Tuesday, April 16, 2013

നമുക്ക് ക്രിയാത്മകമായി സംസാരിക്കാം

         പുതുതായി തുടങ്ങിയ എൽ കെ ജി ക്ലാസ്സിൽ ടീച്ചർ കുട്ടികളെ പരിചയപ്പെടുകയായിരുന്നു. എന്താ മോന്റെ പേര്? ടീച്ചർ ഒരു കുട്ടിയോട് ചോദിച്ചു. കുട്ടി പറഞ്ഞു " അരുത് ജോണി " ടീച്ചർക്ക് കൗതുകമായി. " അരുത് ജോണിയോ? അത്തരമൊരു പേര് ഇതുവരെ കേട്ടില്ലല്ലോ. എന്താ അങ്ങനെ?"  കുട്ടി പറഞ്ഞു " ഞാൻ എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ അപ്പോൾ അമ്മ പറയും അരുത് ജോണി എന്ന്. തീർച്ചയായും അതായിരിക്കണം എൻറെ പേര്. ( ഹൃദയത്തിനു ചോദ്യങ്ങളില്ല --- ഓഷോ)

         എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു കഥയാണിത്. ഇത് വെറുമൊരു കഥ മാത്രമല്ല എന്ന് നമ്മുടെയൊക്കെ ജീവിതമൊന്നു സ്വയം പരിശോധിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും. എത്ര മാത്രം 'അരുത്' കളാണ് ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നത്, നാം മറ്റുള്ളവരോട് , പ്രത്യേകിച്ച് നമ്മുടെ കുട്ടികളോട്, പറഞ്ഞു കൊണ്ടിരിക്കുന്നത്. എങ്ങും എവിടെയും അരുതുകൾ. നില്ക്കരുത്, നടക്കരുത്, കയറരുത്, ഇറങ്ങരുത്, തിന്നരുത്, കുടിക്കരുത്, വിളിക്കരുത്, വരരുത്, പോകരുത്, കളിക്കരുത്, പറയരുത്, കേൾക്കരുത്, കാണരുത്, മിണ്ടരുത്..........  അങ്ങനെയങ്ങനെ ഒട്ടേറെ അരുതുകൾ. നമ്മുടെ കുട്ടികൾ 'അരുത്' 'അല്ല' 'ഇല്ല' എന്ന പദങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം. കൂടുതലും മാതാപിതാക്കളാണ് പ്രതികൾ. പിന്നെ അധ്യാപകരും. ഇത്രയേറെ അരുതുകൾ കേട്ട് വളരുന്ന ഒരു കുട്ടി / മനുഷ്യൻ എന്തുമാത്രം നിഷേധാത്മകനായിട്ടായിരിക്കും വളരുക. ചുറ്റിലും കാണുന്ന എന്തിനോടും ഏതിനോടും ഒരു നിഷേധഭാവം അവൻ/ അവൾ പുലർത്തുകയും ചെയ്യും. ആവശ്യത്തിനു സ്നേഹവും വാത്സല്യവും ലഭിക്കാത്ത കുട്ടികളാണെങ്കിൽ ഇത് ഇരട്ടിയായിരിക്കും. ഇത്തരം അരുതുകൾ കേട്ട് വളരുന്ന കുട്ടികൾ അവൻറെ സർഗാത്മക കഴിവുകൾ പുറത്തെടുക്കാനാവാതെ ഉൾവലിയുന്നു. ഇനി ഈ അരുതുകൾ ആജ്ഞാപിക്കുന്നവരുടെ ടോണും മുഖഭാവവും കർക്കശം തന്നെ. പിന്നെ എങ്ങനെയാണ് നമ്മുടെ കുട്ടികൾ ക്രിയാത്മകരായി വളരുക?. എങ്ങനെയാണ് നൈസർഗിക കഴിവുകൾ പുറത്തെടുക്കുക. ഇതേ കാരണം കൊണ്ട് തന്നെയാണ് ചെറുപ്പത്തിൽ വളരെയധികം കഴിവുകൾ പ്രകടിപ്പിച്ചിരുന്ന പലരും പിന്നീട് എല്ലാ കാര്യങ്ങളിൽ നിന്നും പിന്മാറി അന്തർമുഖരായി തീരുന്നത്. ഇവർ എപ്പോൾ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നുവോ, അപ്പോഴെല്ലാം ഉള്ളിലെ ഈ നിഷേധഭാവം അവനോടു 'അരുത്' പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അവർക്ക് ഒന്നിലും മുന്നേറാൻ സാധിക്കുകയില്ല. മറ്റു ചിലരാവട്ടെ, വാശിയോടെ മുന്നിലേക്ക്‌ വന്നു തങ്ങൾക്കു കിട്ടിയ നിഷേധസ്വഭാവം മറ്റുള്ളവരുടെ അടിച്ചേല്പിക്കാൻ ശ്രമിക്കും. രണ്ടും അപകടം തന്നെ.
        നമ്മിൽ പലരുടെയും ജീവിതം പരിശോധിച്ചാൽ നിഷേധങ്ങളുടെ ഒരു കൂമ്പാരം തന്നെ നമുക്ക് കാണുവാൻ സാധിക്കും. എന്തിനെയും നിഷേധവികാരത്തോട് കൂടി കാണാനാണ് നമുക്കിഷ്ടം. കാര്യങ്ങൾ കൃത്യമായി നടക്കുന്നത് പോലും ഒരു ഭയത്തോട് കൂടിയാണ് നാം കാണുന്നത്. രാവിലെ മുതൽ എല്ലാ കാര്യങ്ങളും കൃത്യമായി, നാം പ്രതീക്ഷിച്ചതു പോലെ നടന്നാൽ അകാരണമായി ഒരു ഭയം നമ്മുടെ മനസ്സിൽ  നിറയുകയായി. "എല്ലാം കൃത്യമായി നടക്കുന്നുണ്ടല്ലോ. ഇനി എന്താണാവോ വരാൻ  പോകുന്നത്" എന്നായിരിക്കും നമ്മുടെ ചിന്ത. ചിലർ ഇത് മറ്റുള്ളവരോട് പറയും. മറ്റു ചിലർ മനസ്സിൽ വെക്കും. ഇനി രാവിലെ തന്നെ ഒരു പാകപ്പിഴവു സംഭവിക്കുകയാണെങ്കിൽ " ഇന്നത്തെ ദിവസം പോയി" എന്നായിരിക്കും നമ്മുടെ ചിന്ത. എന്തുകൊണ്ടിങ്ങനെ? ജീവിതത്തെക്കുറിച്ച് ചോദിച്ചാൽ എല്ലാവർക്കും ഒരേ മറുപടി. "കുഴപ്പമില്ല" "ഇങ്ങനെ പോകുന്നു". ആരും സംതൃപ്തരല്ല. നമ്മുടെ ജീവിതത്തിൽ ലഭിച്ച നന്മകളെയും അനുഗ്രഹങ്ങളെയും എളുപ്പത്തിൽ മറന്നു കളയുകയും ബാധിച്ച തിന്മകളെ/ ബുദ്ധിമുട്ടുകളെ ഇപ്പോഴും ഓർത്തു കൊണ്ടിരിക്കുകയും ചെയ്യും. ഇതിനു കാരണം നാം ചെറുപ്പത്തിൽ പരിശീലിപ്പിക്കപ്പെട്ടതും പഠിപ്പിക്കപ്പെട്ടതും