ആത്മസംസ്ക്കരണം അതിപ്രധാനം

ആത്മാവും അതിന്‍റെ സംവിധാനവും തന്നെയാണ് സത്യം. അതിനു നാം അതിന്‍റെ ശരിതെറ്റുകളെക്കുറിച്ച് ബോധനം നല്‍കിയിരിക്കുന്നു . ആര് അതിനെ സംസ്ക്കരിച്ചുവോ അവന്‍ വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന്‍ പരാജയമടഞ്ഞിരിക്കുന്നു (വിശുദ്ധ ഖുര്‍ആന്‍ 91: 7-10)
ഒരാള്‍ അല്ലാഹുവില്‍ വിശ്വസിച്ചു കഴിഞ്ഞാല്‍ പിന്നെ ആദ്യം ചെയ്യേണ്ടത് ആത്മസംസ്ക്കരണമാണ്
ആത്മസംസ്ക്കരണമെന്നാല്‍ എന്താണെന്നു പലര്‍ക്കും മനസ്സിലാവാറില്ല . യഥാര്‍ത്ഥത്തില്‍ ആത്മാവിന്‍റെ ശുദ്ധീകരണമാണ് അതുകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്. തന്‍റെ ഹൃദയത്തിലുള്ള അഴുക്കുകളെയും വൃത്തികേടുകളെയും ഒഴിവാക്കി ശുദ്ധീകരിക്കുക. അതിനു ഏറ്റവുമാദ്യം വേണ്ടത് വൃത്തികേടുകളെ വൃത്തികേടുകളായിത്തന്നെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ദുഃഖകരമെന്നു പറയാം നമുക്ക് തീരെ സാധിക്കാത്ത കാര്യമാണിത്. എന്ന് മാത്രമല്ല, ഈ വൃത്തികേടുകളെയും അഴുക്കുകളെയും, അലങ്കാരമായി മനസ്സിലാക്കുകയും ചെയ്യുന്നു. ഉദാഹരണമായി നബി(സ)യുടെ ശക്തമായ ഒരു ഉപദേശമാണല്ലോ കോപിക്കരുത് എന്നുള്ളത്. എന്നാല്‍ കോപിക്കുന്ന പലരുടെയും മറുപടി "ഞാന്‍ ദേഷ്യപ്പെടേണ്ടതുണ്ടായിരുന്നു" അല്ലെങ്കില്‍ "എന്‍റെ കോപം ഇസ്‌ലാം അനുവദിച്ച കോപമാണ് " "അത് എന്റെ സ്വഭാവമാണ്"എന്ന രൂപത്തിലാണ്. ആത്മസംസ്ക്കരണത്തിന്റെ അഭാവമാണ് യഥാര്‍ത്ഥ കാരണം. ഖുര്‍ആന്‍ പറയുന്നു." അജ്ഞരായ ജനങ്ങളിലേക്ക് അവരില്‍ നിന്ന് തന്നെയുള്ള ദൂതനെ നിയോഗിച്ചു കൊടുത്തവനാകുന്നു അവന്‍. അവര്‍ക്ക് അവന്‍റെ ദൃഷ്ടാന്തങ്ങള്‍ (ആയത്തുകള്‍) ഓതി കേള്‍പ്പിക്കുകയും അങ്ങനെ അവരെ സംസ്ക്കരിക്കുകയും എന്നിട്ട് അവര്‍ക്ക് കിതാബും ഹിക്മതും (വേദഗ്രന്ധവും തത്വജ്ഞാനവും)പഠിപ്പിക്കുവാന്‍ വേണ്ടി. തീര്‍ച്ചയായും അതിനു മുമ്പ് അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ ആയിരുന്നു (62 :2) ആയത്തുകളോതി ശുദ്ധീകരിക്കുക എന്നതാണത്രേ നബി(സ) യുടെ നിയോഗം. ഒന്നാലോചിച്ചു നോക്കൂ. നബി(സ) മദ്യം നിരോധിച്ചിരിക്കുന്നു എന്നറിഞ്ഞ ഉടനെ മദ്യത്തിന്‍റെ വലിയ ശേഖരങ്ങള്‍ തച്ചു തകര്‍ക്കുവാന്‍ സ്വഹാബികള്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. അവരാരും തങ്ങള്‍ ശേഖരിച്ചു മദ്യം ഒന്ന് വിറ്റുതീരട്ടെ എന്നിട്ട് ഒഴിവാക്കാം എന്ന് വിചാരിച്ചു കാത്തുനിന്നില്ല. മദ്യപിച്ചു അബോധത്തിലും അര്‍ദ്ധബോധത്തിലും ആയിരുന്ന ആളുകള്‍ പോലും ആ കല്പന ഉടനെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി. മദീനയുടെ തെരുവീഥികളില്‍ മദ്യത്തിന്‍റെ പുഴകള്‍ ഒഴുകി എന്ന് വീറോടെ പ്രസംഗിച്ചു നാം അഭിമാനം കൊള്ളുന്നതല്ലാതെ അവര്‍ക്ക് എങ്ങനെ അതു സാധിച്ചു എന്ന് നാം ആലോചിക്കാറില്ല. യുദ്ധമുഖത്ത് നബി(സ) യുടെ നേര്‍ക്ക് വന്ന അമ്പുകള്‍ സ്വശരീരത്തില്‍ ഏറ്റുവാങ്ങിയ സ്വഹാബത്ത്. സ്വന്തം ശരീരത്തേക്കാളും ധനത്തെക്കാളും മറ്റെന്തിനെക്കാളും നബി(സ) യെ സ്നേഹിക്കണം എന്ന കല്പന അവര്‍ നിറവേറ്റുകയായിരുന്നു.അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. നബി(സ) യുടെ ഏതു കല്പനയും വിധിവിലക്കുകളും അണുവിട തെറ്റാതെ നിറവേറ്റുവാന്‍ അവര്‍ തയ്യാറായിരുന്നു. എന്തായിരിക്കും കാരണം? അവരുടെ മുമ്പിലുണ്ടായിരുന്ന വിശുദ്ധ ഖുര്‍ആന്‍ ഇന്നും അതേ പോലെ നമ്മുടെ മുമ്പിലുണ്ടായിട്ടും എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല.? കാലഘട്ടത്തിന്‍റെ കുഴപ്പമാണോ? അതോ ഇസ്‌ലാമിന്റെയോ? അതോ നമ്മുടെ തന്നെയോ? ആലോചിച്ചിട്ടുണ്ടോ നാം? ഒന്ന് ആലോചിക്കേണ്ടേ?
അവര്‍, ആ സ്വഹാബിവര്യന്മാര്‍, ഇസ്‌ലാമിനെ, ഖുര്‍ആനെ ഹൃദയം കൊണ്ട് ഏറ്റുവാങ്ങി. നാമും അവരും തമ്മിലുള്ള പ്രധാന വ്യത്യാസം ഇവിടെയാണ്. നാം ഇസ്‌ലാമിനെ ഏറ്റുവാങ്ങിയത് നമ്മുടെ തലച്ചോറു കൊണ്ടാണ്. അതുകൊണ്ട് തന്നെ തലയുടെ ബോധം നഷ്ടപ്പെടുന്ന വൈകാരികാവസ്ഥകളില്‍ നാം ഇസ്‌ലാമിനെ ഒഴിവാക്കുന്നു. ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ആയത്തില്‍ ആത്മാവിനു ശരിതെറ്റുകളെക്കുറിച്ചുള്ള അവബോധം നല്‍കി എന്ന് പറയുന്നു. അപ്പോള്‍ എന്താണ് ശരി എന്താണ് തെറ്റ് എന്ന് ഓരോരുത്തരുടെയും ആത്മാവിനു അറിയാമെന്നര്‍ത്ഥം. അപ്പോള്‍ ആത്മാവിനെ വിമലീകരിച്ചു അതിന്റെ തനതു അവസ്ഥയിലേക്ക് (ഫിത്വ് റത്ത് ) എത്തിച്ചാല്‍ നമ്മള്‍ വിജയികളായി. അതിനെ ശുദ്ധീകരിക്കാതെ അശുദ്ധമായ അവസ്ഥയില്‍ തന്നെ ജീവിച്ചാല്‍ നാം പരാജിതരാവും. മലീമസമായ ചുറ്റുപാടുകളില്‍ ജീവിച്ചു അശുദ്ധമാക്കപ്പെട്ട ആത്മാവിനെ എങ്ങനെ ശുദ്ധീകരിക്കും? അതിനാണ് അല്ലാഹു നമുക്ക് അനുഗ്രഹമായി നബി(സ)യെ അയക്കുകയും വിശുദ്ധ ഖുര്‍ആനെ അവതരിപ്പിച്ചു തരികയും ചെയ്തത്. ആ വിശുദ്ധ ഇന്നും അതേ പടി നമ്മുടെ മുമ്പിലുണ്ട്. നബി(സ) യുടെ ജീവിതവും സ്ഥിരപ്പെട്ട ഹദീസുകളായി ഇന്ന് നമ്മുടെ മുമ്പിലുണ്ട്. അതുപയോഗിച്ചു നാം നമ്മുടെ ഹൃദയത്തെ സംസ്ക്കരിക്കുക. ശുദ്ധീകരിക്കുക. അതിനു ആദ്യമായി വേണ്ടത് അങ്ങനെ ശുദ്ധീകരിക്കപ്പെടാനുള്ള തീവ്രമായ ആഗ്രഹവും സംസ്ക്കരിക്കപ്പെടും എന്ന ഉറച്ച വിശ്വാസവുമാണ്. കൂടാതെ ഖുര്‍ആനു മായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുക. അര്‍ത്ഥവും ആശയവും അറിഞ്ഞു കൊണ്ടുള്ള പാരായണം ഒരു ചര്യയാക്കുക. തസ്കിയത് വര്‍ദ്ധിപ്പിക്കുന്ന സംസാരങ്ങള്‍ കൂട്ടുക. മറ്റുള്ള സംസാരങ്ങള്‍ പരമാവധി ഒഴിവാക്കുക. അത്തരത്തില്‍ വിമലീകരിക്കപ്പെട്ട ഹൃദയവുമായി ജീവിക്കുന്നവരുടെ ഇഹലോകജീവിതം തന്നെ സമാധാന പൂര്‍ണവും സംതൃപ്തവുമായിരിക്കും. അവരെ അല്ലാഹു സ്വര്‍ഗത്തിലേക്ക് ഇങ്ങനെ സ്വാഗതം ചെയ്യും. " ഹേ സമാധാനമടഞ്ഞ ആത്മാവേ, നീ നിന്‍റെ രക്ഷിതാവിലേക്ക് തൃപ്തിപ്പെട്ടു കൊണ്ടും തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്‍ക . എന്നിട്ട് എന്‍റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക." (87: 27-30) അവര്‍ക്ക് പരലോകത്തു കണക്കറ്റ പ്രതിഫലവുമുണ്ടായിരിക്കും. അതിനു നാം ആദ്യം ചെയ്യേണ്ടത് വിശ്വാസത്തെ ഹൃദയത്തില്‍ സന്നിവേശിപ്പിക്കുക എന്നതാണ്. ഹൃദയത്തില്‍ ഇസ്‌ലാം ചെന്നെത്തണമെങ്കില്‍ ആദ്യം ഹൃദയം വിമലീകരിക്കപ്പെടേണ്ടതുണ്ട്. അതിനു ഖുര്‍ആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക. എപ്പോഴും ഏതു സമയത്തും സ്വന്തം പരലോകമോക്ഷത്തെപ്പറ്റി ആലോചിക്കുക. "വിശ്വാസികളെ, നിങ്ങള്‍ സ്വന്തത്തെയും കുടുംബത്തെയും കല്ലുകളും മനുഷ്യരും ഇന്ധനമായിട്ടുള്ള നരകത്തില്‍ നിന്ന് കാത്തുരക്ഷിക്കുക"(66:6). എന്നാല്‍ നമ്മുടെ അവസ്ഥയെന്താണ് ? നമ്മുടെ നിലപാടുകളിലെ ശരികളെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് നാം കൂടുതല്‍ സമയം ചിലവഴിക്കുന്നത്. എന്‍റെ /ഞങ്ങളുടെ നിലപാടാണ് ശരി എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഈ പരക്കം പാച്ചിലിനിടയില്‍ നാം സ്വന്തം കാര്യം മറന്നു പോകുന്നു. അങ്ങനെ ഇഹവും പരവും നഷ്ടപെടുത്തുന്നു. വ്യക്തമായ പ്രബോധനമല്ലാതെ മറ്റൊന്നും നബി(സ)ക്ക് പോലും ബാധ്യതയുണ്ടായിരുന്നില്ലെന്ന കാര്യം നാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അതുകൊണ്ട് വാദങ്ങളും സംവാദങ്ങളും പ്രതിവാദങ്ങളും അരങ്ങുതകര്‍ക്കുന്നു. പക്ഷെ, ആര്‍ക്കും ആരെയും ഒന്നും ബോധ്യപ്പെടുത്താനാകുന്നില്ല. ഓരോരുത്തരും അവരുടെ ഈഗോയില്‍ അഭിരമിച്ചു കൊണ്ടേയിരിക്കുന്നു. പരലോകത്തെക്കുറിച്ചുള്ള തികഞ്ഞ വിസ്മൃതിയില്‍ നാം ജീവിക്കുന്നു. എന്നിട്ട് മറ്റുള്ളവരെ പരലോകശിക്ഷയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നു.!!! തസ്കിയത്തിന്റെ അഭാവമാണ് മൂലകാരണം. പക്ഷെ ആരും അത് തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞവര്‍ തന്നെ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. ചിന്തയും അറിവും തലച്ചോറില്‍ സൂക്ഷിക്കപ്പെടുന്നു.