നബിദിനം എതിര്‍ക്കപ്പെടേണ്ടതുണ്ടോ?
ഇതര മതങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇസ്‌ലാമിൽ മതപരമായ ഏതൊരു കാര്യത്തിനും മതത്തിൽ തെളിവ് വേണം. ഈ തെളിവുകൾക്ക് വേണ്ടി ഇസ്‌ലാമിക നിയമപ്രകാരം ആധാരമാക്കാവുന്ന പ്രമാണങ്ങള്‍ രണ്ടാണ്. പരിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബി(സ) യുടെ ചര്യകളും. ഈ ചര്യകള്‍ക്കാണ് സാങ്കേതികമായി സുന്നത്ത് എന്നു പറയുന്നത്. നബി(സ) യുടെ ചര്യകള്‍ എന്നു പറയുമ്പോള്‍ നബി(സ) വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ മൗനം കൊണ്ടോ അംഗീകാരം നല്‍കിയ കാര്യങ്ങളാണ് വിവക്ഷിക്കപ്പെടുന്നത്. ഈ പ്രമാണങ്ങളില്ലാത്ത ഒരു കാര്യം ഒരാള്‍ മതകാര്യമായി അവതരിപ്പിക്കുമ്പോള്‍ അതിനെ ബിദ്അത്ത് എന്നാണ് പറയുക. ആമുഖമായി ഇത്രയും പറയാന്‍ കാരണം നബിദിനാഘോഷത്തിന്‍റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം ഒന്നു ചര്‍ച്ച ചെയ്യുക എന്നതാണ്. നബി(സ) അനുയായികളെ ഉപദേശിക്കുന്ന കൂട്ടത്തില്‍ ഇങ്ങനെ ശക്തമായി താക്കീത് ചെയ്തു. "മത കാര്യങ്ങളില്‍ നിങ്ങള്‍ പുതുനിര്‍മിതികളെ സൂക്ഷിക്കുവിന്‍. കാരണം പുതുനിര്‍മിതികളെല്ലാം പുത്തനാചാരം (ബിദ്അത്ത്) ആകുന്നു. എല്ലാ പുത്തനാചാരവും ദുര്‍മാര്‍ഗമാകുന്നു." (അഹ്മദ്, അബൂദാവുദ് , തിര്‍മിദി, ഇബ്നുമാജ, നസാഈ ). നബി(സ)യുടെ ജീവിതത്തിലോ സഹാബിമാരുടെയോ ത്വാബിഉകളുടെയോ ജീവിതത്തിലോ ഈയൊരു ആഘോഷത്തിനു നമുക്ക് തെളിവുകള്‍ കാണുക സാദ്ധ്യമല്ല. ഖുര്‍ആനിലോ ഹദീസിലോ ഇത്തരമൊരു ആഘോഷത്തിനുള്ള നിര്‍ദേശവുമില്ല. ആഇശ (റ) ഉദ്ധരിക്കുന്ന മറ്റൊരു നബിവചനത്തില്‍ ഇങ്ങനെ കാണാം. "നമ്മുടെ മതകാര്യത്തില്‍ അതിലില്ലാത്ത എന്തെങ്കിലും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ് " പുത്തനാചാരങ്ങളെക്കുറിച്ച് താക്കീത് നല്‍കുന്ന മറ്റു ചില നബിവചനങ്ങളും നമുക്ക് കാണുവാന്‍ സാധിക്കും. നബി (സ) പഠിപ്പിക്കാത്ത ഒരു കാര്യം അതെത്ര നല്ലതായാലും ഇസ്‌ലാമിന്‍റെ പേരില്‍ നിര്‍മിച്ചെടുക്കുന്നത് മഹാപാതകമാണെന്നാണ് ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും അധ്യാപനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നത്. കൂടാതെ ഇസ്‌ലാം നബി(സ) യുടെ കാലത്ത് തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഇനി അതില്‍ ആരും തന്നെ ഒന്നും കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും ഖുര്‍ആനില്‍ നിന്നും സുവ്യക്തമാണ്. ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നു. "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പരിപൂര്‍ണമാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെട്ടുതരികയും ചെയ്തിരിക്കുന്നു." (സൂറത്ത് മാഇദ : 3) അത് കൊണ്ട് അതിനു ശേഷം മതത്തില്‍ വന്ന ഏതു ആചാരങ്ങളും അനുഷ്ഠാനങ്ങളും പുത്തനാചാരമായാണ് (ബിദ്അത്ത് ) കണക്കാക്കപ്പെടുക. മുഹമ്മദ് നബി(സ) ക്ക് ശേഷം ആരെയും അന്ധമായി അനുധാവനം ചെയ്യേണ്ട കാര്യം മുസ്‌ലിംകള്‍ക്കില്ല.
