Sunday, October 21, 2012
പോത്തുകള്‍ എത്തിത്തുടങ്ങി !
അവയുടെ (ബലിമൃഗങ്ങളുടെ) മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ തഖ്‌വ (ധര്‍മനിഷ്ഠ, സൂക്ഷ്മത, ഭക്തി) യാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പ്പെടുത്തി തന്നിരിക്കുന്നു. (നബിയേ) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (വിശുദ്ധ ഖുര്‍ആന്‍ 22:37)
Thursday, September 20, 2012
ആത്മസംസ്ക്കരണം അതിപ്രധാനം
ആത്മാവും അതിന്‍റെ സംവിധാനവും തന്നെയാണ് സത്യം. അതിനു നാം അതിന്‍റെ ശരിതെറ്റുകളെക്കുറിച്ച് ബോധനം നല്‍കിയിരിക്കുന്നു . ആര് അതിനെ സംസ്ക്കരിച്ചുവോ അവന്‍ വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന്‍ പരാജയമടഞ്ഞിരിക്കുന്നു (വിശുദ്ധ ഖുര്‍ആന്‍ 91: 7-10)
ഒരാള്‍ അല്ലാഹുവില്‍ വിശ്വസിച്ചു കഴിഞ്ഞാല്‍ പിന്നെ ആദ്യം ചെയ്യേണ്ടത് ആത്മസംസ്ക്കരണമാണ്
ആത്മസംസ്ക്കരണമെന്നാല്‍ എന്താണെന്നു പലര്‍ക്കും മനസ്സിലാവാറില്ല . യഥാര്‍ത്ഥത്തില്‍ ആത്മാവിന്‍റെ ശുദ്ധീകരണമാണ് അതുകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്. തന്‍റെ ഹൃദയത്തിലുള്ള അഴുക്കുകളെയും വൃത്തികേടുകളെയും ഒഴിവാക്കി ശുദ്ധീകരിക്കുക. അതിനു ഏറ്റവുമാദ്യം വേണ്ടത് വൃത്തികേടുകളെ വൃത്തികേടുകളായിത്തന്നെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ദുഃഖകരമെന്നു പറയാം നമുക്ക് തീരെ സാധിക്കാത്ത കാര്യമാണിത്. എന്ന് മാത്രമല്ല, ഈ വൃത്തികേടുകളെയും അഴുക്കുകളെയും, അലങ്കാരമായി മനസ്സിലാക്കുകയും ചെയ്യുന്നു. ഉദാഹരണമായി നബി(സ)യുടെ ശക്തമായ ഒരു ഉപദേശമാണല്ലോ കോപിക്കരുത് എന്നുള്ളത്. എന്നാല്‍ കോപിക്കുന്ന പലരുടെയും മറുപടി "ഞാന്‍ ദേഷ്യപ്പെടേണ്ടതുണ്ടായിരുന്നു" അല്ലെങ്കില്‍ "എന്‍റെ കോപം ഇസ്‌ലാം അനുവദിച്ച കോപമാണ് " "അത് എന്റെ സ്വഭാവമാണ്"എന്ന രൂപത്തിലാണ്. ആത്മസംസ്ക്കരണത്തിന്റെ അഭാവമാണ് യഥാര്‍ത്ഥ കാരണം. ഖുര്‍ആന്‍ പറയുന്നു." അജ്ഞരായ ജനങ്ങളിലേക്ക് അവരില്‍ നിന്ന് തന്നെയുള്ള ദൂതനെ നിയോഗിച്ചു കൊടുത്തവനാകുന്നു അവന്‍. അവര്‍ക്ക് അവന്‍റെ ദൃഷ്ടാന്തങ്ങള്‍ (ആയത്തുകള്‍) ഓതി കേള്‍പ്പിക്കുകയും അങ്ങനെ അവരെ സംസ്ക്കരിക്കുകയും എന്നിട്ട് അവര്‍ക്ക് കിതാബും ഹിക്മതും (വേദഗ്രന്ധവും തത്വജ്ഞാനവും)പഠിപ്പിക്കുവാന്‍ വേണ്ടി. തീര്‍ച്ചയായും അതിനു മുമ്പ് അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ ആയിരുന്നു (62 :2) ആയത്തുകളോതി ശുദ്ധീകരിക്കുക എന്നതാണത്രേ നബി(സ) യുടെ നിയോഗം. ഒന്നാലോചിച്ചു നോക്കൂ. നബി(സ) മദ്യം നിരോധിച്ചിരിക്കുന്നു എന്നറിഞ്ഞ ഉടനെ മദ്യത്തിന്‍റെ വലിയ ശേഖരങ്ങള്‍ തച്ചു തകര്‍ക്കുവാന്‍ സ്വഹാബികള്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. അവരാരും തങ്ങള്‍ ശേഖരിച്ചു മദ്യം ഒന്ന് വിറ്റുതീരട്ടെ എന്നിട്ട് ഒഴിവാക്കാം എന്ന് വിചാരിച്ചു കാത്തുനിന്നില്ല. മദ്യപിച്ചു അബോധത്തിലും അര്‍ദ്ധബോധത്തിലും ആയിരുന്ന ആളുകള്‍ പോലും ആ കല്പന ഉടനെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി. മദീനയുടെ തെരുവീഥികളില്‍ മദ്യത്തിന്‍റെ പുഴകള്‍ ഒഴുകി എന്ന് വീറോടെ പ്രസംഗിച്ചു നാം അഭിമാനം കൊള്ളുന്നതല്ലാതെ അവര്‍ക്ക് എങ്ങനെ അതു സാധിച്ചു എന്ന് നാം ആലോചിക്കാറില്ല. യുദ്ധമുഖത്ത് നബി(സ) യുടെ നേര്‍ക്ക് വന്ന അമ്പുകള്‍ സ്വശരീരത്തില്‍ ഏറ്റുവാങ്ങിയ സ്വഹാബത്ത്. സ്വന്തം ശരീരത്തേക്കാളും ധനത്തെക്കാളും മറ്റെന്തിനെക്കാളും നബി(സ) യെ സ്നേഹിക്കണം എന്ന കല്പന അവര്‍ നിറവേറ്റുകയായിരുന്നു.അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. നബി(സ) യുടെ ഏതു കല്പനയും വിധിവിലക്കുകളും അണുവിട തെറ്റാതെ നിറവേറ്റുവാന്‍ അവര്‍ തയ്യാറായിരുന്നു. എന്തായിരിക്കും കാരണം? അവരുടെ മുമ്പിലുണ്ടായിരുന്ന വിശുദ്ധ ഖുര്‍ആന്‍ ഇന്നും അതേ പോലെ നമ്മുടെ മുമ്പിലുണ്ടായിട്ടും എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല.? കാലഘട്ടത്തിന്‍റെ കുഴപ്പമാണോ? അതോ ഇസ്‌ലാമിന്റെയോ? അതോ നമ്മുടെ തന്നെയോ? ആലോചിച്ചിട്ടുണ്ടോ നാം? ഒന്ന് ആലോചിക്കേണ്ടേ?