വികാരങ്ങള്‍ ഹൃദയത്തിലും. അപ്പോള്‍ വികാരങ്ങള്‍ വരുമ്പോള്‍ ചിന്തയും അറിവും വിവേകവും നഷ്ടപ്പെടുന്നു. ചിന്താശൂന്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. കോപിക്കരുത് എന്ന് നമ്മുടെ അറിവിലുണ്ട്. പക്ഷെ കോപം വരുന്ന സമയത്ത് ഈ അറിവ് നഷ്ടപ്പെടുന്നു. കാരണം കോപം എന്ന വികാരം വരുന്നത് ഹൃദയത്തില്‍ നിന്നാണ്.അതുകൊണ്ട് കോപിക്കരുത് എന്ന ഉപദേശവും അറിവും ഫലം ചെയ്യുന്നില്ല. അതിനുള്ള പരിഹാരം ഒന്ന് മാത്രമേയുള്ളൂ . ഹൃദയവികാരങ്ങളുടെ ശുദ്ധീകരണം. പരിശുദ്ധ ഖുര്‍ആനാണ് പരിഹാരം. തീവ്രമായ ആഗ്രഹവും അചഞ്ചലമായ വിശ്വാസവും കൂടെ വേണം. ആത്മസംസ്ക്കരണം നടക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെ, സംസ്ക്കരണം നടക്കുമെന്ന അചഞ്ചലമായ വിശ്വാസത്തോടെ മുന്നോട്ടു പോവുക. അല്ലാഹു നമ്മെ ലക്ഷ്യത്തിലെത്തിക്കും. ഇന്‍ശാ അല്ലാഹ്. മുസ്‌ലിം കൈരളിക്കു പരിശുദ്ധ ഖുര്‍ആന്റെ പരിഭാഷയും വ്യാഖ്യാനവും മലയാളഭാഷയില്‍ സമര്‍പ്പിച്ച പണ്ഡിതന്‍ മര്‍ഹൂം മുഹമ്മദ് അമാനി മൌലവി സൂറത്തു ഖാഫിലെ അവസാന ആയത്തിനു നല്‍കിയ വ്യാഖ്യാനത്തിലെ ഒരു ഭാഗം നല്‍കിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. 27 വര്‍ഷങ്ങള്‍ക്കു മുമ്പ് 1985 ഫെബ്രുവരിയിലാണ് അവസാനഭാഗം ഇറങ്ങിയത് എന്നത് പ്രത്യേകം ഓര്‍മിക്കുമല്ലോ. "എന്‍റെ താക്കീതിനെ ഭയപ്പെടുന്നവര്‍ക്ക് ഖുര്‍ആന്‍ മുഖേന ഉപദേശം നല്‍കി ഓര്‍മ്മിപ്പിക്കുക എന്ന വാക്യം ശ്രദ്ധേയമാകുന്നു. ഇതില്‍ നിന്ന് ചിലകാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവെക്കുറിച്ചും മതത്തെക്കുറിച്ചും ജനങ്ങളെ ബോധാവാന്മാരാക്കുന്നതില്‍ മറ്റേതിനേക്കാളും ഉപയോഗപ്രദമായിരിക്കുക വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളായിരിക്കും ആവശ്യവും സന്ദര്‍ഭവുമനുസരിച്ചു നബി(സ) തിരുമേനിയുടെ ഹദീസുകള്‍ മുഖേന അവക്ക് വിശദീകരണം നല്‍കാം. ഇന്നത്തെ നീട്ടി വലിച്ച പ്രസംഗങ്ങളേക്കാളും തര്‍ക്കശാസ്ത്രത്തിന്റെയും യുക്തിവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂറ്റന്‍ പ്രഭാഷണങ്ങളേക്കാളും ഫലപ്രദമാകുക അതാണെന്ന് കാണാം. അടിക്കടി ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും ഉദ്ധരിച്ചു കൊണ്ടുള്ള ഉപദേശങ്ങള്‍ കടുത്തു മരവിക്കാത്ത ഹൃദയങ്ങളില്‍ മാറ്റം വരുത്താതിരിക്കുകയില്ല (വിശുദ്ധ ഖുര്‍ആന്‍ വിവരണം വാല്യം :4 പേജ്: 3104)
No comments:
Post a Comment