Thursday, December 19, 2013

സ്വവർഗരതി: പുരോഗമനവാദികൾ ഒച്ചവെക്കുന്നത് ആർക്ക് വേണ്ടി?

 

   സ്വവർഗരതി നിയമവിരുദ്ധം തന്നെയാണെന്ന സുപ്രീം കോടതി വിധി ആശ്വാസത്തോടെയാണ് കേട്ടത്. എങ്കിലും നിലവിലുള്ള നിയമമനുസരിച്ച് മാത്രമാണ് സ്വവർഗരതി നിയമവിരുദ്ധമാകുന്നതെന്നും ഇത് നിയമവിധേയമാക്കാൻ ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്താമെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിധിയുടെ ചുവടുപിടിച്ച് ഇത് അനുവദനീയമാക്കാൻ നിയമ നിർമാണം നടത്താനുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ തിരക്കിട്ട നീക്കം ആശങ്കയുണർത്തുന്നത് തന്നെയാണ്. വിധി വന്നയുടൻ തന്നെ വിധിക്കെതിരെ പ്രതിഷേധവുമായി സ്വവർഗസ്നേഹ സംഘടനകൾ രംഗത്ത്‌ വന്നിട്ടുണ്ട്. കൂടാതെ മാനവിക-പുരോഗമനവാദികളും വിധിക്കെതിരെ രംഗത്തുണ്ട്. സ്വവർഗരതി ഒരു മാനസിക വൈകല്യമല്ലെന്നും അത് 'ലൈംഗിക ന്യൂനപക്ഷ'ങ്ങളുടെ അവകാശ വിഷയമാണെന്നുമാണ് ഇവരുടെ നിലപാട്.

   ലെസ്ബിയൻ, ഗേ, ബൈസെക് ഷ്വൽ, ട്രാൻസ്ജെൻഡർ എന്നീ പദങ്ങളുടെ ആദ്യാക്ഷരങ്ങളായ LGBT എന്നാണ് പൊതുവായി ഇവരെ സൂചിപ്പിക്കാൻ വേണ്ടി  ഉപയോഗിക്കുന്നത്. ഈപേരിൽ തന്നെ തുടങ്ങുന്നു ഇവരുടെ വൈരുധ്യം. സ്വവർഗരതി സ്വാഭാവികവും ജനിതകവുമാണെന്ന് വാദിക്കുന്നവർ എങ്ങനെ സ്ത്രീയും പുരുഷനുമായും ഒരുപോലെ ബന്ധത്തിലേർപ്പെടാൻ കഴിയുന്ന ബൈസെക് ഷ്വലിനെയും എതിർലിംഗത്തിൽ പെട്ടവരുടെ വസ്ത്രങ്ങളണിയാനും അവരുടെ ശൈലി സ്വീകരിക്കാനും താല്പര്യം കാണിക്കുന്ന ട്രാൻസ്ജെൻഡറിനെയും 'ലൈംഗിക ന്യൂനപക്ഷ കൂട്ടായ്മ' യിൽ ഉൾപ്പെടുത്തുന്നു എന്നറിയാൻ താല്പര്യമുണ്ട്. ഈ 'ലൈംഗിക ന്യൂനപക്ഷകൂട്ടായ്മ' യിൽ ഭൂരിപക്ഷവും ബൈസെക് ഷ്വൽ ആണെന്നാണ് കണക്കുകൾ. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പ്രശ്നമല്ല, മറിച്ച് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആർക്കും എങ്ങനെയും ലൈംഗികതയിൽ ഏർപ്പെടാവുന്ന 'സ്വതന്ത്ര ലൈംഗികത' എന്നു വിളിക്കപ്പെടുന്ന സമ്പൂർണ ലൈംഗിക അരാജകത്വമാണ്‌ ഇവരുടെ ലക്ഷ്യമെന്നാണ് ഇവ നമ്മെ ബോധ്യപ്പെടുത്തുന്നത്. 


   സ്വവര്‍ഗരതി, മൃഗരതി മറ്റു വൈകൃതങ്ങള്‍ എന്നിവ ശിക്ഷാര്‍ഹമാക്കുന്ന ഭരണഘടനയിലെ 377 -)o വകുപ്പ് നീക്കണമെന്നാവശ്യപ്പെട്ട് നാസ് ഫൌണ്ടേഷന്‍ ട്രസ്റ്റ് എന്ന ഗവണ്‍മെന്റിതര സംഘടന (NGO) നല്കിയ ഹരജി പരിഗണിച്ചു കൊണ്ട് 2009 ജൂലായിലാണ് സ്വവര്‍ഗരതി കുറ്റകരമല്ല എന്ന ദല്‍ഹി ഹൈക്കോടതി വിധിയുണ്ടായത്. ആ വിധിയെ തള്ളിക്കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രസ്തുത വകുപ്പ് ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നില്ല എന്നും ഈ വിധിയുടെ അവസാന ഭാഗത്ത് എടുത്തുപറയുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തുത, ഹരജി നല്കിയ നാസ് ഫൌണ്ടേഷൻ ട്രസ്റ്റ് എന്ന സംഘടന പലവിധ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന ഒന്നാണ് എന്നതാണ്. NGO കള്‍ക്ക് ലഭിക്കുന്ന വിദേശസഹായങ്ങള്‍ എങ്ങിനെയൊക്കെയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുവാനുള്ള സംവിധാനങ്ങളൊന്നും ഇപ്പോൾ നമ്മുടെ നാട്ടിലില്ല എന്നാണറിവ്. ഇപ്പോൾ പാസ്സാക്കിയ ലോക്പാൽ ബില്ലിൽ പോലും NGO കളെ ഉൾപ്പെടുത്തേണ്ട എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. NACO യുടെ 1998-ലെ ഭാഗികമായ ലിസ്റ്റ് പ്രകാരം 104 സംഘടനകൾ  ഇന്ത്യയിൽ എയിഡ്സ് രോഗികളുടെ പുനരധിവാസവുമായും എയിഡ്സ് ബോധവല്ക്കരണത്തിനായും പ്രവര്‍ത്തിക്കുന്നുണ്ട്!.  22 വിദേശ സംഘടനകളെ കൂടാതെയാണിത്. 1999 ലെ കണക്കു പ്രകാരം മൂന്നാം ലോകത്ത് പ്രവര്‍ത്തിക്കുന്ന NGO കളിലൂടെ ഓരോ വര്‍ഷവും ചുരുങ്ങിയത് നൂറുകോടി ഡോളറാണ് പാശ്ചാത്യലോകം ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങളും കോര്‍പ്പറേറ്റ് കമ്പനികളെ വെല്ലുന്ന ശമ്പളവുമുണ്ട്. ഇതെല്ലാം മൂന്നാം ലോകത്തുള്ളവരുടെ ദുരിതങ്ങള്‍ തീര്‍ക്കാനാണ് എന്ന് ഇനിയും വിശ്വസിക്കണമോ എന്നതാണ് ചോദ്യം ? സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിന് സ്വവര്‍ഗരതി വളരെയധികം വര്‍ധിച്ച കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ഒരാള്‍ പോലും ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. പിന്നെ എന്തിനു ആ നിയമത്തിനെതിരെ ഇവര്‍ നീങ്ങുന്നു എന്ന കാര്യം നാം ചിന്തിക്കേണ്ടതുണ്ട്. ഇത് ചിന്തിക്കുമ്പോഴാണ് ഇതിനു പിന്നിലെ ഉദ്ദേശശുദ്ധി വ്യക്തമാവുന്നത്. തങ്ങളുടെ ജീര്‍ണസംസ്കാരികതകള്‍ മൂന്നാം ലോകരാഷ്ട്രങ്ങളില്‍ ഇറക്കുമതി ചെയ്യാനുള്ള വ്യക്തമായ ആസൂത്രണം ഇതിനു പിന്നില്‍ കാണാനാവും. സ്വവര്‍ഗാനുരാഗം പ്രകൃതിപരവും ജനിതകവുമായി നിശ്ചയിക്കപ്പെട്ടതാണെന്നും അതിനു എതിര് നില്‍ക്കുന്നത് അങ്ങനെ ജനിച്ചവരോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്താനുള്ള ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. സാമ്പത്തിക, രാഷ്ട്രീയ അധിനിവേശത്തെക്കാള്‍ എളുപ്പമാണ് സാംസ്‌കാരിക അധിനിവേശം എന്ന് മനസ്സിലാക്കി അതിനു വേണ്ടി NGO കളെ സൃഷ്ടിച്ചു 'ബ്രെയിൻ വാഷിംഗ്‌' നടത്തുന്നത് നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ് ഏറ്റവും സങ്കടകരം. 

   ആധുനിക ലോകത്ത് അറിയപ്പെട്ട ആദ്യത്തെ സ്വവർഗാനുരാഗി എന്നു പറയാവുന്ന കാൾ ഉൽറിച്സ്‌ ആണ് ആദ്യമായി സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ വ്യക്തി. പതിനാലാം വയസ്സിൽ സവാരി പഠിപ്പിക്കാൻ വന്ന കുതിരക്കാരനുമായി നടന്ന സ്വവർഗ രതി മുതലാണ്‌ തന്നിലെ സ്വവർഗാനുരാഗിയെ താൻ തിരിച്ചറിഞ്ഞതെന്നു അദ്ദേഹം തുറന്നെഴുതുന്നുണ്ട്. അമേരിക്കയിൽ ആദ്യമായി പൊതുവേദിയിൽ ഈ വിഷയം അവതരിപ്പിക്കുകയും "സൊസൈറ്റി ഫോർ ഹ്യുമൻ റൈറ്റ്സ്"എന്ന സ്വവർഗാനുരാഗ സംഘടനയുടെ പ്രചാരകയുമായിരുന്ന എമ്മാ ഗോൾഡ്‌സ്മാൻ തന്റെ ബാല്യ കൌമാര കാലഘട്ടത്തിൽ തനിക്കുണ്ടായ പീഡനങ്ങളെക്കുറിച്ച് തന്റെ ജീവചരിത്രക്കുറിപ്പുകളിൽ പറയുന്നുണ്ട്. അങ്ങനെ ഏതൊരു സ്വവർഗനുരാഗിയെക്കുറിച്ച് പഠിക്കുമ്പോഴും ഇതുപോലെയുള്ള ബാല്യകാലാനുഭവങ്ങൾ കാണാവുന്നതാണ്. "ദി ഐൻസ്റ്റീൻ ഓഫ് സെക്സ്" എന്നറിയപ്പെടുന്ന ഡോ. മാഗ്നസ് ഹിർചസ് ഫീല്ഡ്, സൊസൈറ്റി ഓഫ് ഫൂൾസ്‌ എന്ന സ്വവർഗാനുരാഗ സംഘടന രൂപീകരിച്ച ഹാരി ഹോ, ഡോട്ടേഴ്സ് ഓഫ് ബിലിറ്റ്സ് എന്ന ലെസ്ബിയൻ സംഘടനയുടെ നേതാക്കളായിരുന്ന ഡോറോതി ഡെൽമാർട്ടിൻ, ഫിലിസ് ലിയോണ്‍, ആദ്യ അമേരിക്കൻ സ്വവർഗാനുരാഗ പ്രസിദ്ധീകരണമായ 'വണ്‍' മാഗസിന്റെ പ്രധാന പിന്നണി പ്രവർത്തകനായിരുന്ന ഡെയിൽ ജെന്നിങ്ങ്സ് എന്നിങ്ങനെ സ്വവർഗ സ്നേഹികൾക്ക് വേണ്ടി ശബ്ദിക്കുകയും പോരാടുകയും ചെയ്ത എല്ലാവരും തന്നെ ബാല്യകാലത്ത് ശാരീരികമായോ ലൈംഗികമായൊ പീഡനമനുഭവിച്ചരായിരുന്നു. ഒരു മലയാളചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സ്വവർഗരതിക്ക് വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരുന്ന സ്വവര്‍ഗരതിക്കാരന്‍ തന്‍റെ ഭാഗം വ്യക്തമാക്കുന്നതിനിടെ തനിക്കു 12 -)o വയസ്സില്‍ ലൈംഗിക പീഡനം അനുഭവിക്കേണ്ടി വന്നു എന്ന് ഒരു ചോദ്യത്തിനു മറുപടിയായി സമ്മതിച്ചിരുന്നു. ആണ്‍-പെണ്‍ സൌഹൃദങ്ങൾ ശക്തമായ നിരീക്ഷണങ്ങൾക്ക് വിധേയമാകുന്ന നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിൽ കൗമാര പ്രായത്തിൽ സ്വവർഗ ലൈംഗികതക്ക് സാധ്യത കൂടുതലാണ്. സ്വാഭാവികമായ ലൈംഗിക താല്പര്യം ഉണ്ടാവുകയും പക്വതയില്ലായ്മ മൂലം ബുദ്ധിമുട്ടില്ലാതെ സാധ്യമാവുന്ന സ്വവർഗരതിയിൽ എത്തിപ്പെടുകയുമാണ് സാധാരണഗതിയിൽ നടക്കുന്നത്. ആദ്യാനുഭവം പകർന്ന അനുഭൂതിയിൽ വീണ്ടും വീണ്ടും ഇത് ആസ്വദിക്കുകയും പിന്നീട് ഇതിൽ നിന്ന് വിമുക്തരാവാൻ സാധിക്കാത്ത വണ്ണം ഈ വൈകൃതത്തിനു അടിമപ്പെടുകയുമാണ് ചെയ്യുന്നത്.  ഈ വൈകല്യത്തെ സെക്സ് ഓറിയന്റെഷൻ എന്നൊക്കെ ഓമനപ്പേരിട്ട് വിളിച്ച് ഇതിനെ സ്വാഭാവികമാക്കി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ വൈകല്യം ബാധിച്ചവരെ തിരിച്ചുകൊണ്ടു വരിക പ്രയാസകരമായിരിക്കാമെങ്കിലും അസാധ്യമൊന്നുമല്ല.