നമ്മുടെ മാതാപിതാക്കളേക്കാളും മക്കളെക്കാളും ഇണകളേക്കാളും മറ്റാരെക്കാളും മറ്റെന്തിനേക്കാളും അല്ലാഹുവിനെയും നബി(സ) യെയും ഇഷ്ടപ്പെടുക എന്നത് ഈ മതത്തില്‍ ഉറച്ചു നില്‍ക്കുന്നതിനു വളരെ അത്യാവശ്യമാണ്. ഖുര്‍ആനും ഹദീസും വളരെ ഗൌരവത്തോടു കൂടി തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. മുഹമ്മദ് നബി (സ) മറ്റാരെക്കാളും മറ്റെന്തിനേക്കാളും ഇഷ്ടപ്പെട്ടതാകുന്നത് വരെ നമ്മളാരും മുസ്‌ലിംകളാവുകയില്ല എന്നത് നബി(സ) യുടെ അധ്യാപനമാണ്. വിശുദ്ധ ഖുര്‍ആനും ഈ കാര്യം ഊന്നിപ്പറയുന്നുണ്ട്. ഇതില്‍ നിന്നെല്ലാം നബി (സ) യെ മറ്റാരെക്കാളും ഇഷ്ടപ്പെടേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുന്നുണ്ട്. പക്ഷെ, എങ്ങനെയാണു സ്നേഹിക്കേണ്ടത് എന്നതാണ് വിഷയം. ഏതൊരു വിഷയത്തിലുമെന്ന പോലെ, എങ്ങനെയാണ് വേണ്ടത് എന്ന് നബി (സ) പഠിപ്പിച്ച രൂപത്തിലും സഹാബിമാര്‍ മനസ്സിലാക്കിയ രൂപത്തിലും മനസ്സിലാക്കുക എന്നതാണ് നമുക്ക് കരണീയം. അത്തരത്തില്‍ നോക്കുമ്പോള്‍ നബിദിനാഘോഷത്തിനു യാതൊരു തെളിവും ഇസ്‌ലാമിലില്ല എന്നു വ്യക്തമാകും. നബി (സ) പറഞ്ഞു. " ആര് എന്‍റെ ചര്യയെ ഇഷ്ടപ്പെട്ടോ അവന്‍ എന്നെ ഇഷ്ടപ്പെട്ടു. ആര് എന്നെ ഇഷ്ടപ്പെട്ടോ അവന്‍ എന്‍റെ കൂടെ സ്വര്‍ഗത്തിലാണ്". വളരെ വ്യക്തമാണ് കാര്യങ്ങള്‍. നബി(സ)യുടെ ചര്യയെ ഇഷ്ടപ്പെടുകയും പിന്‍പറ്റുകയും ചെയ്യുക. നബിദിനാഘോഷം എന്നത് തന്നെ നബിചര്യക്ക് വിരുദ്ധമാണ് എന്നാണ് പ്രമാണങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്. അപ്പോള്‍ എങ്ങനെയാണ് നമുക്ക് ഈ ആഘോഷത്തെ അനുകൂലിക്കുവാന്‍ കഴിയുക? ഇനി, നബിദിനം എന്ന ഈ ആഘോഷം ഒരു ആചാരമായോ ആഘോഷമായോ നടത്തേണ്ടതായിരുന്നിട്ടു കൂടി ഏതെങ്കിലും കാരണത്താല്‍ മുഹമ്മദ് നബി ഇതു പഠിപ്പിക്കാതെ വിട്ടുപോയതാണ് എന്ന് വിശ്വസിച്ചാല്‍ മുഹമ്മദ് നബി (സ) തന്‍റെ ദൌത്യത്തില്‍ വഞ്ചന കാണിച്ചു എന്നാകുമല്ലോ അത്. നബി (സ) യുടെ ജന്മദിനം എതാണെന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. നബി (സ) യുടെ ജന്മദിനം എന്നാണെന്ന വിഷയത്തിൽ കൃത്യമായ റിപ്പോർട്ടുകൾ നിലവിലില്ലാത്തത് അതിന് യാതൊരു പ്രാധാന്യവും ഇസ്‌ലാമിൽ ഇല്ലാത്തത് കൊണ്ട് തന്നെയാണ്. അതു കൊണ്ട് വിശുദ്ധ ഖുര്‍ആനിലോ മുഹമ്മദ് നബി(സ) യുടെ ചര്യയിലോ നബി (സ) യില്‍ നിന്ന് മതം പഠിച്ച അവിടുത്തെ സഹാബിമാരുടെ ജീവിതത്തിലോ, അവരെ പിന്തുടര്‍ന്നു വന്ന ത്വാബിഉകളുടെ ജീവിതത്തിലോ ഉണ്ടായിട്ടില്ലാത്ത ഈ ആഘോഷം ബിദ്അത്ത് ആയി കണക്കാക്കുകയും വിട്ടുനില്‍ക്കുകയുമാണ് സത്യാന്വേഷികള്‍ ചെയ്യേണ്ടത്.
പ്രബോധന രീതികള്‍ പ്രവാചകനില്‍ നിന്നും പഠിക്കാത്ത ചിലരുടെ ദിശാബോധമില്ലാത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഈ ആഘോഷം വ്യാപകമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ, യുക്തിയോ ആരുടെയെങ്കിലും എതിര്‍പ്പുകളോ സപ്പോര്‍ട്ടുകളോ അല്ല; മറിച്ച് പ്രമാണങ്ങളായിരിക്കണം മതകാര്യങ്ങള്‍ ചെയ്യുന്നതിനു പരിഗണിക്കേണ്ടതും അവലംബമാക്കേണ്ടതും. അതാണ് നബി(സ) യുടെ നിര്‍ദേശവും. അതുകൊണ്ടാണ് മുസ്‌ലിംകളിൽ മതപരമായ അറിവും അവബോധവുമുള്ളവർ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കാത്തത്.
No comments:
Post a Comment