സ്വന്തം നന്മകളെ മറന്നുകളയാനും തിന്മകളെ ഓർത്തു വെക്കാനുമാണ്. അല്ല എന്ന് നാം എത്ര പറഞ്ഞാലും വസ്തുത അതാണ്‌. ഒരു പക്ഷെ നാം സ്കൂളിൽ നിന്നും മറ്റു പുസ്തകങ്ങളിൽ നിന്നും നന്മകൾ ഓർത്തുവെക്കാനും നെഗറ്റീവുകളെ മറക്കാനും പഠിച്ചിട്ടുണ്ടാകാം. പക്ഷേ, നമ്മുടെ അനുഭവങ്ങൾ മുഴുവൻ നിഷേധങ്ങളെ ഓർത്തുവെക്കാനാണ് നമ്മെ പഠിപ്പിച്ചത്. നാം സന്തോഷിക്കുമ്പോഴും ആഹ്ലാദിക്കുമ്പോഴും  മറ്റുള്ളവർ ദേഷ്യപ്പെടുന്നതും  നാം ബുദ്ധിമുട്ടുമ്പോൾ മറ്റുള്ളവർ സ്നേഹത്തോടെ പെരുമാറുന്നതുമാണ് നാം കണ്ടു പഠിച്ചത്. അതുകൊണ്ട് തന്നെ സന്തോഷം നിറയുമ്പോൾ തന്നെ ഏതോ ഒരു അദൃശ്യഭയം നമ്മിൽ വരുന്നു. 'എന്തോ ഒരു ആപത്തു വരാനുള്ളത് പോലെ' എന്നു നാം പറയുകയും ചെയ്യുന്നു. കാരണം നാം എപ്പോൾ സന്തോഷത്തോടെ കളിക്കുകയോ സംസാരിക്കുകയോ പാട്ടുപാടുകയോ ചെയ്തിട്ടുണ്ടോ, അപ്പോഴൊന്നും നമുക്ക് നല്ല രൂപത്തിലുള്ള പെരുമാറ്റം മാതാപിതാക്കളിൽ നിന്നോ അധ്യാപകരിൽ നിന്നോ ലഭിച്ചിട്ടില്ല. ശകാരങ്ങളോ അരുത് എന്നുള്ള കർശന ശാസനകളോ ആണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ചെറിയ പിഴവുകൾക്ക് പോലും കഠിനമായ ശിക്ഷകളും പരിഹാസവുമാണ് പലർക്കും ലഭിക്കാറുള്ളത്. തങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പോലും അഭിപ്രായം പറയാൻ അവസരം ലഭിക്കാറില്ല. അതുകൊണ്ട് തന്നെ സ്വന്തം കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ കഴിയാത്ത 'കഴിവുകെട്ടവരായി' പലരും മാറുന്നു. ഏതു കാര്യങ്ങളിലിടപെടുമ്പോഴും 'അരുത്' എന്ന വിലക്ക് അവൻറെ മനസ്സിൽ നിന്നും പൊങ്ങിവരും. പ്രയാസങ്ങൾ പലപ്പോഴും 'സ്നേഹം' നല്കിയിട്ടുള്ളതിനാൽ പ്രയാസങ്ങളോട് / ദുരന്തങ്ങളോട് ഒരു അറിയാതെ ഒരു താല്പര്യം മനസ്സിൽ ജനിക്കും. ഇത് വളരെ കൂടിയ അളവിലുള്ള ചിലർ തങ്ങൾക്കു ചില ദുരന്തങ്ങൾ സംഭവിക്കുന്നതായി ഫാന്റസി കാണുക വരെ ചെയ്യും.
