Saturday, July 21, 2012

നവോത്ഥാനത്തിന്‍റെ ജീര്‍ണമുഖം

നവോത്ഥാനത്തിന്‍റെ ജീര്‍ണമുഖം

പരിശുദ്ധ ഖുര്‍ആനില്‍ ഇരുപതാമത്തെ അദ്ധ്യായമായ സൂറത്തുത്വാഹയില്‍ ഒരു ഭാഗമുണ്ട്. ഫിര്‍ഔനിന്‍റെ അടുക്കലേക്കു പ്രബോധനത്തിനായി മൂസ നബിയേയും ഹാറൂന്‍ നബിയേയും നിയോഗിക്കുന്നതാണ് രംഗം. അവിടെ അല്ലാഹു പറയുന്നു. " നിങ്ങള്‍ രണ്ടു പേരും ഫിര്‍ഔനിന്‍റെ അടുക്കലേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. അവനോടു നിങ്ങള്‍ സൌമ്യമായ വാക്കുകള്‍ പറയുക. ചിലപ്പോള്‍ അവന്‍ കാര്യങ്ങള്‍ സ്മരിച്ചേക്കാം അല്ലെങ്കില്‍ ( അല്ലാഹുവെ) ഭയപ്പെട്ടേക്കാം". സത്യത്തില്‍ ലോകാവസാനം വരെയുള്ള പ്രബോധകര്‍ക്ക്‌ വഴികാട്ടിയാവേണ്ട വാക്യങ്ങളാണിവ. ലോകത്തിലെ ഏറ്റവും വലിയ അക്രമിയുടെ അടുത്ത് പോലും എങ്ങിനെയിരിക്കണം പ്രബോധനം എന്ന് വ്യക്തമാക്കുകയാണിവിടെ. പ്രബോധിതന്‍ അല്ലാഹുവെ സ്മരിച്ചേക്കാമെന്നും ഭയപ്പെട്ടേക്കാമെന്നുമുള്ള ചിന്തയാണ് പ്രബോധകനെ മുന്നോട്ടു നയിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കാണുന്ന പ്രബോധന രീതിയെന്താണ് ? പ്രബോധനമെന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം നടക്കേണ്ടതാണെന്ന രൂപത്തിലുള്ള പരിപാടികള്‍. ആ പ്രബോധനത്തിന്റെ ചേരുവകള്‍ പരിഹാസവും കളിയാക്കലും ആയി മാറിക്കഴിഞ്ഞിരിക്കുന്നു. വെട്ടിമുറിച്ചതും അല്ലാത്തതുമായ LCD ക്ളിപ്പുകളാണ് ഈ രംഗത്തെ നൂതന രീതി. ഓരോ പ്രസംഗകനെയും നയിക്കുന്നത് ജയിക്കുവാനുള്ള വാശിയും ആവേശവും മാത്രം. ഒരു കോമെഡി പ്രോഗ്രാം കണ്ട സന്തോഷത്തിലാണ് പലപ്പോഴും ശ്രോതാക്കള്‍ പിരിഞ്ഞു പോകുന്നത്. വിവേകത്തിനോ ബുദ്ധിക്കോ പ്രവാചക മാതൃകക്കോ ഇവിടെ സ്ഥാനമില്ലാതായിരിക്കുന്നു. നബി (സ) സ്വയം പരിചയപ്പെടുത്തുന്നത് കാണുക. ഞാന്‍ ഒരു തീ കത്തിച്ചവനെ പോലെയാണ്. തീ കണ്ടു അതിലേക്കു പ്രാണികളും വണ്ടുകളും പാറി വരുന്നു. അയാള്‍  അവയെ ആട്ടിയകറ്റിക്കൊണ്ടിരിക്കുന്നു. അതുപോലെ ഞാന്‍ നിങ്ങളെ അരക്കെട്ടില്‍ പിടിച്ചു  നരകത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. നിങ്ങളാകട്ടെ നരകത്തിലേക്ക് തന്നെ കുതിച്ചു കൊണ്ടിരിക്കുന്നു. വളരെയധികം സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നബിവചനമാണിത്. പ്രബോധിത സമൂഹത്തിന്‍റെ പരലോക മോക്ഷമായിരിക്കണം ലക്‌ഷ്യം. അല്ലാതെ പ്രബോധകന്റെ വിജയമോ മറുവിഭാഗത്തെ അടിച്ചിരുത്തലോ ഒന്നും ആയിരിക്കരുത്. മതം ഗുണകാംക്ഷയാണ് എന്ന നബിവചനത്തിന്റെയും  സാരാംശം മറ്റൊന്നല്ല. സമാന രീതിയിലുള്ള ആയത്തുകളും നബിവചനങ്ങളും ഇനിയും കാണാനാവും.   