   ഒരു ഭാഗത്ത് ദൽഹി ഹൈക്കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ (ഇപ്പോൾ സുപ്രീം കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്ന സമയത്തും) ആനുകാലികങ്ങളിൽ സ്വവർഗരതിയെ മാന്യവൽക്കരിക്കുന്ന ലേഖനങ്ങൾ നിറഞ്ഞു നിന്നിരുന്നു. സ്വവർഗാഭിമുഖ്യം മാനസിക വൈകല്യമല്ലെന്നും മറിച്ച് ജനിതകമായി ഉണ്ടാവുന്നതാണെന്നും സമർത്ഥിക്കുവാൻ ശ്രമിക്കുന്നതായിരുന്നു ഇവയെല്ലാം. മൃഗങ്ങളിലും മറ്റു പല ജീവിവർഗങ്ങളിലും സ്വവർഗരതി കണ്ടുവരുന്നു എന്നും സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നു. മൃഗങ്ങളിൽ നടക്കുന്ന സാധാരണയായ കളികളെ പോലും സ്വവർഗ താല്പര്യത്തിന്റെ ഗണത്തിൽ പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. ഒരു ആണ്‍ ജിറാഫ് മറ്റൊരു ആണ്‍ ജിറാഫിനു മേൽ കയറുന്നതും കുരങ്ങന്മാർ പരസ്പരം ഉദ്ദീപിപ്പിക്കുന്നതും കാണിച്ചു കൊണ്ടാണ് മൃഗങ്ങളിൽ സ്വവർഗരതി ഉണ്ടെന്നു ഇവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഡോൾഫിൻ, തിമിംഗലം, ആന തുടങ്ങി അഞ്ഞൂറോളം ജീവി വർഗങ്ങളിൽ സ്വവർഗ ലൈംഗികത കണ്ടെത്തിയെന്നും ഇവർ വാദിക്കുന്നു. മൃഗചെയ്തികൾ തങ്ങളുടെ താല്പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്. മൃഗങ്ങളുടെ സാധാരണ കളിലീലകൾ മാത്രമാകാവുന്ന പ്രവർത്തനങ്ങളെ സ്വവർഗ ലൈംഗികതയായി വ്യാഖ്യാനിക്കാനുള്ള ശ്രമം മാത്രമാണ് ഈ ലേഖനങ്ങളിലും പ്രദർശനങ്ങളിലും കാണുന്നത്. ഇവരുടെ രീതിയനുസരിച്ച് ചുംബനവും ആലിംഗനവുമെല്ലം ആചാരമായി സ്വീകരിച്ചിട്ടുള്ള സമൂഹങ്ങളെ സ്വവർഗരതിക്കാരായി നാം കാണേണ്ടി വരും. ഇനി വാദത്തിനു വേണ്ടി മൃഗങ്ങളിലെ സ്വവർഗരതിയെ അംഗീകരിച്ചാൽ തന്നെ മൃഗചെയ്തികൾ എങ്ങനെ മനുഷ്യന്റെ പ്രകൃതിക്ക് അനുയോജ്യമാകും? ലൈംഗികബന്ധത്തിന് ശേഷം ഇണയെ തിന്നുന്ന എട്ടുകാലി, തേൾ എന്നിവയും സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന പൂച്ച, മുയൽ, ഉടുമ്പ് തുടങ്ങിയ കുറച്ച് ജീവികളും മൃഗലോകത്തുണ്ട്. ഇതെല്ലാം പ്രകൃതിപരമാണെന്നും മനുഷ്യലോകത്തും ഇതെല്ലാം ആവശ്യമാണെന്നും ആരെങ്കിലും പറഞ്ഞാൽ അതംഗീകരിക്കണമോ? അഗമ്യഗമനം (Incest) മൃഗലോകത്ത് സാധാരണമാണല്ലോ. തന്റെ മുന്നിൽ നില്ക്കുന്ന ഇണ തന്റെ അമ്മയാണോ മകളാണോ സഹോദരിയാണോ എന്നൊന്നും മൃഗങ്ങൾ ചിന്തിക്കാറില്ല. അതുകൊണ്ട് ഇത് പ്രകൃതിപരമാണെന്നും മനുഷ്യലോകത്തും ഇതെല്ലാം ആവശ്യമാണെന്നും ഇത് നിയമവിധേയമാക്കണമെന്നും ആവശ്യപ്പെടുന്നത് എത്രമേൽ അർത്ഥശൂന്യമാണോ അതുപോലെ തന്നെയാണ് മൃഗങ്ങളിലെ സ്വവർഗ ലൈംഗികത (അത് ഉണ്ടെങ്കിൽ)  മനുഷ്യന്റെ കാര്യത്തിൽ തെളിവായി ഉദ്ധരിക്കുന്നത്. ഇനി ലൈംഗികതയുടെ അനന്തമായ വാണിജ്യ സാദ്ധ്യതകൾ കണ്ടു അന്ധത ബാധിച്ച പുരോഗമന(?)വാദികൾ ഇൻസെസ്റ്റിനും വേണ്ടി വാദമുയർത്തുമോ ആവോ?

   1973 വരെ സ്വവർഗ ലൈംഗികതയെ ഒരു മനോരോഗമായാണ് അമേരിക്കയിലെ മനോരോഗ ചികിത്സകരുടെ കൂട്ടായ്മയായ അമേരിക്കൻ സൈക്യാട്രിസ്റ്റ്സ് അസോസിയേഷൻ (APA) കണക്കാക്കിയിരുന്നത്. ഈ സംഘടനയുടെ ജേർണലായിരുന്ന "ഡയഗ്ണോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ മാന്വൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ് (DSM ) ൽ നിന്നും സ്വവർഗാഭിമുഖ്യത്തെ നീക്കം ചെയ്യുന്നതിന് വേണ്ടി വളരെ തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളാണ് തങ്ങളുടെ സ്വാധീനമുപയോഗിച്ച് അന്ന് നിലവിലുണ്ടായിരുന്ന സ്വവർഗാനുരാഗ സംഘങ്ങൾ നടത്തിയത്. APA യുടെ അംഗങ്ങളുടെ വിലാസം സായുധമായി കൈക്കലാക്കി അംഗങ്ങൾക്ക് സ്വവർഗലൈംഗികതയെ മനോരോഗത്തിൽ മാറ്റുന്നതിന് അനുകൂലമായി വോട്ടു ചെയ്യണമെന്നു ആവശ്യപ്പെട്ടു കത്തുകളയച്ചു. പ്രമേയത്തിനെതിരെ നിന്ന മനോരോഗ വിദഗ്ധർക്ക് തങ്ങളുടെ ഭാഗം വിശദീകരിച്ചു സംസാരിക്കാൻ കാര്യമായ അവസരം നല്കാതിരിക്കുകയും (ഇപ്പോൾ ചാനലുകളിൽ നടക്കുന്നത് പോലെ) ചെയ്തു  കൊണ്ട് ഇവർ നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾ വിജയം കണ്ടെത്തി. വിഷയം വോട്ടിനിടുകയും സ്വവർഗാനുരാഗത്തെ DSM -ൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിനു ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ശാസ്ത്രീയമായ അറിവുകളോ പഠനങ്ങളോ പ്രബന്ധങ്ങളോ അല്ല, മറിച്ച് പ്രലോഭനവും ഭീഷണിയും ഉയർത്തിയുള്ള തന്ത്രപൂർവമായ രാഷ്ട്രീയ കരുനീക്കങ്ങളാണ് സ്വവർഗരതിയെ മനോവൈകല്യങ്ങളുടെ പട്ടികയിൽ നിന്നും മാറ്റാൻ കാരണമായത് എന്ന വസ്തുത നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്. ഇതൊന്നുമറിയാതെ അമേരിക്കയിലും യൂറോപ്പിലും നടക്കുന്നതാണ് പുരോഗമനം എന്ന വികലമായ കാഴ്ചപ്പാട് മൂലം സ്വവർഗ ലൈംഗികത അവകാശമാണ് എന്നു പറഞ്ഞു കൊടിപിടിക്കുകയാണ് നമ്മുടെ പുരോഗമനവാദികൾ. 

   സ്വവര്‍ഗാനുരാഗം ജന്മനാല്‍ ഉള്ളതാണെന്നും അവര്‍ക്ക് സാധാരണ രീതിയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും ഉള്ള വാദവുമുണ്ട്. സ്വവർഗരതിക്കാരിലെ ലൈംഗിക രോഗങ്ങളുടെ ഉയർന്ന നിരക്ക് തന്നെ ഈ വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. സ്വവർഗരതി പ്രകൃതി പരമെങ്കിൽ എന്തുകൊണ്ട് ഈ ഉയർന്ന ലൈംഗിക രോഗനിരക്ക്?. ആധികാരികമായ രേഖകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ആര്‍ക്കീവ്സ് ഓഫ് സെക്ഷല്‍ ബീഹെവിയറില്‍ എഴുതിയ ലേഖനത്തില്‍  മനോരോഗ വിദഗ്ധനായ പ്രൊ.റോബര്‍ട്ട്‌ സ്പിറ്റ്സര്‍ സ്വവര്‍ഗനുരാഗക്കാര്‍ക്ക് തീവ്രമായി പരിശ്രമിച്ചാല്‍ സാധാരണ ലൈംഗികാഭിരുചിയിലേക്ക് തിരിച്ചു വരാമെന്ന് തെളിവുകള്‍ സഹിതം സ്ഥാപിക്കുന്നുണ്ട്. തന്റെ ഒന്നര വർഷത്തെ നിരീക്ഷണത്തിനിടയിൽ 247 പേരെയാണ് അദ്ദേഹം പഠന വിധേയമാക്കിയത്. ഇതിൽ 200 പേർക്കും പൂർണ്ണമായും സ്വവർഗാഭിമുഖ്യത്തിൽ നിന്നും തിരിച്ചു വരാൻ സാധിച്ചു എന്ന് അദ്ദേഹം പറയുന്നു. സ്വവർഗാനുരാഗം ജന്മനാൽ  വളരെ ചെറുപ്പത്തിലുണ്ടായ അനുഭവങ്ങളിലൂടെ സ്വവർഗാഭിമുഖ്യം വന്നവർക്ക് തങ്ങൾ ജന്മനാ സ്വവർഗ തല്പരരാണ് എന്ന് തോന്നാൻ സാധ്യതയുണ്ട്. എന്നാൽ തീവ്രമായ ആഗ്രഹവും പരിശ്രമവുമുണ്ടെങ്കിൽ അവർക്കും തിരിച്ചു വരാനാകും. സ്വവര്‍ഗാനുരാഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടവരുടെ സംഘടനകള്‍ ഇന്ന് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.(അത്സ്ത് നെഫെര്‍സ്, സ്ട്രൈറ്റ്‌വെ ഫൌണ്ടേഷന്‍, അത്തൌബ etc ). 