അവര്‍, ആ സ്വഹാബിവര്യന്മാര്‍, ഇസ്‌ലാമിനെ, ഖുര്‍ആനെ ഹൃദയം കൊണ്ട് ഏറ്റുവാങ്ങി. നാമും അവരും തമ്മിലുള്ള പ്രധാന വ്യത്യാസം ഇവിടെയാണ്. നാം ഇസ്‌ലാമിനെ ഏറ്റുവാങ്ങിയത് നമ്മുടെ തലച്ചോറു കൊണ്ടാണ്. അതുകൊണ്ട് തന്നെ തലയുടെ ബോധം നഷ്ടപ്പെടുന്ന വൈകാരികാവസ്ഥകളില്‍ നാം ഇസ്‌ലാമിനെ ഒഴിവാക്കുന്നു. ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ആയത്തില്‍ ആത്മാവിനു ശരിതെറ്റുകളെക്കുറിച്ചുള്ള അവബോധം നല്‍കി എന്ന് പറയുന്നു. അപ്പോള്‍ എന്താണ് ശരി എന്താണ് തെറ്റ് എന്ന് ഓരോരുത്തരുടെയും ആത്മാവിനു അറിയാമെന്നര്‍ത്ഥം. അപ്പോള്‍ ആത്മാവിനെ വിമലീകരിച്ചു അതിന്റെ തനതു അവസ്ഥയിലേക്ക് (ഫിത്വ് റത്ത് ) എത്തിച്ചാല്‍ നമ്മള്‍ വിജയികളായി. അതിനെ ശുദ്ധീകരിക്കാതെ അശുദ്ധമായ അവസ്ഥയില്‍ തന്നെ ജീവിച്ചാല്‍ നാം പരാജിതരാവും. മലീമസമായ ചുറ്റുപാടുകളില്‍ ജീവിച്ചു അശുദ്ധമാക്കപ്പെട്ട ആത്മാവിനെ എങ്ങനെ ശുദ്ധീകരിക്കും? അതിനാണ് അല്ലാഹു നമുക്ക് അനുഗ്രഹമായി നബി(സ)യെ അയക്കുകയും വിശുദ്ധ ഖുര്‍ആനെ അവതരിപ്പിച്ചു തരികയും ചെയ്തത്. ആ വിശുദ്ധ ഇന്നും അതേ പടി നമ്മുടെ മുമ്പിലുണ്ട്. നബി(സ) യുടെ ജീവിതവും സ്ഥിരപ്പെട്ട ഹദീസുകളായി ഇന്ന് നമ്മുടെ മുമ്പിലുണ്ട്. അതുപയോഗിച്ചു നാം നമ്മുടെ ഹൃദയത്തെ സംസ്ക്കരിക്കുക. ശുദ്ധീകരിക്കുക. അതിനു ആദ്യമായി വേണ്ടത് അങ്ങനെ ശുദ്ധീകരിക്കപ്പെടാനുള്ള തീവ്രമായ ആഗ്രഹവും സംസ്ക്കരിക്കപ്പെടും എന്ന ഉറച്ച വിശ്വാസവുമാണ്. കൂടാതെ ഖുര്‍ആനു മായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുക. അര്‍ത്ഥവും ആശയവും അറിഞ്ഞു കൊണ്ടുള്ള പാരായണം ഒരു ചര്യയാക്കുക. തസ്കിയത് വര്‍ദ്ധിപ്പിക്കുന്ന സംസാരങ്ങള്‍ കൂട്ടുക. മറ്റുള്ള സംസാരങ്ങള്‍ പരമാവധി ഒഴിവാക്കുക. അത്തരത്തില്‍ വിമലീകരിക്കപ്പെട്ട ഹൃദയവുമായി ജീവിക്കുന്നവരുടെ ഇഹലോകജീവിതം തന്നെ സമാധാന പൂര്‍ണവും സംതൃപ്തവുമായിരിക്കും. അവരെ അല്ലാഹു സ്വര്‍ഗത്തിലേക്ക് ഇങ്ങനെ സ്വാഗതം ചെയ്യും. " ഹേ സമാധാനമടഞ്ഞ ആത്മാവേ, നീ നിന്‍റെ രക്ഷിതാവിലേക്ക് തൃപ്തിപ്പെട്ടു കൊണ്ടും തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്‍ക . എന്നിട്ട് എന്‍റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക." (87: 27-30) അവര്‍ക്ക് പരലോകത്തു കണക്കറ്റ പ്രതിഫലവുമുണ്ടായിരിക്കും. അതിനു നാം ആദ്യം ചെയ്യേണ്ടത് വിശ്വാസത്തെ ഹൃദയത്തില്‍ സന്നിവേശിപ്പിക്കുക എന്നതാണ്. ഹൃദയത്തില്‍ ഇസ്‌ലാം ചെന്നെത്തണമെങ്കില്‍ ആദ്യം ഹൃദയം വിമലീകരിക്കപ്പെടേണ്ടതുണ്ട്. അതിനു ഖുര്‍ആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക. എപ്പോഴും ഏതു സമയത്തും സ്വന്തം പരലോകമോക്ഷത്തെപ്പറ്റി ആലോചിക്കുക. "വിശ്വാസികളെ, നിങ്ങള്‍ സ്വന്തത്തെയും കുടുംബത്തെയും കല്ലുകളും മനുഷ്യരും ഇന്ധനമായിട്ടുള്ള നരകത്തില്‍ നിന്ന് കാത്തുരക്ഷിക്കുക"(66:6). എന്നാല്‍ നമ്മുടെ അവസ്ഥയെന്താണ് ? നമ്മുടെ നിലപാടുകളിലെ ശരികളെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് നാം കൂടുതല്‍ സമയം ചിലവഴിക്കുന്നത്. എന്‍റെ /ഞങ്ങളുടെ നിലപാടാണ് ശരി എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഈ പരക്കം പാച്ചിലിനിടയില്‍ നാം സ്വന്തം കാര്യം മറന്നു പോകുന്നു. അങ്ങനെ ഇഹവും പരവും നഷ്ടപെടുത്തുന്നു. വ്യക്തമായ പ്രബോധനമല്ലാതെ മറ്റൊന്നും നബി(സ)ക്ക് പോലും