കേരള മുസ്ലിം നവോത്ഥാന നായകര്‍ പടുത്തുയര്‍ത്തിയ മുജാഹിദ് പ്രസ്ഥാനം നേരിട്ട പിളര്‍പ്പിനു ശേഷമാണു ഇത്തരം മോശമായ രീതികള്‍ പ്രബോധനരംഗത്തേക്ക് കടന്നു വന്നത് എന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്ന ഒന്നാണ്. സ്വന്തം ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയും മറ്റുള്ളവര്‍ക്ക് അവരുടെ ആദര്‍ശവും പ്രസ്ഥാനവും പ്രിയപ്പെട്ടതാണെന്ന തിരിച്ചറിവുണ്ടാകുകയും ചെയ്തു എന്നതാണ് മുന്‍കാല ഇസ്‌ലാഹി  നേതാക്കളുടെ മഹത്വം. ബസ്‌ ചാര്‍ജ് ഇല്ലാത്തതിനാല്‍ അവര്‍ കിലോമീറ്ററുകള്‍ നടന്നു സഞ്ചരിച്ചു. ആരുടേയും തണലില്ലാതെ, ആനയിക്കാന്‍ പരിവാരങ്ങളില്ലാതെ, പ്രസംഗിക്കാന്‍ വേദിയോ മൈക്കോ ഇല്ലാതെ അവര്‍ പ്രബോധനം നടത്തി. കൂക്കിവിളിയും കല്ലേറും ഏറ്റുവാങ്ങി. അവരൊക്കെ ലക്‌ഷ്യം വെച്ചത് അല്ലാഹുവിന്റെ പ്രീതിയും പരലോകമോക്ഷവുമായിരുന്നു. അവരാരും ജനങ്ങളെ തിരിച്ചു കൂക്കിവിളിച്ചില്ല, കല്ലെറിയാന്‍ നിന്നില്ല. കേസിന് പോലും പോയില്ല.  എല്ലാം അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ജിഹാദായി അവര്‍ കണ്ടു. തങ്ങളുടെ വെറുപ്പും എതിര്‍പ്പും ആദര്‍ശപരം മാത്രമായിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.  എന്നാല്‍ ഒരു ബഹുമത സമൂഹത്തില്‍ നിലനിര്‍ത്തേണ്ട മിനിമം മര്യാദകള്‍ പോലും പാലിക്കാതെയാണ് ഇപ്പോഴുള്ള സോ കോള്‍ഡ്  പ്രബോധന പ്രവര്‍ത്തനങ്ങള്‍ എന്ന് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട്. വാദ കോലാഹലങ്ങളും ഏറ്റുമുട്ടലുകളും പ്രബോധന സ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാവുന്ന രൂപത്തിലേക്ക് പ്രബോധനത്തെ എത്തിച്ചിരിക്കുന്നു. ഈ രാജ്യത്തു നമുക്ക് ലഭിച്ചിട്ടുള്ള മതപ്രചാരണ സ്വാതന്ത്ര്യം വിലക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. ഇനിയും ഇത്തരത്തിലുള്ള രീതികള്‍ തുടര്‍ന്നാല്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരികള്‍ വിലക്കേര്‍പ്പെടുത്തുന്ന സമയം അതിവിദൂരമല്ല. അത്തരം ഭീതിദമായ സാഹചര്യം ഉണ്ടാകുന്നതിനു മുമ്പേ മുസ്‌ലിം സംഘടനാ നേതൃത്വത്തില്‍ നിന്ന് യുക്തിസഹമായ സമീപനം വിശ്വാസികളും അനുയായികളും  പ്രതീക്ഷിക്കുന്നുണ്ട്.   

No comments:

Post a Comment