   മുമ്പ് സൂചിപ്പിച്ചത് പോലെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിന് സ്വവര്‍ഗരതി വളരെ വര്‍ധിച്ച കഴിഞ്ഞ 25 വര്‍ഷത്തിനടക്ക് ഒരാള്‍ പോലും ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം നിലനില്ക്കെ, ഈ നിയമത്തിനെതിരെ എന്തിനു നീങ്ങുന്നു എന്ന കാര്യം സുചിന്തിതമാണ്. എന്തിനെയും വില കൊടുത്ത് വാങ്ങാമെന്ന അഹങ്കാരവും തങ്ങളുടെ ഉല്പന്നം വിറ്റഴിക്കാൻ എന്ത് വൃത്തികേട്‌ വേണമെങ്കിലും ആവാമെന്ന ചിന്തയും കൊണ്ടുനടക്കുന്ന 'വിപണി'യുടെ പ്രയോക്തക്കളാണ് ഇതിനു പിന്നിലെന്നത് ഇപ്പോൾ രഹസ്യമല്ല. രാജ്യം സ്വതന്ത്ര ലൈംഗികതയുടെ കൂത്തരങ്ങാവുമ്പോൾ ലഭിക്കുന്ന അനന്തമായ വാണിജ്യ സാധ്യതകളുടെ മണികിലുക്കമാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. അതിനാൽ ഇതിനെ എതിർക്കുന്നവരെയെല്ലാം മതമൗലികവാദികളും പഴഞ്ചൻ ചിന്താഗതിക്കാരുമാക്കപ്പെടുന്നു. സ്വവർഗരതിയുടെ ജനിതകവശം സ്ഥാപിക്കുന്ന പ്രചരണങ്ങൾ ഇടതടവില്ലാതെ സംഘടിപ്പിക്കപ്പെടുന്നു. ചാനലുകളും പത്രങ്ങളും സോഷ്യൽ മീഡിയയും ഉപയോഗിച്ചുകൊണ്ടുള്ള ശക്തമായ പ്രചാരണമാണ് ഈ 'വിപണി' പ്രയോക്താക്കൾ നടത്തുന്നത്. ഈ പ്രചാരണങ്ങളുടെ ഇരകളാക്കപ്പെടുകയാണ് ഇതിനു വേണ്ടി ഒച്ചയിടുന്ന സോ കോൾഡ് പുരോഗമനവാദികൾ. ഒരു ഭാഗത്ത് സാമ്രാജ്യത്വത്തിനും സ്വതന്ത്ര വിപണിക്കും അധിനിവേശത്തിനുമെതിരെ പ്രകടനം നടത്തുകയും മറുഭാഗത്ത് ഇത്തരം സാംസ്ക്കാരിക അധിനിവേശങ്ങൾക്ക് കൂട്ടിക്കൊടുപ്പുകാരായി മാറുകയുമാണ് ഇവർ ചെയ്യുന്നത്. ഇവർ ഇത് തിരിച്ചറിയുന്നില്ലെങ്കിലും.

   സ്വവർഗരതിക്ക് നിയമ പരിരക്ഷ ലഭിച്ചു കഴിഞ്ഞാൽ അതിനെ മാന്യവല്ക്കരിക്കുന്ന പ്രവർത്തനങ്ങൾക്കായിരിക്കും അതിനെ അനുകൂലിക്കുന്നവർ മുന്നോട്ടു വരിക. അമേരിക്കക്കാര്‍ പോലും ഇത്രയ്ക്കു വേണോ എന്ന് ചോദിച്ചു പോകുന്ന തരത്തിലുള്ള പ്രൈഡ് പരേഡുകൾ, ഗേ-ലെസ്ബിയൻ ക്ലബ്ബുകളിലേക്കുള്ള പരസ്യമായ കാന്‍വാസിങ്ങ് എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇന്ന് സമൂഹം കാത്തുസൂക്ഷിച്ചു പോരുന്ന മുഴുവൻ ധാർമിക മൂല്യങ്ങളും തകരുന്ന അവസ്ഥയിലേക്കാണ് ഇത് കൊണ്ടെത്തിക്കുക. ചരിത്രങ്ങൾ പാഠം പഠിക്കാനുള്ളതാണ്. ദൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇന്ത്യയിൽ ഈ നിയമം കൊണ്ടുവന്ന ബ്രിട്ടീഷുകാരുടെ സ്വവർഗരതിയോടുള്ള ഇന്നത്തെ മനോഭാവത്തെക്കുറിച്ച് പറയുന്നുണ്ട്. കൂടാതെ സ്വവര്‍ഗരതീ വിരുദ്ധനിയമങ്ങളുടെ ചരിത്രത്തെയും അവയുടെ പരിണാമത്തെയും കുറിച്ച് ദീര്‍ഘമായി വിവരിക്കുന്നുമുണ്ട്. പക്ഷെ, സ്വവർഗരതി അനുവദിച്ച രാജ്യങ്ങളിലെ ധാർമിക-മൂല്യച്യുതികളെക്കുറിച്ച് ഒന്നും പറയുന്നില്ല. സർവവിധ വൃത്തികേടുകളുടെയും ആൾക്കൂട്ടങ്ങളാണ് ഈ രാജ്യങ്ങളിലെ സ്വവർഗ സംഘങ്ങൾ. ഈ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോൾ സ്വതന്ത്ര ലൈംഗികതയുടെ വിഹാരരംഗമായി നമ്മുടെ രാജ്യവും  മാറും എന്നു തന്നെയാണ് മനസ്സിലാകുന്നത്. ഇന്നു നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷിതത്വം ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകുവാൻ പോകുന്നത്. സ്കൂളുകളിലേക്കും കോളേജിലേക്കുമുള്ള വഴികളിൽ ഗേ-ലെസ്ബിയൻ  ക്ലബ്ബുകളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യബോർഡുകൾ നിറയുന്ന കാലം അകലെയല്ല എന്നു സാരം. കൂടാതെ സ്വവർഗ ലൈംഗികതയെ  സ്വഭാവിക താല്പര്യമാക്കി മാറ്റിയവർ ശിശുകാമവും (Paedophilia ) പരപീഡേച്ഛയും (sexual sadism) ശവരതിയും (Necrophilia) മനോവൈകല്യങ്ങളായി കാണുന്നത് തുടരേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിയിരിക്കുന്നു എന്നും കാണാതെ പോകരുത്. നേരത്തെ സൂചിപ്പിച്ച ആർക്കൈവ്സ് ഓഫ് സെക്ഷ്വൽ ബിഹേവിയറിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് "ശിശുകാമം ഒരു മാനസിക വൈകല്യമാണോ?" എന്നായിരുന്നു! APA സംഘടിപ്പിച്ച ഒരു സിമ്പോസിയത്തിലെ വിഷയവും "ശിശുകാമവും ലൈംഗിക സാഡിസവും മനോവൈകല്യങ്ങളായി കാണുന്നത് തുടരേണ്ടതുണ്ടോ?" എന്നതായിരുന്നു!!. 

   ജനസംഖ്യയുടെ വളരെ ചെറിയ ശതമാനം മാത്രം വരുന്ന 'മനോരോഗ ന്യൂനപക്ഷ' ത്തിനു വേണ്ടി സാംസ്ക്കാരിക ജീർണതകൾക്ക് റെഡ് കാർപ്പെറ്റ് വിരിക്കേണ്ടതുടോ എന്നാണ് നാം ചിന്തിക്കേണ്ടത്. ന്യൂനപക്ഷത്തിന്റെ മനോരോഗസംരക്ഷണമാണോ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ സാമൂഹിക സുസ്ഥിതിയാണോ പ്രധാനം എന്നു നാം വിലയിരുത്തുക. രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ നിയമ നിർമാണം നടത്താൻ കാട്ടുന്ന വ്യഗ്രത ആശ്ചര്യവും ആശങ്കയും ജനിപ്പിക്കുന്നതാണ്. ഈ പ്രവണതകൾക്കെതിരെ ഇനിയും ശബ്ദമുയർത്തിയില്ലെങ്കിൽ വിവാഹം കഴിക്കുന്നതും മാന്യമായ കുടുംബജീവിതം നയിക്കുന്നതുമെല്ലാം  മതമൗലികവാദവും കാടൻ സംസ്ക്കാരവും ഫാസിസവും ആയി കാണുന്ന ഒരു സമൂഹസൃഷ്ടി അതിവിദൂരമാവില്ല.

റഫറൻസ് :
www.ngosindia.com
http://www.ndtv.com/article/india/supreme-court-judgement-on-homosexuality-full-text-457551
സ്വവർഗരതി: അവകാശമോ വൈകൃതമോ --- എം എം അക്ബർ
http://cnls.lanl.gov/~rajan/AIDS-india/invngo.html
www.nazindia.org

Thursday, October 10, 2013

മുസ്‌ലിം പെണ്‍കുട്ടികളും വിവാഹപ്രായവും

   
      