ബാധ്യതയുണ്ടായിരുന്നില്ലെന്ന കാര്യം നാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അതുകൊണ്ട് വാദങ്ങളും സംവാദങ്ങളും പ്രതിവാദങ്ങളും അരങ്ങുതകര്‍ക്കുന്നു. പക്ഷെ, ആര്‍ക്കും ആരെയും ഒന്നും ബോധ്യപ്പെടുത്താനാകുന്നില്ല. ഓരോരുത്തരും അവരുടെ ഈഗോയില്‍ അഭിരമിച്ചു കൊണ്ടേയിരിക്കുന്നു. പരലോകത്തെക്കുറിച്ചുള്ള തികഞ്ഞ വിസ്മൃതിയില്‍ നാം ജീവിക്കുന്നു. എന്നിട്ട് മറ്റുള്ളവരെ പരലോകശിക്ഷയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നു.!!! തസ്കിയത്തിന്റെ അഭാവമാണ് മൂലകാരണം. പക്ഷെ ആരും അത് തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞവര്‍ തന്നെ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. ചിന്തയും അറിവും തലച്ചോറില്‍ സൂക്ഷിക്കപ്പെടുന്നു.വികാരങ്ങള്‍ ഹൃദയത്തിലും. അപ്പോള്‍ വികാരങ്ങള്‍ വരുമ്പോള്‍ ചിന്തയും അറിവും വിവേകവും നഷ്ടപ്പെടുന്നു. ചിന്താശൂന്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. കോപിക്കരുത് എന്ന് നമ്മുടെ അറിവിലുണ്ട്. പക്ഷെ കോപം വരുന്ന സമയത്ത് ഈ അറിവ് നഷ്ടപ്പെടുന്നു. കാരണം കോപം എന്ന വികാരം വരുന്നത് ഹൃദയത്തില്‍ നിന്നാണ്.അതുകൊണ്ട് കോപിക്കരുത് എന്ന ഉപദേശവും അറിവും ഫലം ചെയ്യുന്നില്ല. അതിനുള്ള പരിഹാരം ഒന്ന് മാത്രമേയുള്ളൂ . ഹൃദയവികാരങ്ങളുടെ ശുദ്ധീകരണം. പരിശുദ്ധ ഖുര്‍ആനാണ് പരിഹാരം. തീവ്രമായ ആഗ്രഹവും അചഞ്ചലമായ വിശ്വാസവും കൂടെ വേണം. ആത്മസംസ്ക്കരണം നടക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെ, സംസ്ക്കരണം നടക്കുമെന്ന അചഞ്ചലമായ വിശ്വാസത്തോടെ മുന്നോട്ടു പോവുക. അല്ലാഹു നമ്മെ ലക്ഷ്യത്തിലെത്തിക്കും. ഇന്‍ശാ അല്ലാഹ്. മുസ്‌ലിം കൈരളിക്കു പരിശുദ്ധ ഖുര്‍ആന്റെ പരിഭാഷയും വ്യാഖ്യാനവും മലയാളഭാഷയില്‍ സമര്‍പ്പിച്ച പണ്ഡിതന്‍ മര്‍ഹൂം മുഹമ്മദ് അമാനി മൌലവി സൂറത്തു ഖാഫിലെ അവസാന ആയത്തിനു നല്‍കിയ വ്യാഖ്യാനത്തിലെ ഒരു ഭാഗം നല്‍കിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. 27 വര്‍ഷങ്ങള്‍ക്കു മുമ്പ് 1985 ഫെബ്രുവരിയിലാണ് അവസാനഭാഗം ഇറങ്ങിയത് എന്നത് പ്രത്യേകം ഓര്‍മിക്കുമല്ലോ. "എന്‍റെ താക്കീതിനെ ഭയപ്പെടുന്നവര്‍ക്ക് ഖുര്‍ആന്‍ മുഖേന ഉപദേശം നല്‍കി ഓര്‍മ്മിപ്പിക്കുക എന്ന വാക്യം ശ്രദ്ധേയമാകുന്നു. ഇതില്‍ നിന്ന് ചിലകാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവെക്കുറിച്ചും മതത്തെക്കുറിച്ചും ജനങ്ങളെ ബോധാവാന്മാരാക്കുന്നതില്‍ മറ്റേതിനേക്കാളും ഉപയോഗപ്രദമായിരിക്കുക വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളായിരിക്കും ആവശ്യവും സന്ദര്‍ഭവുമനുസരിച്ചു നബി(സ) തിരുമേനിയുടെ ഹദീസുകള്‍ മുഖേന അവക്ക് വിശദീകരണം നല്‍കാം. ഇന്നത്തെ നീട്ടി വലിച്ച പ്രസംഗങ്ങളേക്കാളും തര്‍ക്കശാസ്ത്രത്തിന്റെയും യുക്തിവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂറ്റന്‍ പ്രഭാഷണങ്ങളേക്കാളും ഫലപ്രദമാകുക അതാണെന്ന് കാണാം. അടിക്കടി ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും ഉദ്ധരിച്ചു കൊണ്ടുള്ള ഉപദേശങ്ങള്‍ കടുത്തു മരവിക്കാത്ത ഹൃദയങ്ങളില്‍ മാറ്റം വരുത്താതിരിക്കുകയില്ല (വിശുദ്ധ ഖുര്‍ആന്‍ വിവരണം വാല്യം :4 പേജ്: 3104)
Saturday, July 21, 2012
നവോത്ഥാനത്തിന്‍റെ ജീര്‍ണമുഖം
നവോത്ഥാനത്തിന്‍റെ ജീര്‍ണമുഖം