        ഇത്രയും പറഞ്ഞത് ആരെങ്കിലും തങ്ങളുടെ പിന്നാക്കാവസ്ഥക്കും ജീവിതപരാജയങ്ങൾക്കും  മാതാപിതാക്കളെയോ അധ്യാപകരെയോ കുറ്റപ്പെടുത്താൻ വേണ്ടിയല്ല. മറിച്ച്, എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ ഒരു സാമാന്യ അറിവ് നല്കാൻ മാത്രം. ആ അറിവിലൂടെ നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്താൻ വേണ്ടി. നമ്മുടെ ഒരു 'അരുത്' നു പോലും കേൾക്കുന്നവരുടെ മനസ്സിൽ ചെറുതല്ലാത്ത സ്വാധീനം സൃഷ്ടിക്കാൻ കഴിയുമെന്നറിയുക. നാം ആജ്ഞാപിക്കുന്ന ഓരോ 'അരുത്' കളും കേൾക്കുന്നവരുടെ (പ്രത്യേകിച്ച് കുട്ടികളുടെ) സ്വഭാവത്തിൽ മാറ്റം വരുത്തുമെന്നറിയുക. അറിവാണല്ലോ മാറ്റത്തിലേക്കുള്ള ആദ്യപടി. ഈ അറിവിൻറെ അടിസ്ഥാനത്തിൽ നമുക്ക് നമ്മുടെ സംസാരത്തിലെ വാക്കുകളെ പോസിറ്റീവായി ഉപയോഗിക്കാൻ പഠിക്കാം. ആധുനിക മനശാസ്ത്രം പറയുന്നത് നെഗറ്റീവുകളെ പ്രൊസെസ്സ് ചെയ്യാനുള്ള കഴിവ് നമ്മുടെ മനസ്സിൻറെ അബോധതലത്തിനില്ല എന്നാണ്. അതുകൊണ്ടാണ് 'ആനയെക്കുറിച്ച് ചിന്തിക്കരുത്' എന്നു പറയുമ്പോഴേക്കും ആന നമ്മുടെ മനസ്സിൽ തെളിയുന്നത്. അതുകൊണ്ട് 'ആനയെപ്പറ്റി ചിന്തിക്കരുത്' എന്ന് നിർദേശം നല്കേണ്ടി വരുമ്പോൾ 'കുരങ്ങിനെക്കുറിച്ച് ചിന്തിക്കുക' എന്ന് നിർദേശം നൽകുക എന്നാണ് മനശാസ്ത്രം പറയുന്നത്. പക്ഷെ, നമ്മൾ ഇപ്പോഴും അരുതുകളിൽ അഭിരമിച്ചുകൊണ്ടേയിരിക്കുന്നു.  അറിവാണല്ലോ മാറ്റത്തിലേക്കുള്ള ആദ്യപടി. ഈ അറിവിൻറെ അടിസ്ഥാനത്തിൽ നമുക്ക് നമ്മുടെ സംസാരത്തിലെ വാക്കുകളെ പോസിറ്റീവായി ഉപയോഗിക്കാൻ പഠിക്കാം. കുട്ടികളോട് അങ്ങോട്ട്‌ പോവല്ലേ എന്നു പറയുന്നതിന് പകരം ഇങ്ങോട്ട് വരൂ എന്നു പറയാം. വീടിനകത്ത് കളിക്കരുത് എന്നു പറയുന്നതിന് പകരം പുറത്തുപോയി കളിച്ചോളൂ എന്നു പറയാം. ഇതുപോലെ നമുക്ക് ഏതൊരു കാര്യവും പോസിറ്റീവായി സംസാരിക്കാം. ഇത്തരം സംസാരങ്ങളിലൂടെ ക്രിയാത്മകമായ, എന്തിനെയും പോസിറ്റീവായി കാണുന്ന, സർഗാത്മക കഴിവുകൾ നിറഞ്ഞ, മാന്യതയും മര്യാദയും നിലനില്ക്കുന്ന ഒരു സമൂഹത്തെ നമുക്ക് സൃഷ്ടിച്ചെടുക്കാൻ സാധിക്കും. അതിനു വേണ്ടിയുള്ളതാകട്ടെ ഇനി നമ്മുടെ ഓരോ സംസാരവും. ഇനി നമുക്ക് 'അരുത്' കളില്ലാതെ സംസാരിക്കാം. 