       മുസ്‌ലിം പെണ്‍കുട്ടികളും വിവാഹപ്രായവും എന്നും മീഡിയയുടെ ഇഷ്ടവിഷയമായിരുന്നു. ഒരു തരത്തിൽ മുസ്‌ലിം സ്ത്രീകൾ വളരെ ഭാഗ്യവതികളാണ്. ചോദിക്കാനും പറയാനും ഒട്ടേറെ പേർ അവർക്കുണ്ട്‌. അവളുടെ ഏതൊരു വിഷയത്തിലും ഇന്നുവരെ ആരും പ്രതികരിക്കാതിരുന്നിട്ടില്ല. അവളുടെ കാര്യത്തിൽ എന്തെങ്കിലും അഭിപ്രായം ഏതെങ്കിലും പുരോഹിതൻ പറഞ്ഞാൽ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകളുയർത്താൻ അവളെ അറിയുന്നതും അറിയാത്തതുമായ ഒരായിരം കൈകളുണ്ട്. മാനവിക വാദികൽക്കും യുക്തിവാദികൽക്കും സംഘ് പരിവാറിനും തീവ്രമതേതരമുസ്‌ലിംകൽക്കും എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെട്ട വിഷയം എന്താണെന്ന് ചോദിച്ചാൽ അത് 'മുസ്‌ലിം സ്ത്രീ/ പെണ്‍കുട്ടി' ആണ്.
               ഇത്രയും ഗൗരവപ്പെട്ട ഒരു വിഷയത്തിൽ ഇടപെടുമ്പോൾ കാണിക്കേണ്ട അവധാനത ഈയടുത്ത് മുസ്‌ലിം മതസംഘടനകൾ നടത്തിയ സംയുക്ത അഭിപ്രായ പ്രകടനത്തിൽ ഉണ്ടായില്ല എന്നത് ഭയാനകമാണ്. വിവാഹപ്രായം 18 എന്ന് നിജപ്പെടുത്തുന്നത് ഒഴിവാക്കണം എന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു എന്നാണ് വാർത്ത. 'അനിവാര്യ സാഹചര്യ'ങ്ങളിൽ 18 നു മുമ്പ് വിവാഹം കഴിപ്പിക്കേണ്ടി വന്നാൽ വിവാഹം കഴിച്ചവർക്കും അതിനു കാർമികത്വം വഹിച്ചവർക്കും നിയമക്കുരുക്കുകളിൽ പെടാതിരിക്കാൻ വേണ്ടിയാണത്രേ അത്. നിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്നും വിടുതൽ ലഭിക്കാൻ ആർക്കും കോടതിയെ സമീപിക്കാൻ അവകാശമുണ്ട്‌. വിവാഹപ്രായം 18 ആക്കുന്നത് ഭരണഘടന നല്കുന്ന മൌലികാവകാശങ്ങളുടെ ലംഘനമാണെന്നും മുസ്‌ലിം വ്യക്തിനിയമം നല്കുന്ന അവകാശങ്ങൾ ഹനിക്കുന്നതുമാണെന്നും ആരോ പറഞ്ഞു. മുസ്‌ലിം വ്യക്തി നിയമം പോയിട്ട് മുസ്‌ലിം സമൂഹം തന്നെ നിലനില്ക്കുമോ എന്നു ചിന്തിക്കേണ്ട സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ കാലത്ത്, വ്യക്തിനിയമം കൊണ്ട് ഒരു പൊതുനിയമത്തെ തിരുത്താമെന്ന് വിചാരിക്കുന്നത് എത്രമേൽ ബുദ്ധിശൂന്യവും അപഹാസ്യവുമാണ്. മുസ്‌ലിം സമൂഹവും ഇസ്‌ലാമും പഴഞ്ചനും കാടത്തം നിറഞ്ഞതുമാണെന്നു പൊതുസമൂഹത്തിനിടയിൽ ധാരണ വരുത്തിത്തീർക്കാനെ ഇത്തരം പ്രമേയങ്ങൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ഉപകാരപ്പെടുകയുള്ളൂ. അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല എന്ന രീതിയിൽ ചിലരെങ്കിലും ഇതിൽ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ട്. അവർ ഇതിലെ അപകടം മനസ്സിലാക്കി പിന്മാറിയതാണെങ്കിൽ വളരെ നല്ല കാര്യം തന്നെ.
               ഒരു പെണ്‍കുട്ടി, അവൾക്കു 17 വയസ്സും 364 ദിവസവും പ്രായമെത്തുമ്പോൾ ഒരു മാജിക് സംഭവിച്ച് അവൾ ബുദ്ധിയും വിവേകവുമുള്ള ഒരു സ്ത്രീയായി തീരും എന്നാരും ഇവിടെ വിശ്വസിക്കുന്നില്ല. ജീവിതത്തിലെ വിവിധ പരീക്ഷണ ഘട്ടങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളും സമീപനങ്ങളുമാണ് ഓരോ വ്യക്തിയുടെയും, അത് പുരുഷനായാലും സ്ത്രീയായാലും, വിവേകത്തെയും പക്വതയെയും പരിപോഷിപ്പിക്കുന്നത്. അത് പ്രായത്തിനനുസരിച്ചല്ല, പ്രശ്നങ്ങളും സാഹചര്യങ്ങളുമാണ് അത്തരമൊരു വ്യക്തിയെ വാർത്തെടുക്കുന്നത്. കാറ്റും കോളും നിറഞ്ഞ കടൽ നല്ലൊരു നാവികനെ സൃഷ്ടിക്കുന്നു എന്നൊരു പഴമൊഴി തന്നെയുണ്ട്‌. ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് വിവേകമതിയായ നല്ലൊരു മനുഷ്യനെ സൃഷ്ടിക്കുന്നത് എന്നു സാരം. 40 ഉം 50 ഉം വയസ്സ് കഴിഞ്ഞിട്ടും പ്രശ്നങ്ങളിൽ കൃത്യമായ, വിവേകപൂർണമായ തീരുമാനമെടുക്കാനാവാത്ത ഒരുപാട് ആളുകളെ നമുക്ക് സമൂഹത്തിൽ കാണാനാകും. അതുപോലെ വളരെ ചെറുപ്രായത്തിൽ തന്നെ പക്വമാർന്ന നിലപാടുകൾ എടുക്കുന്നവരെയും കാണാനാകും. പൂർണ തോതിൽ വിവേകമെത്തിയതിനു ശേഷം മാത്രം വിവാഹം എന്നത് പ്രായോഗികമല്ല. പക്ഷെ നിയമത്തിനു ഒരു സാമാന്യബോധത്തോട് ഏറ്റവും ചേർന്നു നില്ക്കുന്ന ഒരു പ്രായം തിരഞ്ഞെടുത്തേ മതിയാവൂ. ഇന്ത്യൻ സാഹചര്യത്തിൽ അത് 18 ആണ്. അതിനോട് എതിർപ്പുള്ളവർക്ക് കോടതിയിൽ പോകാവുന്നതാണ്. പക്ഷെ, അത് സമുദായത്തിന്റെ പൊതുപ്രശ്നമെന്ന നിലയിൽ സമൂഹത്തിൽ അവതരിപ്പിക്കുന്നതിലാണ് എതിർപ്പ്. വിവിധ രാജ്യങ്ങളിൽ, വിവിധ കാലഘട്ടങ്ങളിൽ സ്ത്രീയുടെ വിവാഹപ്രായം (പുരുഷന്റെതും) വ്യത്യസ്തമായിരുന്നു. ഇപ്പോഴും പല രാജ്യങ്ങളിലും വലിയ വ്യത്യാസം തന്നെ വിവാഹപ്രായത്തിൽ കാണാവുന്നതാണ്. ഒരു സാർവകാലിക മതം എന്ന നിലയിൽ ഇസ്‌ലാം വിവാഹത്തിന് പ്രായം നിശ്ചയിച്ചിട്ടില്ല.( ഖുർആൻ വ്യക്തമായ നിർദേശം നല്കിയിട്ടില്ല എന്നതുകൊണ്ട്‌ 'നിങ്ങൾ നിങ്ങളുടെ ഭരണകർത്താക്കളെ അനുസരിക്കുക" എന്ന ഖുർആനിക നിർദേശം ഈ വിഷയത്തിൽ സ്വീകരിക്കുന്നതാണ് നല്ലത്) വിവാഹത്തോട് കൂടി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിലക്കുമെന്നും ഞാൻ കരുതുന്നില്ല. പക്ഷെ, ഇതൊന്നും പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെടാൻ മാത്രം ന്യായമായ കാരണങ്ങളല്ല.
               വിവാഹച്ചന്തയിൽ മുസ്‌ലിം പെണ്‍കുട്ടി അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നവും ദുരിതവും സ്ത്രീധനം തന്നെയാണ്. ഇസ്‌ലാമികമായി ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്ത ഈ ദുരാചാരത്തെ ഇല്ലാതാക്കാൻ ഇതുവരെയായി ഒരു സംയുക്ത യോഗവും മുസ്‌ലിം സംഘടനകൾ ചേർന്നതായി അറിവില്ല. നല്ല വില കൊടുത്ത് വരനെ വാങ്ങാൻ സാധിക്കാത്തതു കൊണ്ട് വിവാഹം കഴിയാതെ നില്ക്കുന്ന ഒട്ടേറെ യുവതികൾ സമുദായത്തിലുണ്ട്. മൈസൂർ കല്യാണവും അറബി കല്യാണവും അങ്ങനെയാണുണ്ടാവുന്നത്. കവലകൾ തോറും വാദപ്രതിവാദങ്ങളും ഖണ്ഡന-മണ്ഡനങ്ങളും നടത്തി മലീമസമാക്കുന്ന ഇവർക്ക് പെണ്‍കുട്ടികളുടെ വിവാഹപ്രായം വരുമ്പോൾ ഒരുമിക്കാൻ യാതൊരു മടിയുമില്ല എന്നതാണ് ഇതിലെ രസകരമായ വസ്തുത. അപരാധിയോ നിരപരാധിയോ എന്നു തിരിച്ചറിയാതെ ഒട്ടേറെ ചെറുപ്പക്കാർ ജയിലിൽ കഴിയുമ്പോൾ ആ വിഷയത്തിൽ സംയുക്തമായ ഒരു പ്രതികരണം നടത്താൻ ഇവർ ആരുമില്ല. മാധ്യമങ്ങൾ ഭീകരവാദത്തെ എപ്പോഴും ഇസ്‌ലാമുമായി കൂട്ടിച്ചേർത്തു മാത്രം വായിക്കുകയും എഴുതുകയും ചെയ്യുമ്പോഴും അതിശക്തമായ മാധ്യമവിചാരണക്ക് സമുദായം ഇരയാകുമ്പോഴും പ്രതികരിക്കാനും മറുപടി പറയാനും ഇവരാരുമില്ല. സംഘടനക്കു പുറത്ത് ആരും വായിക്കാത്ത തങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ മാത്രം ഈ വിഷയങ്ങൾ ഒതുങ്ങി. തങ്ങൾ തീവ്രവാദികളാക്കി ചിത്രീകരിക്കപ്പെടുമോ എന്ന ഭയം ഇവരുടെ പ്രതികരണങ്ങളിൽ പലപ്പോഴും നിഴലിക്കുന്നുണ്ട്. ആ വിഷയങ്ങളിലൊന്നുമില്ലാത്ത വേവലാതി ഈ നേതാക്കളുടെ കണക്കിൽ തന്നെ കേവലം 'ചെറിയ ശതമാനം' മാത്രമുള്ള 'ഇര'കളുടെ കാര്യത്തിൽ കാണിക്കുമ്പോഴാണ് സംഘടനകൽ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത്. 
               18 വയസ്സിനു മുമ്പ് വിവാഹം കഴിപ്പിച്ചാൽ ഉണ്ടാകുന്ന നിയമപരമായ ഭവിഷ്യത്തുകൾ മറികടക്കാൻ ഏറ്റവും നല്ല വഴി 18 വയസ്സിനു മുമ്പ് വിവാഹം ചെയ്തുകൊടുക്കാതിരിക്കുക എന്നത് തന്നെയാണ്. 'അനിവാര്യകാരണ'ങ്ങളാൽ വിവാഹം കഴിപ്പിക്കേണ്ട ഘട്ടം വരികയാണെങ്കിൽ എന്നാണ് ഇപ്പോഴുള്ള വിഷയം. സാധാരണയായി സാധ്യതയുള്ള അനിവാര്യ സാഹചര്യങ്ങൾ ഇവയൊക്കെയാണ്. 
1- രക്ഷിതാക്കൾക്ക് ഇഷ്ടപ്പെടാത്ത ആരെങ്കിലുമായി പ്രേമത്തിലകപ്പെടുക.
2- അത്തരം ബന്ധത്തിലൂടെ ഗർഭിണി ആവുക.
3- പെണ്‍കുട്ടിയുടെ പിതാവോ മാതാവോ അടുത്ത ബന്ധുവോ മാരകരോഗം ബാധിച്ചു കിടപ്പിലാവുകയും കുട്ടിയുടെ വിവാഹം നടന്നു കാണണമെന്ന് അവർ അതിയായി ആഗ്രഹിക്കുകയും ചെയ്യുക.
               ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിക്കുന്നതെന്തിനാണ്? അത്തരം അവസരങ്ങളിൽ ഇളവിനു വേണ്ടി കോടതിയിൽ പോകാം എന്നല്ലാതെ. ഇന്നത്തെ കാലത്ത് ഈ പറഞ്ഞ എല്ലാ അവസ്ഥകളും 16 വയസ്സിനു മുമ്പും സാധ്യതയുള്ളതാണ്. അപ്പോൾ 10 വയസ്സിൽ വരെ വിവാഹം നടത്തേണ്ടി വന്നേക്കാം. കൂടാതെ ഈ അനിവാര്യ കാരണങ്ങൾ മുസ്‌ലിം സമുദായത്തിന് മാത്രം ബാധകമല്ലല്ലോ. ഇതിലെല്ലാമുപരി, പെണ്‍കുട്ടികൾക്ക് കൃത്യമായ അവബോധം നല്കി ആദ്യ രണ്ടു സാഹചര്യങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ് പ്രാധാന്യമേറിയത്. അതിനുവേണ്ടി മതസംഘടനകൾ അവരുടെ അജണ്ടകളും മുന്ഗണനകളും പരിഷ്കരിച്ച് പ്രവർത്തിക്കേണ്ടി വന്നേക്കാം. മദ്രസകളും മറ്റു ക്ലാസ്സുകളും സംവിധാനങ്ങളും നിലവിലുള്ള മതസംഘടനകൾക്ക് ഇത് പ്രയാസകരമൊന്നുമല്ല. എന്നാൽ സിലബസിലും പഠനരീതികളിലും മറ്റു സംവിധാനങ്ങളിലും ഭാഗികമോ സമ്പൂർണമോ ആയ ഒരു ഉടച്ചുവാർക്കൾ ഇതിനു ആവശ്യമായി വന്നേക്കാം. ഇതൊക്കെ ചെയ്തിട്ടും മേല്പറഞ്ഞ 'അനിവാര്യ സാഹചര്യങ്ങൾ' ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കിൽ ഇളവിനു വേണ്ടി കോടതികളെ സമീപിക്കാം എന്നല്ലാതെ ഇത് സമുദായത്തിന്റെ പൊതു പ്രശ്നമായി സമൂഹത്തിനും കോടതിക്കും മുമ്പിൽ അവതരിപ്പിക്കുമ്പോഴാണ് നേതാക്കളുടെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുന്നത്. 

ഐക്യം സ്വാഗതാർഹം, പക്ഷെ...