പരിശുദ്ധ ഖുര്‍ആനില്‍ ഇരുപതാമത്തെ അദ്ധ്യായമായ സൂറത്തുത്വാഹയില്‍ ഒരു ഭാഗമുണ്ട്. ഫിര്‍ഔനിന്‍റെ അടുക്കലേക്കു പ്രബോധനത്തിനായി മൂസ നബിയേയും ഹാറൂന്‍ നബിയേയും നിയോഗിക്കുന്നതാണ് രംഗം. അവിടെ അല്ലാഹു പറയുന്നു. " നിങ്ങള്‍ രണ്ടു പേരും ഫിര്‍ഔനിന്‍റെ അടുക്കലേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. അവനോടു നിങ്ങള്‍ സൌമ്യമായ വാക്കുകള്‍ പറയുക. ചിലപ്പോള്‍ അവന്‍ കാര്യങ്ങള്‍ സ്മരിച്ചേക്കാം അല്ലെങ്കില്‍ ( അല്ലാഹുവെ) ഭയപ്പെട്ടേക്കാം". സത്യത്തില്‍ ലോകാവസാനം വരെയുള്ള പ്രബോധകര്‍ക്ക് വഴികാട്ടിയാവേണ്ട വാക്യങ്ങളാണിവ. ലോകത്തിലെ ഏറ്റവും വലിയ അക്രമിയുടെ അടുത്ത് പോലും എങ്ങിനെയിരിക്കണം പ്രബോധനം എന്ന് വ്യക്തമാക്കുകയാണിവിടെ. പ്രബോധിതന്‍ അല്ലാഹുവെ സ്മരിച്ചേക്കാമെന്നും ഭയപ്പെട്ടേക്കാമെന്നുമുള്ള ചിന്തയാണ് പ്രബോധകനെ മുന്നോട്ടു നയിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കാണുന്ന പ്രബോധന രീതിയെന്താണ് ? പ്രബോധനമെന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം നടക്കേണ്ടതാണെന്ന രൂപത്തിലുള്ള പരിപാടികള്‍. ആ പ്രബോധനത്തിന്റെ ചേരുവകള്‍ പരിഹാസവും കളിയാക്കലും ആയി മാറിക്കഴിഞ്ഞിരിക്കുന്നു. വെട്ടിമുറിച്ചതും അല്ലാത്തതുമായ LCD ക്ളിപ്പുകളാണ് ഈ രംഗത്തെ നൂതന രീതി. ഓരോ പ്രസംഗകനെയും നയിക്കുന്നത് ജയിക്കുവാനുള്ള വാശിയും ആവേശവും മാത്രം. ഒരു കോമെഡി പ്രോഗ്രാം കണ്ട സന്തോഷത്തിലാണ് പലപ്പോഴും ശ്രോതാക്കള്‍ പിരിഞ്ഞു പോകുന്നത്. വിവേകത്തിനോ ബുദ്ധിക്കോ പ്രവാചക മാതൃകക്കോ ഇവിടെ സ്ഥാനമില്ലാതായിരിക്കുന്നു. നബി (സ) സ്വയം പരിചയപ്പെടുത്തുന്നത് കാണുക. ഞാന്‍ ഒരു തീ കത്തിച്ചവനെ പോലെയാണ്. തീ കണ്ടു അതിലേക്കു പ്രാണികളും വണ്ടുകളും പാറി വരുന്നു. അയാള്‍ അവയെ ആട്ടിയകറ്റിക്കൊണ്ടിരിക്കുന്നു. അതുപോലെ ഞാന്‍ നിങ്ങളെ അരക്കെട്ടില്‍ പിടിച്ചു നരകത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. നിങ്ങളാകട്ടെ നരകത്തിലേക്ക് തന്നെ കുതിച്ചു കൊണ്ടിരിക്കുന്നു. വളരെയധികം സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നബിവചനമാണിത്. പ്രബോധിത സമൂഹത്തിന്‍റെ പരലോക മോക്ഷമായിരിക്കണം ലക്‌ഷ്യം. അല്ലാതെ പ്രബോധകന്റെ വിജയമോ മറുവിഭാഗത്തെ അടിച്ചിരുത്തലോ ഒന്നും ആയിരിക്കരുത്. മതം ഗുണകാംക്ഷയാണ് എന്ന നബിവചനത്തിന്റെയും സാരാംശം മറ്റൊന്നല്ല. സമാന രീതിയിലുള്ള ആയത്തുകളും നബിവചനങ്ങളും ഇനിയും കാണാനാവും. കേരള മുസ്ലിം നവോത്ഥാന നായകര്‍ പടുത്തുയര്‍ത്തിയ മുജാഹിദ് പ്രസ്ഥാനം നേരിട്ട പിളര്‍പ്പിനു ശേഷമാണു ഇത്തരം മോശമായ രീതികള്‍ പ്രബോധനരംഗത്തേക്ക് കടന്നു വന്നത് എന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്ന ഒന്നാണ്. സ്വന്തം ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയും മറ്റുള്ളവര്‍ക്ക് അവരുടെ ആദര്‍ശവും പ്രസ്ഥാനവും പ്രിയപ്പെട്ടതാണെന്ന തിരിച്ചറിവുണ്ടാകുകയും ചെയ്തു എന്നതാണ് മുന്‍കാല ഇസ്‌ലാഹി നേതാക്കളുടെ മഹത്വം. ബസ് ചാര്‍ജ് ഇല്ലാത്തതിനാല്‍ അവര്‍ കിലോമീറ്ററുകള്‍ നടന്നു സഞ്ചരിച്ചു. ആരുടേയും തണലില്ലാതെ, ആനയിക്കാന്‍ പരിവാരങ്ങളില്ലാതെ, പ്രസംഗിക്കാന്‍ വേദിയോ മൈക്കോ ഇല്ലാതെ അവര്‍ പ്രബോധനം നടത്തി. കൂക്കിവിളിയും കല്ലേറും ഏറ്റുവാങ്ങി. അവരൊക്കെ ലക്‌ഷ്യം വെച്ചത് അല്ലാഹുവിന്റെ പ്രീതിയും പരലോകമോക്ഷവുമായിരുന്നു. അവരാരും ജനങ്ങളെ തിരിച്ചു