്ധിച്ചു ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതും വിപണിയിൽ ക്ഷാമമുണ്ടാക്കും.
ഗുണഫലങ്ങൾ
20 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള എല്ലാ കച്ചവടക്കാരും രെജിസ്ട്രേഷൻ എടുക്കണമെന്നാണ് നിയമം. കേരളീയ സാഹചര്യത്തിൽ ഇത് വലിയൊരു പരിധിയല്ല. കൂടാതെ ജി എസ് ടി യെക്കുറിച്ചുള്ള അമിതമായ ആശങ്കകൾ എല്ലാ കച്ചവടക്കാരെയും അതിന്റെ കീഴിൽ വരാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ സ്ഥാപനങ്ങൾ നികുതി ശൃംഖലയിൽ എത്തും. അത് രാജ്യത്തിൻറെ നികുതി വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കും. അതോടൊപ്പം ഇത് കച്ചവടത്തിൽ ഇന്ന് നിലവിലുള്ള വിലകുറച്ച് വിൽക്കൽ, മോശം സാധനങ്ങൾ നൽകൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ഒരുപാട് അനാശാസ്യ പ്രവണതകൾക്ക് തടയിടും. ഇത് മാന്യമായി, നിയമ വിധേയമായി കച്ചവടം ചെയ്യുന്നവർക്ക് ഗുണം ചെയ്യുമെന്നു സാരം. കൂടാതെ അമിത ലാഭമെടുത്തുള്ള കച്ചവടങ്ങൾക്കും ലോക്ക് വീഴും. ഇന്ത്യ മുഴുവൻ ഒരേ നികുതി വരുമ്പോൾ വിപണി കൂടുതൽ മത്സരക്ഷമമാവുകയും അന്തർ സംസ്ഥാന വില്പനകൾ കൂടുകയും ചെയ്യും. ഇത് സാധാരണ കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും തുറന്നു തരുന്ന അവസരങ്ങൾ വലുതാണ്. ഇന്ത്യ മുഴുവൻ വിശാലമായ ഒരു വിപണി എന്നത് മോഹിപ്പിക്കുന്ന ഒന്ന് തന്നെയാണ്. കൂടാതെ ചില കുത്തകകൾ കയ്യടക്കി വെച്ചിരിക്കുന്ന കച്ചവടങ്ങളിലെ (ഉദാ: ഇറച്ചിക്കോഴി) അമിത ലാഭം നിയന്ത്രിക്കപ്പെടും. കേരളം പോലെയുള്ള സംസ്ഥാനത്ത് ഇത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
ദോഷഫലങ്ങൾ
ഇപ്പോൾ നികുതിവലയുടെ ഉള്ളിലുള്ള കച്ചവടക്കാർ വളരെ കുറവാണ്. നികുതി നൽകാതെ വരുന്ന സാധനങ്ങളുടെ വിലക്കുറവ് ഉപഭോക്താക്കൾക്ക് നൽകി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് സാധാരണ കച്ചവടക്കാർ പയറ്റുന്ന തന്ത്രം. തൊട്ടപ്പുറത്തെ, അടുത്ത മാർക്കറ്റിലെ വിലയേക്കാൾ എങ്ങനെ കുറയ്ക്കാം എന്നാണ് മിക്ക കച്ചവടക്കാരും ചിന്തിക്കുന്നത്. ഇവർ നികുതിശൃംഖലയിൽ വരുമ്പോൾ ആ വിലക്കുറവ് ഇല്ലാതാകുവാനാണ് സാധ്യത. നിലവിൽ എക്സൈസ് ഡ്യൂട്ടിയുടെ പരിധിയിൽ പെടാത്ത ചെറുകിട സ്ഥാപനങ്ങൾക്കും ഇനി വലിയ നികുതി നൽകേണ്ടി വരും. (ചെറുകിട സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിലക്കുറവിൽ മാർകെറ്റിൽ ലഭിക്കുന്നുണ്ട്). ഹാൻഡ് മെയ്ഡ് ഉത്പന്നങ്ങൾക്ക് മെഷീൻ മെയ്ഡ് ഉത്പന്നങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ നികുതിയാണ് ഈടാക്കിയിരുന്നത്. ഇതുപോലെ ഖാദി ഉല്പന്നങ്ങൾക്കും നികുതിയിളവ് ഉണ്ടായിരുന്നു. ഇത്തരമൊരു നികുതിയിളവ് ജി എസ് ടി യിൽ ഇതുവരെ ഇല്ല. ഇങ്ങനെ വൻകിട/ ചെറുകിട വ്യത്യാസമില്ലാതെ ഒരേ നികുതി ഈടാക്കുന്നത് ചെറുകിട വ്യവസായങ്ങളുടെ തകർച്ചക്ക് വഴിയൊരുക്കുകയും കുത്തകാധിപത്യത്തിലേക്കു നയിക്കുകയും ചെയ്യും. ഇത് പോലെ തന്നെ യാതൊരു പരിരക്ഷയും ഉറപ്പില്ലാത്ത അവസ്ഥയിൽ പ്രാദേശിക വ്യവസായങ്ങൾ തകർച്ചയിലേക്ക് നീങ്ങും. ഇതോടുകൂടി റീറ്റെയ്ൽ മേഖല ചില വൻകിട കുത്തകളുടെ മാത്രം നിയന്ത്രണത്തിലാകാനാണ് സാധ്യത. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിലക്കയറ്റത്തിലേക്ക് നയിക്കും. അതുപോലെ തന്നെ കമ്പ്യൂട്ടറിന്റെയും ടാക്സ് കൺസൽട്ടന്റിന്റെയും സഹായമില്ലാതെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വരുന്നത് ബിസിനസിന്റെ ചെലവ് വർദ്ധിപ്പിക്കും.
സൈൻ ഔട്ടിന് മുമ്പ്
ഏതൊരു കാര്യത്തെയും പോലെ നടപ്പിലായതിനു ശേഷം മാത്രമേ ജി എസ് ടി യുടെ ഗുണദോഷങ്ങൾ പൂർണമായി വിലയിരുത്താനാവൂ. നിലവിലെ അറിവ് വെച്ച്, ഇപ്പോൾ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന വിലക്കുറവ് എന്നത് അസംഭവ്യമാണ്. ബിസിനസിലെ അനാശാസ്യപ്രവണതകൾ ഇല്ലാതാകും എന്നതാണ് ജി എസ് ടി യിലെ ഞാൻ കാണുന്ന ഏറ്റവും വലിയ മേന്മ. അതോടു കൂടി സർക്കാരിന്റെ നികുതിവരുമാനം കൂടുകയും ചെയ്യും. പക്ഷെ, അഴിമതി അതിന്റെ സർവ്വ ശൗര്യത്തോടും കൂടി കൊടി കുത്തി വാഴുന്ന നമ്മുടെ നാട്ടിൽ അത് സാധാരണ ജനങ്ങൾക്ക് പ്രയോജന പ്രദമാകും എന്ന ചിന്ത വളരെ മനോഹരമായ നടക്കാത്ത സ്വപ്നം മാത്രമാകാനാണ് സാധ്യത.
അവലംബം : കടക്കാരുമായും സുഹൃത്തുക്കളുമായുമുള്ള എന്റെ ചർച്ചകളും ഞാൻ പങ്കെടുത്ത ക്ളാസ്സുകളും.

No comments:
Post a Comment