       ബഹുമാന്യ പണ്ഡിതൻ ജനാബ് ഹുസൈൻ മടവൂർ മക്കയിൽ നിന്നെഴുതിയ 'മരിക്കുന്നതിനു മുമ്പ് നമ്മൾ ഒന്നാകുമോ?" എന്ന കുറിപ്പിന്റെ അടിസ്ഥാനത്തിൽ മുജാഹിദ് ഐക്യ ശ്രമങ്ങൾ നടക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്. 2002 -ൽ അന്നത്തെ യുവജനവിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റിയെ ആദർശവ്യതിയാനം ആരോപിച്ചു കൊണ്ട് പിരിച്ചുവിട്ടതിന്റെ അടിസ്ഥാനത്തിൽ, ഹുസൈൻ മടവൂർ പക്ഷം യോഗം ചേർന്ന് അന്നത്തെ കെ. എൻ. എം. കമ്മിറ്റിയെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. നാലു വർഷമായി സംഘടനക്കുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന വിഷയങ്ങൾ അതോടുകൂടി പൊട്ടിത്തെറിക്കുകയും പിളർപ്പ് പൂർണമാകുകയും ചെയ്തു. പിളർപ്പ് അനിവാര്യമായിരുന്നെങ്കിലും എന്നെ ഏറെ ദുഖത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു അത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന തോന്നൽ മനസ്സിൽ ശക്തമായിരുന്നു. പിന്നീട് ഓരോ ഐക്യശ്രമങ്ങളും പരാജയപ്പെടുമ്പോഴും മനസ്സ് വേദനിച്ചിരുന്നു. വ്യക്തിപരമായി ചെറിയ രീതിയിലുള്ള ഐക്യശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.
       ഇത്രയും എഴുതിയത് ഇപ്പോൾ നടക്കുന്ന ഐക്യശ്രമങ്ങൾക്ക് ഞാൻ ഒരിക്കലും എതിരല്ല എന്നു സൂചിപ്പിക്കുവാൻ തന്നെയാണ്. ഈ ഐക്യശ്രമങ്ങൾ ഏറ്റവും നല്ല രൂപത്തിൽ, എത്രയും വേഗം സഫലമാകട്ടെ എന്ന പ്രാർത്ഥനയുമുണ്ട്. തലക്കെട്ടിലെ 'പക്ഷെ' യുടെ ബാക്കിയാണ് ഇനി സൂചിപ്പിക്കുന്നത്. കേവലം തൊലിപ്പുറത്തെ ഐക്യം എത്രത്തോളം ഗുണം ചെയ്യും എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതാനും വർഷങ്ങൾ കൊണ്ട് മാത്രം ഉണ്ടായ ഒരു സംഗതിയായി പിളർപ്പിനെ നമുക്ക് കാണാൻ സാധിക്കില്ല. കൂടാതെ പിന്നിട്ട പതിനൊന്നു വർഷങ്ങൾ എത്രത്തോളം ബഹളമയമായിരുന്നു എന്നതും നമുക്കറിയാവുന്നതാണ്. വ്യക്തികളും കുടുംബങ്ങളും മാനസികമായി ഒരുപാടു അകന്ന ഒരു അന്തരീക്ഷമാണ് നമുക്ക് മുന്നിലുള്ളത്. രേഖാമൂലമുള്ള ഒരു ഐക്യം എത്രത്തോളം മാനസിക ഐക്യം കൊണ്ടുവരും എന്നുനാം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട് പിളർപ്പുണ്ടായി എന്നും എങ്ങനെ അത് വരുംകാലങ്ങളിൽ തരണം ചെയ്യാമെന്നും ആലോചിക്കാതെയുള്ള ഐക്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത. പിളർപ്പ് ആദർശപരമായിരുന്നോ അല്ലേ എന്ന ചർച്ച അവിടെ നില്ക്കട്ടെ. എന്തുകൊണ്ട് ഈ പിളർപ്പ്, കേരള മുസ്‌ലിം സമൂഹത്തിനാകമാനം നാണക്കേടുണ്ടാക്കുന്ന വിധത്തിൽ മാറി എന്നതാണ് നാം വളരെ ഗൌരവമായി ചിന്തിക്കേണ്ട കാര്യം. തൗഹീദിന്റെ ശക്തമായ അടിത്തറയിൽ വാർത്തെടുക്കപ്പെട്ടത് എന്നു നാം അഭിമാനിച്ചിരുന്ന ഈ സമൂഹത്തിനു എങ്ങനെ ഇത്രയും മോശപ്പെട്ട രീതിയിലേക്ക് മാറാൻ സാധിച്ചു എന്നത് നമ്മെ അതിശയിപ്പിക്കേണ്ട ഒന്നു തന്നെയാണ്. അല്ലാഹു മാത്രമാണ് ആരാധ്യനെന്നും ഇഹലോകത്ത് ചെയ്യുന്ന ഓരോ കര്‍മങ്ങള്‍ക്കും പരലോകത്ത് കണക്കു പറയേണ്ടി വരും എന്നും വിശ്വസിക്കുകയും എപ്പോഴും ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ഒരു മതസംഘടന, അതിന്‍റെ അഭ്യന്തര അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതും അതൊരു പിളര്‍പ്പിലേക്ക് നീങ്ങുന്നതും വളരെയധികം ദുഃഖകരമാണ്. എന്നാൽ അതിനേക്കാൾ ദുഃഖകരമല്ലേ മറുചേരിയിലുള്ളവരെ പരിഹസിക്കാനും കളിയാക്കുവാനും വളരെ വൃത്തികെട്ട രീതികൾ അവർ അവലബിക്കുന്നു എന്നത്, വാക്കുകളും പ്രയോഗങ്ങളും അതിരുകടക്കുന്നുവെന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന കൃത്യമായ ഒരു അവലോകനം ഇനിയും ഉണ്ടായിട്ടില്ല എന്നാണറിയുന്നത്. തങ്ങളുടെ വാദങ്ങള്‍ക്കുള്ള ന്യായീകരണങ്ങളടങ്ങുന്ന എല്‍ സി ഡി ക്ലിപ്പുകളുമായി പണ്ഡിതന്മാരും(?) പ്രസംഗകരും കേരളം ചുറ്റുന്നത്‌ വളരെയധികം പരിഹാസ്യവും പരലോകത്ത് ശിക്ഷ ക്ഷണിച്ചു വരുത്തുന്നതുമാണ് എന്ന തിരിച്ചറിവ് നല്കാതെ ഉണ്ടാക്കിയെടുക്കുന്ന ഐക്യം നിലനില്ക്കാൻ പ്രയാസമാണ്. ഇനി നിലനിൽക്കുകയാനെങ്കിൽ തന്നെ ഈ ഐക്യം പരലോകത്ത് യാതൊരു ഗുണവും വരുത്തുകയില്ല. 
       വേറിട്ടു നില്ക്കുന്നതിലാൻണ് ഇസ്‌ലാം എന്ന ധാരണ പൊതുവെ മുജാഹിദ് പ്രസ്ഥാനത്തിലുണ്ട്. എങ്ങനെ ഐക്യപ്പെടാം എന്നതിലുപരി എങ്ങനെ വേറിട്ട്‌ നില്ക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. ഈ ഐക്യാഹ്വാനത്തിനോടുള്ള പലരുടെയും പ്രതികരണങ്ങൾ അതാണ്‌ സൂചിപ്പിക്കുന്നത്. ഒഴുക്കിനെതിരെ നീന്തുക എന്ന പ്രയോഗം മുജാഹിദുകൾ കൂടുതലായി പ്രയോഗിക്കുന്ന ഒന്നാണ്. എവിടെയും വ്യത്യസ്തനാകുക എന്നതാണ് ആദർശബോധത്തിന്റെ അടിത്തറ എന്ന് ചിലരെങ്കിലും കണക്കാക്കുന്നു. അമാന്യതയെ ആദർശ പ്രതിബദ്ധതയായി തെറ്റിദ്ധരിക്കുന്ന ഒരു പ്രവണത സമൂഹത്തിലുണ്ട്. അതായത്, മാന്യതയെ ആദർശ പ്രതിബദ്ധതയില്ലായ്മയായി വിലയിരുത്തപ്പെടുന്നു. ഇതര ഇസ്‌ലാമിക സംഘടനകളോടുള്ള പെരുമാറ്റം രൂക്ഷമല്ലെങ്കിൽ ആദർശത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട് എന്നാണ് ചിലരെങ്കിലും കരുതുന്നത്. അല്ലാഹുവിനെ ഏക ആരാധ്യനായും മുഹമ്മദ്‌ നബി (സ) യെ അവന്റെ അന്ത്യ പ്രവാചകനായും അംഗീകരിക്കുന്നവരെ മുസ്ലിംകളായി ഉൾപ്പെടുത്തുക എന്നതാണ് സാമാന്യമായി മുസ്‌ലിം ലോകം അംഗീകരിച്ചു വരുന്ന രീതി. ആ രീതി പൂർണ അർത്ഥത്തിൽ ഉൾക്കൊള്ളാൻ പ്രസ്ഥാനത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല എന്നു തന്നെയാണ് വ്യക്തമാകുന്നത്. ആദർശ വിഷയത്തിൽ വളരെ കർശനമായ നിലപാട് സ്വീകരിക്കുകയും പെരുമാറ്റത്തിൽ സൗമ്യത പാലിക്കുകയും ചെയ്യുക എന്ന ഇസ്‌ലാമിക രീതിയും പ്രവർത്തകർ പലപ്പോഴും നിരസിക്കുന്നുണ്ട്. പെരുമാറ്റത്തിലെ കാർക്കശ്യവും രൂക്ഷതയുമാണ് ആദർശത്തിന്റെ അളവുകോലായി പലരും സ്വീകരിക്കുന്നത്.
       അല്ലാഹുവിന്റെ അസ്തിത്വവും ഏകത്വവും ബോധ്യപ്പെട്ടു വിശ്വസിച്ച ഒരാൾക്ക് അത്യാവശ്യമായി വേണ്ടത് ആത്മസംസ്ക്കരണമാണ്. അത് നല്കാത്ത കാലത്തോളം ഇത്തരം ആരോപണ-പ്രത്യാരോപണങ്ങളും പിളർപ്പുകളും വന്നു കൊണ്ടേയിരിക്കും. തസ്കിയത്ത് എന്നുപറയുമ്പോൾ കേവലം ക്ലാസ്സുകൾ കൊണ്ടും ക്യാമ്പുകൾ കൊണ്ടും മാത്രം നല്കാനും നേടിയെടുക്കാനും കഴിയുന്ന ഒന്നല്ല. സ്വന്തം പരലോകമോക്ഷം മാത്രമായിരിക്കണം എല്ലാ ഓരോരുത്തരുടെയും ആദ്യ ലക്‌ഷ്യം. ആ ലക്‌ഷ്യം തന്റെ ഓരോ പ്രവർത്തനങ്ങൾക്കും ചാലകമായി പ്രവർത്തിക്കണം. പക്ഷെ, ഖേദകരമെന്നു പറയട്ടെ, സമൂഹത്തെ നന്നാക്കുക എന്ന പ്രവൃത്തിയിലാണ് ഭൂരിഭാഗം പേരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൗതിക പ്രസ്ഥാനങ്ങളുടെ അമിതസ്വാധീനം മൂലമാകാം, സ്വയം നന്നാവുക അതിലൂടെ ഇഹപര വിജയം കരസ്ഥമാക്കുക എന്നത് പലരും മറന്നുപോയിരിക്കുന്നു. പകരം സംഘടനക്കു അമിത പ്രാധാന്യം നല്കിയിരിക്കുന്നു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നാണ് ഇസ്‌ലാമിന്റെ ക്രമം. വ്യക്തികൾ നന്നാവാതെ കുടുംബമോ സമൂഹമോ രാഷ്ട്രമോ ശരിയാകുകയില്ല. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനം. കുടുംബമാകട്ടെ, വ്യക്തികളിലും. സംഘടനാരംഗത്ത് സജീവമായ പലരുടെയും കുടുംബരംഗം വളരെ മോശമാവുന്നത് നാം കാണുന്നു. എന്നിട്ടവർ തന്നെ സമൂഹത്തെ, സമുദായത്തെ ഉദ്ധരിക്കാൻ അഹോരാത്രം പാടുപെടുന്നു!. ആദ്യം വ്യക്തികൽ നന്നാവട്ടെ, അതിലൂടെ മാത്രമേ സമൂഹത്തെ നന്നാക്കാനാവൂ. വ്യക്തികളുടെ സംസ്ക്കരണത്തിനു വേണ്ടിയാണ് ആരാധനകളും പ്രവർത്തനങ്ങളും അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ളത്. അപ്പോൾ മാത്രമേ, ആത്യന്തികമായി വിജയം കൈവരികയുള്ളൂ. ലക്‌ഷ്യം സമൂഹത്തിന്റെ ഉന്നമനത്തിൽ നിന്ന് സ്വന്തം പരലോക മോക്ഷം എന്നതിലേക്ക് മാറ്റപ്പെടേണ്ടതുണ്ട്. ആ ലക്ഷ്യ സാക്ഷാൽക്കാരത്തിനു വേണ്ടിയാകണം ഓരോ പ്രവർത്തനങ്ങളും. പ്രസ്ഥാനത്തിന്റെ വളർച്ചയോ അംഗ വർദ്ധനവോ മറ്റേതെങ്കിലും ഭൌതിക നേട്ടങ്ങളോ ഇതിനു തടസ്സമാകരുത്. ഇപ്പോൾ വിഭജിച്ചു നില്ക്കുന്ന ഓരോ വിഭാഗവും തങ്ങളുടെ അനുയായികൾക്ക് ആ രീതിയിലുള്ള ഒരു ആത്മീയ വളർച്ച നല്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് മുന്ഗണന നല്കുക, പൂർണ തോതിലുള്ള തസ്കിയത്തും തർബിയത്തും നല്കുവാനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കുക. അപ്പോൾ എതിരെ നില്ക്കുന്നവരെ ബഹുമാനിക്കുന്ന, പ്രബോധനത്തിനു പ്രവാചകന്മാരുടെ ശൈലി സ്വീകരിക്കുന്ന, പരലോക ഭയമുള്ള, നല്ലൊരു സമൂഹം ഇവിടെ സൃഷ്ടിക്കപ്പെടും. അപ്പോൾ സ്വാഭാവികമായി, താനേ ഐക്യം കൈവരും.