6 comments:

  1. "ഇത്രയും പറഞ്ഞത് ആരെങ്കിലും തങ്ങളുടെ പിന്നാക്കാവസ്ഥക്കും ജീവിതപരാജയങ്ങൾക്കും മാതാപിതാക്കളെയോ അധ്യാപകരെയോ കുറ്റപ്പെടുത്താൻ വേണ്ടിയല്ല. മറിച്ച്, എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ ഒരു സാമാന്യ അറിവ് നല്കാൻ മാത്രം."
    മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനായി അല്ലെങ്കില്‍ കുറ്റം ചികഞ്ഞെടുക്കുന്നതിനായി ഇതുപയോഗിക്കാതെ നമ്മുടെ വ്യക്തിജീവിതത്തില്‍ പകര്‍ത്തിയാല്‍ നിശ്ചയമായും (ان شاء الله) ഫലം കാണുക തന്നെ ചെയ്യും.

    ReplyDelete
    Replies
    1. വളരെ ശരിയാണ് ആബിദ്. എന്തും ഖുർ ആൻ ആയത്തുകൾ പോലും, മറ്റുള്ളവരെ വിമർശിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന നമ്മുടെ സമൂഹത്തിൽ പ്രതീക്ഷയുടെ തിരിനാളം കെട്ടുപോയിട്ടില്ല എന്നറിയുന്നതിൽ സന്തോഷം. കമന്റിനു നന്ദി.

      Delete
  2. സത്യം ....നാം എപ്പോഴും വിലക്കുകളുടെയും അരുതുകളുടെയും നടുവില്‍ വീര്‍പ്പു മുട്ടി കഴിയുന്നവരായത് "ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്ന ആപ്തവാക്യാതെ സാധൂകരിക്കുകയാണ് എന്ന് വ്യക്തമാണ്.ഭയത്തിന്റെയും വെവലാതിയുടെയും നടുവില്‍ ക്രയ ശേഷി അടിയിലമാര്‍ന്നു പോയ സമൂഹമായി നാം മാറിപ്പോയി..എങ്ങും എവിടെയും അരുതുകൾ. നില്ക്കരുത്, നടക്കരുത്, കയറരുത്, ഇറങ്ങരുത്, തിന്നരുത്, കുടിക്കരുത്, വിളിക്കരുത്, വരരുത്, പോകരുത്, കളിക്കരുത്, പറയരുത്, കേൾക്കരുത്, കാണരുത്, മിണ്ടരുത്.......... അങ്ങനെയങ്ങനെ ഒട്ടേറെ അരുതുകൾ. നമ്മുടെ കുട്ടികൾ 'അരുത്' 'അല്ല' 'ഇല്ല' എന്ന പദങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം.മത രംഗത്തും ഇത് തന്നെയാണ് സ്ഥിതി ...നൂതനമായ ഒരു സംരംഭത്തെയും ധൈര്യ സമേതം സമീപിക്കാന്‍ നമുക്ക് കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല ..ധനാത്മക ചിന്തകളെ ഉണര്‍ത്തുവാന്‍ കഴിയുന്ന സമീപനം സൃഷ്ടിക്കുവാന്‍ നമ്മുടെ രീതിശാസ്ത്രം ഉടച്ചുവാര്‍ക്കേണ്ടത് അനിവാര്യമാണ്....

    ReplyDelete
    Replies
    1. അതെ, താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു. ഉദ്ദേശിച്ചത് "ധ്യാനാത്മക ചിന്തകൾ" എന്നാണെന്ന് വിചാരിക്കുന്നു.

      Delete
  3. ആനയെപ്പറ്റി ചിന്തിക്കരുത്' എന്ന് നിർദേശം നല്കേണ്ടി വരുമ്പോൾ 'കുരങ്ങിനെക്കുറിച്ച് ചിന്തിക്കുക. കുട്ടികളോട് അങ്ങോട്ട്‌ പോവല്ലേ എന്നു പറയുന്നതിന് പകരം ഇങ്ങോട്ട് വരൂ എന്നു പറയാം. വീടിനകത്ത് കളിക്കരുത് എന്നു പറയുന്നതിന് പകരം പുറത്തുപോയി കളിച്ചോളൂ എന്നു പറയാം.... masha allah good knowledge... masha allah good post salahuka

    ReplyDelete