കൂക്കിവിളിച്ചില്ല, കല്ലെറിയാന്‍ നിന്നില്ല. കേസിന് പോലും പോയില്ല. എല്ലാം അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ജിഹാദായി അവര്‍ കണ്ടു. തങ്ങളുടെ വെറുപ്പും എതിര്‍പ്പും ആദര്‍ശപരം മാത്രമായിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ ഒരു ബഹുമത സമൂഹത്തില്‍ നിലനിര്‍ത്തേണ്ട മിനിമം മര്യാദകള്‍ പോലും പാലിക്കാതെയാണ് ഇപ്പോഴുള്ള സോ കോള്‍ഡ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ എന്ന് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട്. വാദ കോലാഹലങ്ങളും ഏറ്റുമുട്ടലുകളും പ്രബോധന സ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാവുന്ന രൂപത്തിലേക്ക് പ്രബോധനത്തെ എത്തിച്ചിരിക്കുന്നു. ഈ രാജ്യത്തു നമുക്ക് ലഭിച്ചിട്ടുള്ള മതപ്രചാരണ സ്വാതന്ത്ര്യം വിലക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. ഇനിയും ഇത്തരത്തിലുള്ള രീതികള്‍ തുടര്‍ന്നാല്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരികള്‍ വിലക്കേര്‍പ്പെടുത്തുന്ന സമയം അതിവിദൂരമല്ല. അത്തരം ഭീതിദമായ സാഹചര്യം ഉണ്ടാകുന്നതിനു മുമ്പേ മുസ്‌ലിം സംഘടനാ നേതൃത്വത്തില്‍ നിന്ന് യുക്തിസഹമായ സമീപനം വിശ്വാസികളും അനുയായികളും പ്രതീക്ഷിക്കുന്നുണ്ട്.
Sunday, March 25, 2012
സ്വവര്‍ഗരതി - ഒരു മാനസികവൈകല്യമാണ്
സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതില്‍ തങ്ങള്‍ക്കു എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നു. തങ്ങളുടെ അഴകൊഴമ്പന്‍ അഭിപ്രായങ്ങള്‍ മാറ്റിവെച്ചു വ്യക്തമായ അഭിപ്രായം അറിയിക്കാനുള്ള കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കോടതി മുമ്പാകെ ഈ അഭിപ്രായം അറിയിച്ചിട്ടുള്ളത്. പുരുഷന്‍ പുരുഷനുംയും സ്ത്രീ സ്ത്രീയുമായും ലൈഗികത പങ്കിടുന്നതിനെയാണല്ലോ സ്വവര്‍ഗരതി എന്ന് വിളിക്കുന്നത്. സോദോം എന്ന പ്രദേശത്തുകാര്‍ തുടങ്ങിവെച്ച ഏര്‍പ്പാടയതിനാല്‍ ഇതിനെ സോഡോമി എന്നും വിളിക്കുന്നു. നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ കൃത്യമായി നമുക്ക് മനസ്സിലാകും ഇത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണെന്ന്. യാതൊരു ധാര്‍മിക നിയമങ്ങളും ഇല്ലാത്ത മൃഗലോകത്തു പോലും നമുക്ക് ഈ രീതി കാണുവാന്‍ സാധ്യമല്ല. എന്നാല്‍ സ്വവര്‍ഗരതി പ്രകൃതിപരമാണെന്നും മൃഗലോകത്തും സ്വവര്‍ഗരതി ഉണ്ടെന്നും സ്ഥാപിക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇവരില്‍ നിന്നുണ്ടാകുന്നുണ്ട്. സെക്സ് ആനന്ദത്തിനു വേണ്ടിയുള്ളതാണെന്നും ആനന്ദം നല്‍കുന്ന എന്തും രതിയില്‍ അനുവദനീയമാണെന്നും വാദിക്കുന്ന ആനന്ദരതി(Pleasure Sex ) യുടെ വക്താക്കളാണ് പലപ്പോഴും ഇതിന്‍റെ പ്രചാരകരായി രംഗത്ത് വരാറുള്ളത്. സ്വവര്‍ഗസ്നേഹികള്‍ ലൈംഗികന്യൂനപക്ഷമാണെന്നും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ഇവരുടെ വാദം. എന്നാല്‍ കൃത്യമായ അപഗ്രഥനം നടത്തിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും, ബാല്യകാലത്ത് ഏതെങ്കിലും തരത്തിലുള്ള പീഡ നത്തിന് ഇരയായവരാണ് ഇവരില്‍ ഭൂരിഭാഗവും. ഒരു മലയാളചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരുന്ന സ്വവര്‍ഗരതിക്കാരന്‍ തന്‍റെ ആഭിമുഖ്യം വ്യക്ത മാക്കുന്ന തിനിടെ തനിക്കു 12 വയസ്സില്‍ ലൈംഗിക പീഡനം അനുഭവിക്കേണ്ടി