Saturday, September 7, 2013

ബസ് അപകടങ്ങൾ: മാറേണ്ടത് നിയമങ്ങളും സംസ്കാരവും

ബസ് അപകടങ്ങൾ തുടർക്കഥയാകുകയാണ്. റോഡിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ആരാണ് ഉത്തരവാദികൾ? സ്വകാര്യ ബസ് ഉടമകളും ഡ്രൈവർമാരുമാണ് പ്രധാന പ്രതികൾ എന്ന രീതിയിലാണ് ചർച്ചകൾ മുന്നേറുന്നത്. പൊതുവിൽ തങ്ങളുടെ യാത്രക്ക് വേണ്ടി കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന ഒന്നാണ് സ്വകാര്യ ബസുകൾ. അശ്രദ്ധ, അമിത വേഗത, മത്സര ഓട്ടം എന്നിവയ്ക്ക് കുപ്രസിദ്ധമാണ് സ്വകാര്യ ബസുകൾ. എന്തുകൊണ്ട് സ്വകാര്യ ബസ് ഡ്രൈവർമാർ സ്വന്തം ജീവനു പോലും വില കല്പിക്കാതെ അശ്രദ്ധമായി അമിതവേഗതയിൽ മത്സരബുദ്ധിയോടുകൂടി ബസോടിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണ് യഥാർത്ഥ കാരണം വെളിവാകുന്നത്. റോഡിലെ കുഴികളോടും ഓരോ ഞാഞ്ഞൂൽ സംഘടനകളും നടത്തുന്ന പ്രകടനങ്ങളോടും സമയ ക്ലിപ്തത പാലിക്കാതെ ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസുകളോടും റോഡ്‌ നിയമങ്ങൾ കൃത്യമായി പാലിക്കാത്ത സ്വകാര്യ വാഹനങ്ങളോടും മത്സരിച്ചു കൊണ്ടാണ് സ്വകാര്യ ബസുകൾ കൃത്യസമയം പാലിച്ചുകൊണ്ട് ഓരോ സ്റ്റോപ്പിലും എത്തിച്ചേരേണ്ടത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ പുറകിൽ ബസുകൾ കടന്നുവരുന്നതു കൊണ്ട് അവർക്ക് കൃത്യസമയം പാലിച്ചേ തീരൂ. (പല ബസുകളിലും പുറകിലെ ഡോറിനടുത്ത സീറ്റിലിരിക്കുന്നയാൽ തൊട്ടു പിറകിലെ ബസിന്റെ 'ഷാർപ്നെർ' തസ്തികയിലുള്ള ജീവനക്കാരനായിരിക്കും. ഓരോ സ്റ്റോപ്പിൽ നിന്നും അതിന്റെ കൃത്യസമയത്ത് തന്നെ ഈ ബസ് വിട്ടുപോകുന്നു എന്നുറപ്പുവരുത്തലാണ് ഇയാളുടെ കർത്തവ്യം). അതുകൊണ്ട് തന്നെ സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ അസാമാന്യ വേഗത്തിൽ ബസോടിക്കാൻ ഡ്രൈവർമാർ നിർബന്ധിതരാകുന്നു.
       ആദ്യം മാറേണ്ടത് നമ്മുടെ ഗതാഗതസംസ്ക്കാരം തന്നെയാണ്, പിന്നെ നിയമങ്ങളും. തൊട്ടടുത്ത സ്ഥലത്തേക്ക് പോകുവാൻ പോലും 'ലിമിറ്റഡ്' കാത്തുനിൽക്കുന്നവർ, സ്റ്റോപ്പെത്തുന്നതിനു മുമ്പ് തന്നെ എഴുന്നേറ്റു പടികളിൽ നിൽക്കുന്നവർ, റോഡിലേക്കു കയറി നില്ക്കുന്ന ഓട്ടോ / ടാക്സി സ്റ്റാൻഡുകൾ, ഫുട്പാത്ത് കയ്യേറി നടക്കുന്ന കച്ചവടങ്ങൾ, സീബ്രാ ലൈനോ സബ് വേയോ ഉപയോഗിക്കാതെ, വാഹനങ്ങളെ ശ്രദ്ധിക്കാതെ  റോഡ്‌ മുറിച്ചുകടക്കുന്ന കാൽനടക്കാർ, കാലിയായി പോകുന്ന KSRTC ഉണ്ടെങ്കിലും സ്വകാര്യ ബസ് കാത്തുനില്ക്കുന്ന യാത്രികർ, സ്വകാര്യ ബസ് മുതലാളിമാരുടെ മാസപ്പടിയിൽ ജോലിയെടുക്കുന്ന സർക്കാർ  ഉദ്യോഗസ്ഥർ, കേറിയ ബസിനു വേഗം ഒരല്പം കുറഞ്ഞാൽ മുറുമുറുക്കുന്ന യാത്രക്കാർ, തിരക്കുള്ളതിന്റെ വിപരീത ദിശയിലേക്കു സർവീസ് നടത്തുന്ന KSRTC ബസുകൾ, യാത്രക്കാരെ കുത്തിനിറച്ച ബസുകൾ, മുന്നിൽ കാണുന്ന ഏതു വാഹനത്തെയും ഓവർടേക്ക് ചെയ്യലാണ് തന്റെ ഡ്യൂട്ടി എന്നു കരുതുന്ന സ്വകാര്യ വാഹനങ്ങൾ, ഏതൊരു പാർട്ടിക്കും സംഘടനക്കും എപ്പോൾ വേണമെങ്കിലും നടത്താവുന്ന പ്രകടനങ്ങളും ജാഥകളും, ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ എന്നിവ നമ്മുടെ റോഡുകളിലെ സ്ഥിരം കാഴ്ചകൾ തന്നെയാണ്. ഈയൊരു സംസ്ക്കാരത്തിൽ നിന്നും മാറാതെ നമുക്കെങ്ങനെ റോഡ്‌ സുരക്ഷ ഉറപ്പുവരുത്താനാവും? വളരെ അമിത വേഗത്തിൽ സ്വന്തം വാഹനമോടിക്കുന്നവർ തന്നെയാണ് പലപ്പോഴും സ്വകാര്യ ബസുകളുടെ അമിതവേഗത്തെക്കുറിച്ച് വാചാലരാകുന്നത്. ബസുകൾക്ക് കൃത്യസമയം ഉള്ളതാണ് അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ച് മാറിക്കൊടുക്കുന്നവർ എത്ര പേരുണ്ടാകും നമ്മളിൽ.
        അശാസ്ത്രീയമായ നിയമങ്ങളും നിയമങ്ങളിലെ ലൂപ് ഹോളുകളും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പെർമിറ്റ് നല്കുന്നതിലെ അപാകതകൾ മത്സര ഓട്ടത്തിനും യാത്രക്കാരെ കുത്തിനിറക്കുന്നതിനും ഇടയാക്കുന്നുണ്ട്. അപകടങ്ങൾ വരുത്തുന്നവർക്കുള്ള കർശന ശിക്ഷകളുടെ അഭാവവും കൈക്കൂലി നല്കി രക്ഷപ്പെടാനുള്ള സൌകര്യവും അപകടങ്ങൾക്ക് ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്‌, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവ തമ്മിലുള്ള സമയ വ്യത്യാസം ശാസ്ത്രീയമല്ല.  പല സ്റ്റോപ്പുകളിലും തിരക്കേറിയ ജംഗ്ഷനിൽ തന്നെയുള്ള 'ബസ് ബേ' കൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. നിയമങ്ങൾ ഭരണകൂടത്തിനു മാറ്റാവുന്നതെയുള്ളൂ. പക്ഷെ, സംസ്ക്കാരം മാറണമെങ്കിൽ നമ്മൾ ജനങ്ങൾ തന്നെ മാറണം. ആളുകൾ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യുന്ന അതേ ബസിൽ തന്നെ എനിക്കും കയറണം എന്ന വാശി ഇല്ലാതാക്കാൻ ഏതു നിയമത്തിനാണ് കഴിയുക.? അപകടമുണ്ടാകുമ്പോൾ മാത്രം ഉണരുന്ന പ്രതികരണശേഷിക്കും ബസ് കത്തിക്കുക, ഡ്രൈവറെ മർദ്ദിക്കുക എന്നീ വൈകാരിക പ്രകടനങ്ങൽക്കുമപ്പുറം, മാറ്റം വരേണ്ടത് നമ്മുടെ മനോഭാവത്തിലും സമീപനത്തിലുമാണ്. അതെ, സമഗ്രമായ ഒരു പൊളിച്ചെഴുത്ത് തന്നെയാണ് ആവശ്യം. നിയമസംവിധാനത്തിലും അതിലേറെ നമ്മുടെ സംസ്ക്കാരത്തിലും.


Saturday, May 4, 2013

എൻറെ യുക്തിവാദ മിനിക്കഥകൾ


എട്ടിന്‍റെ പകുതി അഥവാ എട്ടിന്‍റെ പണി 

എട്ടിന്‍റെ പകുതി എത്രയാ? രണ്ടാമത്തെ പീരീഡ്‌ കഴിഞ്ഞു മാഷ്‌ റൂമില്‍ പോയ നേരം. അപ്പോഴാണ് പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ഈ ചോദ്യം വന്നത്. ആരാണ് ചോദിച്ചത് എന്നെനിക്കു മനസ്സിലായില്ല. എട്ടിന്‍റെ പകുതി നാലല്ലേ എന്നാലോചിച്ചു മറുപടി പറയാന്‍  തുടങ്ങുമ്പോഴാണ് "പൂജ്യം" എന്ന ഉത്തരം കേട്ടത്. രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ഷാജിയാണ് ഇത് പറഞ്ഞത്. "എട്ടിനെ കുത്തനെ നിര്‍ത്തി കുറുകെ മുറിച്ചാല്‍ പൂജ്യമാണ് കിട്ടുക". അതു ശരിയാണല്ലോ എന്ന് ഞാന്‍ ചിന്തിച്ചപ്പോഴേക്കും "അതല്ല എട്ടിന്‍റെ പകുതി മൂന്നാണ്, കുത്തനെ നിര്‍ത്തി കുത്തനെ മുറിച്ചാല്‍ 3 ആണ് ലഭിക്കുക" സിനിയാണു ഇത് പറഞ്ഞത്. അപ്പോഴേക്കും പാച്ചു എഴുന്നേറ്റു നിന്നിരുന്നു. അവന്‍ പ്രഖ്യാപിച്ചു "എട്ടിന്‍റെ പകുതി എട്ടു തന്നെ." എട്ടിന്‍റെ പകുതി എട്ടോ ഇവനെന്താ വട്ടോ എന്ന മട്ടില്‍ എല്ലാവരും അവനെ നോക്കി. "എട്ടിനെ വശത്തു നിന്ന് കനത്തില്‍ പകുത്താല്‍ കനം കുറഞ്ഞ രണ്ടു എട്ടു കിട്ടും." അതും ശരിയാണല്ലോ എന്നെനിക്കു തോന്നി. അപ്പോള്‍ അതുവരെ പുഞ്ചിരിച്ചു കൊണ്ട് ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ജോണിക്കുട്ടി എഴുന്നേറ്റു നിന്നു. എല്ലാവരും അവനെ തന്നെ നോക്കി. കാരണം അവനാണ് ക്ലാസ്സിലെ ഒന്നാമന്‍. അവന്‍ പറഞ്ഞു. "ഗണിതശാസ്ത്രപ്രകാരം എട്ടിന്‍റെ പകുതി നാലാണ്. കണക്കിന്‍റെ കാര്യത്തില്‍ ഗണിതശാസ്ത്രമാണ് അവസാന വാക്ക്". അതോടുകൂടി ആകെ ബഹളമായി. പൂജ്യമാണെന്നും മൂന്നാണെന്നും നാലാണെന്നും എട്ടു തന്നെയാണെന്നും ഇതൊന്നും ശരിയല്ലെന്നും എല്ലാം. സര്‍വം ബഹളമയം. ഞാനാകെ അങ്കലാപ്പിലായി. കാരണം എനിക്കാണ് ക്ലാസില്‍ സൈലന്‍സ് നിലനിര്‍ത്തേണ്ട ഡ്യൂട്ടി. ഞാന്‍ രണ്ടു തവണ ഡെസ്കിലടിച്ചു. എന്നിട്ടു പറഞ്ഞു. "നിങ്ങള്‍ എല്ലാവരും പറഞ്ഞതും ശരിയാണ്. എല്ലാ ഉത്തരവും ഒരേ ഉത്തരത്തിലേക്കാണ് എത്തുന്നത്‌". അതോടു കൂടി എല്ലാവരും ശാന്തരായി. എനിക്ക് ഏറെ സമാധാനമായി. കാരണം ഉത്തരം ശരിയോ തെറ്റോ എന്നതിനപ്പുറം, എങ്ങനെയെങ്കിലും ഈ ബഹളമൊന്നു  അവസാനിപ്പിക്കണമെന്നേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഏറ്റവും പുറകിലെ ബെഞ്ചില്‍ നിന്നും റിഡോ എഴുന്നേറ്റത്. ഞാന്‍ വീണ്ടും അങ്കലാപ്പിലായി. അവന്‍ പറഞ്ഞു. "നിങ്ങള്‍ എല്ലാവരും മണ്ടന്‍മാരാണ്. എട്ടിന് പകുതി ഇല്ല. കാരണം നിങ്ങളെല്ലാവരും വ്യത്യസ്ത ഉത്തരമാണ് പറയുന്നത്. ഇനി എട്ടിനു പകുതി ഉണ്ടെങ്കില്‍ ആ പകുതിയുടെ പകുതി എത്രയാണ്? ഇതൊക്കെ കുട്ടികളെ പേടിപ്പിക്കാന്‍ വേണ്ടി കണക്കു അധ്യാപകര്‍ ഉണ്ടാക്കിയ കുറെ വിഡ്ഢിത്തങ്ങള്‍ മാത്രമാണ്. എട്ടിന് പകുതി ഉണ്ടെന്നു ആര്‍ക്കും തെളിയിക്കാനാവില്ല. ഗണിതപുസ്തകങ്ങളോ മറ്റേതെങ്കിലും പുസ്തകങ്ങളോ എന്ത് പറഞ്ഞാലും ശരി, എട്ടിന് പകുതിയുണ്ടെന്നു  ഞാന്‍ വിശ്വസിക്കില്ല. കാരണം ഞാന്‍ ഒരു യുക്തിവാദിയാണ്." ചര്‍ച്ച അവിടെ അവസാനിച്ചു. 