വന്നു എന്ന് സമ്മതിച്ചിരുന്നു. ഇത്തരത്തില്‍ സ്വവര്‍ഗസ്നേഹികളായ ഭൂരിഭാഗം പേരുടെയും ബാല്യം പീഡന ത്തിനു വിധേയമായതായി കാണാം. അമേരിക്കയില്‍ ഇത്തരത്തില്‍ സ്വവര്‍ഗസ്നേഹികളുടെ കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ മുന്നിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും ബാല്യം പീഡനം ഏറ്റുവാങ്ങിയതായി കാണാം. ആദ്യത്തെ ലൈംഗികാനുഭവത്തെ മനസ്സിലിട്ടു താലോലിക്കുന്നവര്‍ക്ക് പെട്ടെന്ന് അതില്‍ നിന്ന് വിട്ടുപോരാന്‍ സാധിക്കണമെന്നില്ല. നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളേക്കാളധികം ആണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്നു എന്നാണ് കണക്ക്. അറിയാതെയോ പ്രായത്തിന്‍റെ അപക്വത മൂലമോ അത്തരം കെണികളില്‍ ചെന്ന് പെടുകയും പിന്നീട് അതില്‍ നിന്ന് പൂര്‍ണമായി വിമുക്തമാകുവാന്‍ സാധിക്കതവരുമാണ് ഈ ലൈംഗിക വൈകൃതത്തിനു അടിമപ്പെടുന്നത്. ഇവരെ തിരിച്ചു കൊണ്ടുവരിക പ്രയാസകരമാണെങ്കിലും അസാധ്യമൊന്നുമല്ല.
2009 ജൂലായിലാണ് സ്വവര്‍ഗരതി കുറ്റകരമല്ല എന്ന ദല്‍ഹി ഹൈക്കോടതി വിധിയുണ്ടായത്. സ്വവര്‍ഗരതി, മൃഗരതി മറ്റു വൈകൃതങ്ങള്‍ എന്നിവ ശിക്ഷാര്‍ഹ മാക്കുന്ന ഭരണഘടനയിലെ വകുപ്പ് നീക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആവശ്യമുന്നയിച്ച നാസ് ഫൌണ്ടേഷന്‍ ട്രസ്റ്റ് എന്ന ഗവണ്‍മെന്റിതര സംഘടന (NGO ) പല അമേരിക്കന്‍ ഫണ്ടിംഗ് എജെന്‍സികളുടെയും പണം കൈപ്പറ്റുന്ന ഒന്നാണ് എന്നതാണ് ഇതിലെ രസകരമായ ഒരു വസ്തുത. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരാള്‍ പോലും സ്വവര്‍ഗരതി ചെയ്തതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നറിയുമ്പോഴാണ് ഇതിനു പിന്നിലെ ഉദ്ദേശശുദ്ധി വ്യക്തമാവുന്നത്. തങ്ങളുടെ ജീര്‍ണസംസ്കാരികതകള്‍ മൂന്നാം ലോകരാഷ്ട്രങ്ങളില്‍ ഇറക്കുമതി ചെയ്യാനുള്ള വ്യക്തമായ ആസൂത്രണം ഇതിനു പിന്നില്‍ കാണാനാവും. സാമ്പത്തിക, രാഷ്ട്രീയ അധിനിവേശത്തെക്കാള്‍ എളുപ്പമാണ് സാംസ്‌കാരിക അധിനിവേശം എന്ന് മനസ്സിലാക്കി അതിനു വേണ്ടി NGO കളെ സൃഷ്ടിച്ചു നിലമൊരുക്കല്‍ നടത്തുന്നത് നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ് ഏറ്റവും സങ്കടകരം. കൃത്യമായ ചികിത്സ കൊണ്ട് മാറുന്ന ഒരു വൈകൃതത്തിനു നിയമപരിരക്ഷ നല്‍കുന്നത് വഴി സമൂഹം പൂര്‍ണ അപചയത്തിലേ ക്കാണ് പോകുന്നത് എന്ന് നാം തിരിച്ചറിയാന്‍ വൈകരുത്. ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി, കൃതമായ അപഗ്രഥനം നടത്തി പ്രതിവിധികള്‍ ആരായേണ്ട ഒരു വിഷയത്തില്‍, അതിനു തയ്യാറാവാതെ, നിയമപരിരക്ഷ നല്‍കി പച്ചക്കൊടി കാട്ടാനുള്ള നിയമസംവിധാനങ്ങളുടെ വൃഗ്രത അത്യന്തം ലജ്ജാകരമാണ് എന്ന് പറയാതെ വയ്യ. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശപ്രശ്നം എന്നതില്‍ നിന്നും മാറി മാനസിക വൈകല്യം എന്ന രൂപത്തില്‍ സമീപിക്കുമ്പോള്‍ മാത്രമേ ഇതിന്‍റെ കൃത്യമായ കാരണങ്ങളും പ്രതിവിധികളും കണ്ടെത്തുവാന്‍ നമുക്ക് സാധിക്കൂ. അത്തരത്തില്‍ നമ്മുടെ ധാര്‍മിക സദാചാര മൂല്യങ്ങളെ തകര്‍ക്കുന്ന ഈ സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാന്‍ നാം ഓരോരുത്തരും മുന്നോട്ടുവരണം. അല്ലാത്ത പക്ഷം ന്യൂ യോര്‍കില്‍ നടന്നത് പോലെ "നമ്മളുടെ മക്കളെ രക്ഷിക്കുക " എന്ന ബാനറുയര്‍ത്തി പ്രകടനം നടത്തേണ്ടി വരുന്ന സമയം വിദൂരമാവില്ല.
Saturday, March 17, 2012
ഇതാകുന്നു ഇസ്‌ലാം
നമുക്കിടയില്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഇസ്‌ലാം. ഇസ്‌ലാം എന്ന പദത്തിനര്‍ത്ഥം സമര്‍പ്പണം എന്നാണ്. ഈ പ്രപഞ്ചത്തിനു ഒരു സൃഷ്ടാവ് ഉണ്ടെന്നും ആ സൃഷ്ടാവിന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിതം സൃഷ്ടാവിന് സമര്‍പ്പിക്കണമെന്നുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപാട്. ഈ പ്രപഞ്ചസൃഷ്ടാവിന് മാത്രം ആരാധനകളും പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു കൊണ്ട് ജീവിക്കണമെന്ന് പറയുമ്പോള്‍ തന്നെ സകല സൃഷ്ടിപൂജകളേയും ഇസ്‌ലാം നിരാകരിക്കുകയും സൃഷ്ടിപൂജയിലെക്കുള്ള വാതിലുകള്‍ അടക്കുകയും ചെയ്യുന്നു. നന്മകള്‍ ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചും തിന്മകള്‍ അധികരിപ്പിക്കുന്നവര്‍ക്കുള്ള വേദനയേറിയ ശിക്ഷയെക്കുറിച്ചും ഉല്‍ബോധിപ്പിക്കുന്നു. നന്മയും തിന്മയും ഏതൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം ആത്യന്തികമായി ദൈവത്തില്‍ നിക്ഷിപ്തമാണെന്നും ഇസ്‌ലാം കല്പിക്കുന്നു. ആരാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവ്? എങ്ങിനെയാണ് അവനു കീഴൊതുങ്ങി ജീവിക്കേണ്ടത്? എന്തുകൊണ്ടാണ് നന്മതിന്മകളെ തരംതിരിക്കാനുള്ള അന്തിമാധികാരം ദൈവത്തില്‍ നിക്ഷിപ്തമാണ് എന്ന് പറയുന്നത്?. ഒരു മില്ലി മീറ്ററിന്റെ പതിനായിരത്തില്‍ ഒരംശം മാത്രം വലുപ്പമുള്ള കോശങ്ങള്‍. അത്തരം ഒരു കോശത്തില്‍ 970 വാല്യം എന്സൈക്ലോപീഡിയയിലെ വിവരങ്ങള്‍ ശേഖരിച്ചു വെക്കാം. ഇതുവരെ ഈ ഭൂമുഖത്ത് ജീവിച്ചിട്ടുള്ള എല്ലാ ജീവിവര്‍ഗങ്ങളുടെയും ഓരോ കോശം വീതം എടുത്തു കൂട്ടിവെച്ചാല്‍ അതിനുമൊത്തം നമ്മുടെ കൈവെള്ളയുടെ അത്ര സ്ഥലം പോലും വേണ്ടിവരില്ല. ഇങ്ങേയറ്റത്ത് അനന്ത വിസ്തൃതമായ പ്രപഞ്ചം. ഭൂമി - അതുള്‍ക്കൊള്ളുന്ന സൌരയൂഥം. അതിന്റെ കേന്ദ്രമായ സൂര്യന് 13ലക്ഷം ഭൂമിയെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. അതു പോലെയുള്ള നാല്‍പതിനായിരം കോടി നക്ഷത്രക്കൂട്ടങ്ങളുള്ള മില്കി വേ എന്ന നമ്മുടെ ഗാലക്സി. അതുപോലെയുള്ള പതിനായിരമോ ഇരുപതിനായിരമോ കോടി ഗാലക്സികള്‍. ഇതെല്ലം ഇതുവരെ കണ്ടെത്തിയത് മാത്രം. യഥാര്‍ത്ഥ പ്രപഞ്ചം ഇതിലും വളരെ വലുതായിരിക്കാം എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും കൃത്യമായി സംവിധാനിക്കുകയും ചെയ്തവന്‍ ആരോ അവനാണ് ഈ ലോകത്തിന്റെ രക്ഷിതാവ്. സര്‍വചരാചരങ്ങളെയും സൃഷ്ടിക്കുകയും അവയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തവന്‍. സൂര്യനെയും ഭൂമിയും മറ്റെല്ലാ ഗോളങ്ങളെയും സൃഷ്ടിക്കുകയും കൃത്യമായ സഞ്ചാരപഥത്തിലൂടെ അവയെ സഞ്ചരിപ്പിക്കുകയും ചെയ്യുന്നവന്‍. ഈ പ്രപഞ്ച സൃഷ്ടാവ് മനുഷ്യര്‍ക്ക് മുഴുവന്‍ മാര്‍ഗദര്‍ശനമായി അവതരിപ്പിച്ച അവസാന വേദഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. അത് അതിനു മുമ്പ് അവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയും അതിന്റെ തുടര്‍ച്ച അവകാശപ്പെടുകയും ചെയ്യുന്നു. എല്ലാവരും മരണപ്പെടുമെന്നും മരണശേഷം മറ്റൊരു ജീവിതമുണ്ടെന്നും ഇഹലോകജീവിതത്തിലെ കര്‍മങ്ങള്‍ക്ക് അവിടെ അര്‍ഹമായ പ്രതിഫലം നല്‍കപ്പെടുമെന്നും ഖുര്‍ആന്‍ മനുഷ്യരെ ഓര്‍മപ്പെടുത്തുന്നു. ഇഹലോകജീവിതത്തിലെയും മരണാനന്തര ജീവിതത്തിലെയും വിജയത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അത് നല്‍കുന്നു. സുകൃത വാന്മാര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നു. ദുര്‍വൃത്തിയില്‍ മുഴുകിയവര്‍ക്കുള്ള ശിക്ഷയെപറ്റി താക്കീതു നല്‍കുന്നു. മദ്യം, പലിശ, ചൂതാട്ടം, വ്യഭിചാരം, ഏഷണി, പരദൂഷണം, അപവാദ പ്രചരണം, അന്യായ ലാഭം, അക്രമം, അനീതി എന്നിവ വര്‍ജിക്കുവാന്‍ കര്‍ശനമായി ആവശ്യപ്പെടുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുവാനും കുഞ്ഞുങ്ങളെ സ്നേഹം നല്‍കി വളര്‍ത്താനും ആവശ്യപ്പെടുന്നു. ബന്ധങ്ങള്‍, സൌഹൃദങ്ങള്‍ തുടങ്ങിയവ ഊട്ടിയുറപ്പിക്കുവാന്‍ നിര്‍ദേശിക്കുന്നു. രോഗിയെ സന്ദര്‍ശിക്കുവാനും മരണപ്പെട്ടവന്റെ അനന്തരകര്‍മങ്ങളില്‍ പങ്കെടുക്കുവാനും അവനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഉത്ബോധിപ്പിക്കുന്നു. എല്ലാ നന്മകളിലും സഹകരിക്കാനും തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും കല്പിക്കുന്നു. എത്ര കയ്പേറിയതായാലും എപ്പോഴും സത്യം മാത്രം പറയണമെന്ന് ഉദ്ഘോഷിക്കുന്നു. തന്‍റെ സഹോദരനെ പുഞ്ചിരിയോടുകൂടി അഭിമുഖീകരിക്കാനും ആശംസിക്കാനും കല്പിക്കുന്നു. ആഘോഷവേളകളില്‍ അതിരു കടക്കരുതെന്നും ആരാധനാകര്‍മങ്ങളില്‍ പോലും അതിരുകവിയരുതെന്നും പഠിപ്പിക്കുന്നു. ദരിദ്രര്‍ക്കും സാധുക്കള്‍ക്കും അനാഥകള്‍ക്കും സഹായമെത്തിക്കുവാനും സമ്പാദ്യം നിഷിദ്ധവിമുക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. ക്ഷമിക്കുവാനും വിട്ടുവീഴ്ച ചെയ്യുവാനും കോപം ഒഴിവാക്കുവാനും എതിരഭിപ്രായ ക്കാര്‍ക്ക് അവരുടെ അഭിപ്രായ സ്വാതത്ര്യം നല്‍കുവാനും കല്പിക്കുന്നു. ഏതു പ്രതിസന്ധിഘട്ടങ്ങളിലും ലോകരക്ഷിതാവിലുള്ള പ്രതീക്ഷ കൈവിടാതെ പോസിറ്റീവായി മുന്നേറാന്‍ ഉദ്ബോധിപ്പിക്കുന്നു. മനുഷ്യപ്രകൃതിക്ക് ഹാനികരമായതെന്തും ഇസ്‌ലാമില്‍ നിഷിദ്ധമാണ്. നമ്മുടെ നാട്ടില്‍ തിന്മകള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവരാണ്. പലരും നന്‍മ ഉദ്ദേശിച്ചാണ് തിന്മയില്‍ ഏര്‍പ്പെടുന്നത്. തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ പലരും അവര്‍ ചെയ്യുന്നത് ശരിയാണ് എന്ന് വിശ്വസിക്കുന്നവരാണ്. എനിക്കാരെയും ബോധിപ്പിക്കാനില്ല, എനിക്ക് എന്നെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി എന്ന അഭിപ്രയക്കാരും നിരവധി. വ്യക്തികളും സ്ഥലങ്ങളും സാഹചര്യങ്ങളും കാലഘട്ടങ്ങളും മാറുമ്പോള്‍ നന്മ തിന്മകളെ ക്കുറിച്ചുള്ള കാഴ്ചപാടുകളും മാറുന്നു. യഥാര്‍ത്ഥത്തില്‍ നന്മതിന്മകളെ ക്കുറിച്ചുള്ള ആത്യന്തികമായ അറിവ്, മനുഷ്യനെ അറിയുന്ന, അവന്‍റെ മനസ്സിന്‍റെ സഞ്ചാരങ്ങളെ കുറിച്ചറിയുന്ന, ഓരോ സെക്കന്റിലും മാറിമറിയുന്ന അവന്‍റെ വികാര വിചാരങ്ങളെക്കുറിച്ചറിയുന്ന ലോകരക്ഷിതാവില്‍ നിന്ന് മാത്രമേ ലഭിക്കൂ. അതുകൊണ്ടാണ് ഇസ്‌ലാം നന്മ തിന്മകളെ വേര്‍തിരിക്കാനുള്ള അന്തിമാധികാരം ദൈവത്തില്‍ നിക്ഷിപ്തമാക്കുന്നത്. ഈ ദൈവിക മാര്‍ഗദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും അറിയുവാനും ഓരോ സുഹൃത്തുക്കളും ശ്രമിക്കുക. അതിനുള്ള ചെറിയൊരു പ്രേരണയെങ്കിലും ഈ കുറിപ്പ് കൊണ്ട് ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഞാന്‍ കൃതാര്‍ഥനായി. Ref: http://www.universetoday.com/30305/how-many-galaxies-in-the-universe/
Subscribe to:
Posts (Atom)