ഉത്തരമില്ലാത്ത ചോദ്യം... അതായത്  യുക്തിപരമായ ചോദ്യം 

" മോനേ കുട്ടാ  ഒന്നിങ്ങോട്ടു വന്നേ ..." ചായ കുടിച്ചു പുറത്തേക്കൊന്നിറങ്ങാം എന്ന് വിചാരിച്ചു എഴുന്നേറ്റപ്പോഴാണ് അമ്മയുടെ വിളി. " എന്താ അമ്മേ.." ഞാന്‍ അടുക്കളയിലേക്കു ചെന്നു. " നീ ആ ശങ്കരേട്ടന്റെ കടയില്‍ പോയി ഒരു കിലോ സവാളയിങ്ങോട്ട് വാങ്ങിക്കോ." ഞാന്‍ പുറത്തേക്കിറങ്ങി. " അരക്കിലോ പരിപ്പുകൂടി വാങ്ങിക്കോ" ഞാനിറങ്ങുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു.  ഞാന്‍ കുറച്ചു നടന്നു. എന്നിട്ട് തിരിച്ചു വന്നു അമ്മയോട് ചോദിച്ചു. " അമ്മേ പയര്‍ എത്രയാ വാങ്ങേണ്ടത്? "  "മോനെ പയറല്ല പരിപ്പാണ് ഞാന്‍ പറഞ്ഞത്."  "അതെനിക്കറിയാം പക്ഷെ പയര്‍ എത്രയാണ് വാങ്ങേണ്ടത് എന്നമ്മ പറഞ്ഞില്ല" "പയര്‍ കഴിഞ്ഞാഴ്ച സപ്ലയ്കോയില്‍ നിന്നും വാങ്ങിയത് ഇവിടുണ്ട്. അതുകൊണ്ട് പയര്‍ വേണ്ട." "അമ്മ ഞാന്‍ ചോദിച്ചതിനു ഉത്തരം പറഞ്ഞില്ല. പയര്‍ എത്രയാണ് വേണ്ടത്?" അമ്മ പറഞ്ഞു " മോനെ പയര്‍ ഇവിടെ ആവശ്യത്തിനുണ്ട്. നമുക്ക് പരിപ്പാണ് വേണ്ടത്." "അതെനിക്കറിയാം പരിപ്പാണ് വേണ്ടതെന്നു. പക്ഷെ എന്‍റെ ചോദ്യം പയറെത്രയാണ് വേണ്ടത് എന്നാണ്. അമ്മ അതിനുത്തരം പറഞ്ഞില്ല. എന്തുകൊണ്ടാണ് അമ്മ എന്‍റെ ചോദ്യത്തിന് ഉത്തരം പറയാത്തത്?" അമ്മക്ക് ദേഷ്യം വന്നു തുടങ്ങി. " നിനക്കെന്താ വട്ടുണ്ടോ? പയര്‍ നമുക്ക് വേണ്ട എന്നു പറഞ്ഞാല്‍ മനസ്സിലാവില്ലേ.? "  " പയര്‍ വേണ്ട എന്നെനിക്കു മനസ്സിലായി. പക്ഷെ പയറെത്രയാണ് എന്നാണ് എനിക്കറിയേണ്ടത്." അമ്മക്ക് ദേഷ്യം വന്നു. " നീയൊന്നും വാങ്ങണ്ട. നീയൊന്നു ഇവിടന്നു ഒന്ന് പോയിത്തന്നാല്‍ മതി."  അമ്മയുടെ അറിവില്ലായ്മയെക്കുറിച്ചും ബുദ്ധിയില്ലായ്മയെക്കുറിച്ചും ചിന്തിച്ചു ഞാന്‍ വേദനിച്ചു.  ഇനി എന്നാണാവോ ഇവര്‍ക്കൊക്കെ ബുദ്ധിയുണ്ടാകുന്നത്. ഞാന്‍ അമ്മയോടായി പറഞ്ഞു. "അമ്മേ, ഞാനൊരു യുക്തിവാദിയാണ്. എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ലെങ്കില്‍ അത് പറയുക. അല്ലാതെ ദേഷ്യപ്പെടുകയല്ല വേണ്ടത്".  ഇത്രയും പറഞ്ഞു ഞാന്‍ ഇറങ്ങി നടന്നു.   
(കടപ്പാട്: എത്ര ഉത്തരം കിട്ടിയിട്ടും ഭക്തജനങ്ങള്‍ ഉത്തരം നല്‍കിയില്ല എന്നു പരിഭവിച്ചു കൊണ്ടേയിരിക്കുന്ന യഥാര്‍ത്ഥ ചിന്തകരിലെ എന്‍റെ സുഹൃത്തിനോട്‌. 
സമര്‍പ്പണം: ദൈവവിശ്വാസികളുടെ മണ്ടത്തരം ആലോചിച്ചു വ്യാകുലപ്പെടുന്ന എല്ലാ യുക്തിവാദികള്‍ക്കും.)

Tuesday, April 16, 2013

നമുക്ക് ക്രിയാത്മകമായി സംസാരിക്കാം

         പുതുതായി തുടങ്ങിയ എൽ കെ ജി ക്ലാസ്സിൽ ടീച്ചർ കുട്ടികളെ പരിചയപ്പെടുകയായിരുന്നു. എന്താ മോന്റെ പേര്? ടീച്ചർ ഒരു കുട്ടിയോട് ചോദിച്ചു. കുട്ടി പറഞ്ഞു " അരുത് ജോണി " ടീച്ചർക്ക് കൗതുകമായി. " അരുത് ജോണിയോ? അത്തരമൊരു പേര് ഇതുവരെ കേട്ടില്ലല്ലോ. എന്താ അങ്ങനെ?"  കുട്ടി പറഞ്ഞു " ഞാൻ എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ അപ്പോൾ അമ്മ പറയും അരുത് ജോണി എന്ന്. തീർച്ചയായും അതായിരിക്കണം എൻറെ പേര്. ( ഹൃദയത്തിനു ചോദ്യങ്ങളില്ല --- ഓഷോ)

         എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു കഥയാണിത്. ഇത് വെറുമൊരു കഥ മാത്രമല്ല എന്ന് നമ്മുടെയൊക്കെ ജീവിതമൊന്നു സ്വയം പരിശോധിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും. എത്ര മാത്രം 'അരുത്' കളാണ് ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നത്, നാം മറ്റുള്ളവരോട് , പ്രത്യേകിച്ച് നമ്മുടെ കുട്ടികളോട്, പറഞ്ഞു കൊണ്ടിരിക്കുന്നത്. എങ്ങും എവിടെയും അരുതുകൾ. നില്ക്കരുത്, നടക്കരുത്, കയറരുത്, ഇറങ്ങരുത്, തിന്നരുത്, കുടിക്കരുത്, വിളിക്കരുത്, വരരുത്, പോകരുത്, കളിക്കരുത്, പറയരുത്, കേൾക്കരുത്, കാണരുത്, മിണ്ടരുത്..........  അങ്ങനെയങ്ങനെ ഒട്ടേറെ അരുതുകൾ. നമ്മുടെ കുട്ടികൾ 'അരുത്' 'അല്ല' 'ഇല്ല' എന്ന പദങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം. കൂടുതലും മാതാപിതാക്കളാണ് പ്രതികൾ. പിന്നെ അധ്യാപകരും. ഇത്രയേറെ അരുതുകൾ കേട്ട് വളരുന്ന ഒരു കുട്ടി / മനുഷ്യൻ എന്തുമാത്രം നിഷേധാത്മകനായിട്ടായിരിക്കും വളരുക. ചുറ്റിലും കാണുന്ന എന്തിനോടും ഏതിനോടും ഒരു നിഷേധഭാവം അവൻ/ അവൾ പുലർത്തുകയും ചെയ്യും. ആവശ്യത്തിനു സ്നേഹവും വാത്സല്യവും ലഭിക്കാത്ത കുട്ടികളാണെങ്കിൽ ഇത് ഇരട്ടിയായിരിക്കും. ഇത്തരം അരുതുകൾ കേട്ട് വളരുന്ന കുട്ടികൾ അവൻറെ സർഗാത്മക കഴിവുകൾ പുറത്തെടുക്കാനാവാതെ ഉൾവലിയുന്നു. ഇനി ഈ അരുതുകൾ ആജ്ഞാപിക്കുന്നവരുടെ ടോണും മുഖഭാവവും കർക്കശം തന്നെ. പിന്നെ എങ്ങനെയാണ് നമ്മുടെ കുട്ടികൾ ക്രിയാത്മകരായി വളരുക?. എങ്ങനെയാണ് നൈസർഗിക കഴിവുകൾ പുറത്തെടുക്കുക. ഇതേ കാരണം കൊണ്ട് തന്നെയാണ് ചെറുപ്പത്തിൽ വളരെയധികം കഴിവുകൾ പ്രകടിപ്പിച്ചിരുന്ന പലരും പിന്നീട് എല്ലാ കാര്യങ്ങളിൽ നിന്നും പിന്മാറി അന്തർമുഖരായി തീരുന്നത്. ഇവർ എപ്പോൾ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നുവോ, അപ്പോഴെല്ലാം ഉള്ളിലെ ഈ നിഷേധഭാവം അവനോടു 'അരുത്' പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അവർക്ക് ഒന്നിലും മുന്നേറാൻ സാധിക്കുകയില്ല. മറ്റു ചിലരാവട്ടെ, വാശിയോടെ മുന്നിലേക്ക്‌ വന്നു തങ്ങൾക്കു കിട്ടിയ നിഷേധസ്വഭാവം മറ്റുള്ളവരുടെ അടിച്ചേല്പിക്കാൻ ശ്രമിക്കും. രണ്ടും അപകടം തന്നെ.
        നമ്മിൽ പലരുടെയും ജീവിതം പരിശോധിച്ചാൽ നിഷേധങ്ങളുടെ ഒരു കൂമ്പാരം തന്നെ നമുക്ക് കാണുവാൻ സാധിക്കും. എന്തിനെയും നിഷേധവികാരത്തോട് കൂടി കാണാനാണ് നമുക്കിഷ്ടം. കാര്യങ്ങൾ കൃത്യമായി നടക്കുന്നത് പോലും ഒരു ഭയത്തോട് കൂടിയാണ് നാം കാണുന്നത്. രാവിലെ മുതൽ എല്ലാ കാര്യങ്ങളും കൃത്യമായി, നാം പ്രതീക്ഷിച്ചതു പോലെ നടന്നാൽ അകാരണമായി ഒരു ഭയം നമ്മുടെ മനസ്സിൽ  നിറയുകയായി. "എല്ലാം കൃത്യമായി നടക്കുന്നുണ്ടല്ലോ. ഇനി എന്താണാവോ വരാൻ  പോകുന്നത്" എന്നായിരിക്കും നമ്മുടെ ചിന്ത. ചിലർ ഇത് മറ്റുള്ളവരോട് പറയും. മറ്റു ചിലർ മനസ്സിൽ വെക്കും. ഇനി രാവിലെ തന്നെ ഒരു പാകപ്പിഴവു സംഭവിക്കുകയാണെങ്കിൽ " ഇന്നത്തെ ദിവസം പോയി" എന്നായിരിക്കും നമ്മുടെ ചിന്ത. എന്തുകൊണ്ടിങ്ങനെ? ജീവിതത്തെക്കുറിച്ച് ചോദിച്ചാൽ എല്ലാവർക്കും ഒരേ മറുപടി. "കുഴപ്പമില്ല" "ഇങ്ങനെ പോകുന്നു". ആരും സംതൃപ്തരല്ല. നമ്മുടെ ജീവിതത്തിൽ ലഭിച്ച നന്മകളെയും അനുഗ്രഹങ്ങളെയും എളുപ്പത്തിൽ മറന്നു കളയുകയും ബാധിച്ച തിന്മകളെ/ ബുദ്ധിമുട്ടുകളെ ഇപ്പോഴും ഓർത്തു കൊണ്ടിരിക്കുകയും ചെയ്യും. ഇതിനു കാരണം നാം ചെറുപ്പത്തിൽ പരിശീലിപ്പിക്കപ്പെട്ടതും പഠിപ്പിക്കപ്പെട്ടതും സ്വന്തം നന്മകളെ മറന്നുകളയാനും തിന്മകളെ ഓർത്തു വെക്കാനുമാണ്. അല്ല എന്ന് നാം എത്ര പറഞ്ഞാലും വസ്തുത അതാണ്‌. ഒരു പക്ഷെ നാം സ്കൂളിൽ നിന്നും മറ്റു പുസ്തകങ്ങളിൽ നിന്നും നന്മകൾ ഓർത്തുവെക്കാനും നെഗറ്റീവുകളെ മറക്കാനും പഠിച്ചിട്ടുണ്ടാകാം. പക്ഷേ, നമ്മുടെ അനുഭവങ്ങൾ മുഴുവൻ നിഷേധങ്ങളെ ഓർത്തുവെക്കാനാണ് നമ്മെ പഠിപ്പിച്ചത്. നാം സന്തോഷിക്കുമ്പോഴും ആഹ്ലാദിക്കുമ്പോഴും  മറ്റുള്ളവർ ദേഷ്യപ്പെടുന്നതും  നാം ബുദ്ധിമുട്ടുമ്പോൾ മറ്റുള്ളവർ സ്നേഹത്തോടെ പെരുമാറുന്നതുമാണ് നാം കണ്ടു പഠിച്ചത്. അതുകൊണ്ട് തന്നെ സന്തോഷം നിറയുമ്പോൾ തന്നെ ഏതോ ഒരു അദൃശ്യഭയം നമ്മിൽ വരുന്നു. 'എന്തോ ഒരു ആപത്തു വരാനുള്ളത് പോലെ' എന്നു നാം പറയുകയും ചെയ്യുന്നു. കാരണം നാം എപ്പോൾ സന്തോഷത്തോടെ കളിക്കുകയോ സംസാരിക്കുകയോ പാട്ടുപാടുകയോ ചെയ്തിട്ടുണ്ടോ, അപ്പോഴൊന്നും നമുക്ക് നല്ല രൂപത്തിലുള്ള പെരുമാറ്റം മാതാപിതാക്കളിൽ നിന്നോ അധ്യാപകരിൽ നിന്നോ ലഭിച്ചിട്ടില്ല. ശകാരങ്ങളോ അരുത് എന്നുള്ള കർശന ശാസനകളോ ആണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ചെറിയ പിഴവുകൾക്ക് പോലും കഠിനമായ ശിക്ഷകളും പരിഹാസവുമാണ് പലർക്കും ലഭിക്കാറുള്ളത്. തങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പോലും അഭിപ്രായം പറയാൻ അവസരം ലഭിക്കാറില്ല. അതുകൊണ്ട് തന്നെ സ്വന്തം കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ കഴിയാത്ത 'കഴിവുകെട്ടവരായി' പലരും മാറുന്നു. ഏതു കാര്യങ്ങളിലിടപെടുമ്പോഴും 'അരുത്' എന്ന വിലക്ക് അവൻറെ മനസ്സിൽ നിന്നും പൊങ്ങിവരും. പ്രയാസങ്ങൾ പലപ്പോഴും 'സ്നേഹം' നല്കിയിട്ടുള്ളതിനാൽ പ്രയാസങ്ങളോട് / ദുരന്തങ്ങളോട് ഒരു അറിയാതെ ഒരു താല്പര്യം മനസ്സിൽ ജനിക്കും. ഇത് വളരെ കൂടിയ അളവിലുള്ള ചിലർ തങ്ങൾക്കു ചില ദുരന്തങ്ങൾ സംഭവിക്കുന്നതായി ഫാന്റസി കാണുക വരെ ചെയ്യും.
        ഇത്രയും പറഞ്ഞത് ആരെങ്കിലും തങ്ങളുടെ പിന്നാക്കാവസ്ഥക്കും ജീവിതപരാജയങ്ങൾക്കും  മാതാപിതാക്കളെയോ അധ്യാപകരെയോ കുറ്റപ്പെടുത്താൻ വേണ്ടിയല്ല. മറിച്ച്, എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ ഒരു സാമാന്യ അറിവ് നല്കാൻ മാത്രം. ആ അറിവിലൂടെ നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്താൻ വേണ്ടി. നമ്മുടെ ഒരു 'അരുത്' നു പോലും കേൾക്കുന്നവരുടെ മനസ്സിൽ ചെറുതല്ലാത്ത സ്വാധീനം സൃഷ്ടിക്കാൻ കഴിയുമെന്നറിയുക. നാം ആജ്ഞാപിക്കുന്ന ഓരോ 'അരുത്' കളും കേൾക്കുന്നവരുടെ (പ്രത്യേകിച്ച് കുട്ടികളുടെ) സ്വഭാവത്തിൽ മാറ്റം വരുത്തുമെന്നറിയുക. അറിവാണല്ലോ മാറ്റത്തിലേക്കുള്ള ആദ്യപടി. ഈ അറിവിൻറെ അടിസ്ഥാനത്തിൽ നമുക്ക് നമ്മുടെ സംസാരത്തിലെ വാക്കുകളെ പോസിറ്റീവായി ഉപയോഗിക്കാൻ പഠിക്കാം. ആധുനിക മനശാസ്ത്രം പറയുന്നത് നെഗറ്റീവുകളെ പ്രൊസെസ്സ് ചെയ്യാനുള്ള കഴിവ് നമ്മുടെ മനസ്സിൻറെ അബോധതലത്തിനില്ല എന്നാണ്. അതുകൊണ്ടാണ് 'ആനയെക്കുറിച്ച് ചിന്തിക്കരുത്' എന്നു പറയുമ്പോഴേക്കും ആന നമ്മുടെ മനസ്സിൽ തെളിയുന്നത്. അതുകൊണ്ട് 'ആനയെപ്പറ്റി ചിന്തിക്കരുത്' എന്ന് നിർദേശം നല്കേണ്ടി വരുമ്പോൾ 'കുരങ്ങിനെക്കുറിച്ച് ചിന്തിക്കുക' എന്ന് നിർദേശം നൽകുക എന്നാണ് മനശാസ്ത്രം പറയുന്നത്. പക്ഷെ, നമ്മൾ ഇപ്പോഴും അരുതുകളിൽ അഭിരമിച്ചുകൊണ്ടേയിരിക്കുന്നു.  അറിവാണല്ലോ മാറ്റത്തിലേക്കുള്ള ആദ്യപടി. ഈ അറിവിൻറെ അടിസ്ഥാനത്തിൽ നമുക്ക് നമ്മുടെ സംസാരത്തിലെ വാക്കുകളെ പോസിറ്റീവായി ഉപയോഗിക്കാൻ പഠിക്കാം. കുട്ടികളോട് അങ്ങോട്ട്‌ പോവല്ലേ എന്നു പറയുന്നതിന് പകരം ഇങ്ങോട്ട് വരൂ എന്നു പറയാം. വീടിനകത്ത് കളിക്കരുത് എന്നു പറയുന്നതിന് പകരം പുറത്തുപോയി കളിച്ചോളൂ എന്നു പറയാം. ഇതുപോലെ നമുക്ക് ഏതൊരു കാര്യവും പോസിറ്റീവായി സംസാരിക്കാം. ഇത്തരം സംസാരങ്ങളിലൂടെ ക്രിയാത്മകമായ, എന്തിനെയും പോസിറ്റീവായി കാണുന്ന, സർഗാത്മക കഴിവുകൾ നിറഞ്ഞ, മാന്യതയും മര്യാദയും നിലനില്ക്കുന്ന ഒരു സമൂഹത്തെ നമുക്ക് സൃഷ്ടിച്ചെടുക്കാൻ സാധിക്കും. അതിനു വേണ്ടിയുള്ളതാകട്ടെ ഇനി നമ്മുടെ ഓരോ സംസാരവും. ഇനി നമുക്ക് 'അരുത്' കളില്ലാതെ സംസാരിക്കാം. 


Thursday, March 21, 2013

പരാതികള്‍ പരിഹാരമാവില്ല

   എപ്പോഴും എവിടെയും പരാതികളാണ്. ഭാര്യക്ക് ഭര്‍ത്താവിനെക്കുറിച്ച്, ഭര്‍ത്താവിന് ഭാര്യയെക്കുറിച്ച്, തൊഴിലാളിക്ക് മുതലാളിയെക്കുറിച്ച്, മുതലാളിക്ക് നേരെ തിരിച്ചും. മക്കളെക്കുറിച്ച് പരാതി പറയുന്നവരാണ് രക്ഷിതാക്കളില്‍ ഭൂരിഭാഗവും. കുട്ടികളാകട്ടെ അധ്യാപകരെ കുറിച്ച് പരാതിയുള്ളവരാണ്. അധ്യാപകരോ, രക്ഷിതാക്കളെക്കുറിച്ച് പരാതി പറയുന്നു. റോഡിനെക്കുറിച്ചും റോഡ്‌ നിയമങ്ങളെക്കുറിച്ചും പരാതിയുള്ളവരാണ് ഡ്രൈവര്‍മാര്‍. ഗവണ്മെന്റിനെക്കുറിച്ച്, നിയമങ്ങളെക്കുറിച്ച്, പൊതുജനങ്ങളെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, മതത്തെക്കുറിച്ച്, പാര്‍ട്ടികളെക്കുറിച്ച്, നേതാക്കളെക്കുറിച്ച്, അങ്ങനെ ഏതൊക്കെ മേഖലയുണ്ടോ അവിടെയെല്ലാം പരാതികളാണ്. പരാതികള്‍ പറയുക എന്നത് നമ്മുടെ ജീവിത ശൈലിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ പറയാം . തൊഴിലില്ലായ്മയെക്കുറിച്ച് പരാതി പറഞ്ഞു തൊട്ടടുത്ത നിമിഷം നാം പരാതി പറയുന്നത് അല്ലെങ്കില്‍ കേള്‍ക്കുന്നത് തൊഴിലാളിക്ഷാമത്തെക്കുറിച്ചാണ്! എന്നാല്‍ ഈ പരാതികളെല്ലാം പരിഹരിക്കപ്പെടണമെന്നു നാം ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണ് സത്യസന്ധമായി നമുക്ക് പറയാനാവുക. അതെ, വാസ്തവമാണത്, പരാതികള്‍ പരിഹരിക്കപ്പെടണമെന്നു നാം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നില്ല! ഭാര്യയെക്കുറിച്ച് നാം പരാതി പറയുന്നത് ഓഫീസിലെ സഹപ്രവര്‍ത്തകരോടാണ്. സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള പരാതികള്‍ നാം പറയുന്നതാകട്ടെ ഭാര്യയോടും! ഒരാളെക്കുറിച്ചുള്ള നമ്മുടെ പരാതി അയാള്‍ കേള്‍ക്കുന്നത് പോലും നാം പലപ്പോഴും ഇഷ്ടപ്പെടുന്നില്ല. ഈ പരാതികള്‍ പരിഹരിക്കപ്പെടണമെന്നു നമുക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ നാം ആ വ്യക്തിയോട് ഈ വിഷയം തുറന്നു സംസാരിക്കുമായിരുന്നു. ഇനി ഈ പരാതി പറയുന്ന ആളുകളോട് അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു നോക്കൂ. അപ്പോഴവര്‍ പറയുക ഇതൊന്നും ശരിയാകുവാന്‍ പോകുന്നില്ല എന്നായിരിക്കും. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്തതിന് മാതാപിതാക്കളെയും വിദ്യാഭ്യാസ രീതിയെയും കുറ്റപ്പെടുത്തുന്ന പലരെയും നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ അവരോടു നല്ല കോഴ്സിനെക്കുറിച്ച് പറഞാല്‍ അവര്‍ക്ക് പല തരത്തിലുള്ള ഒഴികഴിവുകള്‍ പറയാനുണ്ടാകും. മതിയായ ജോലിക്കയറ്റം ലഭിക്കാത്തതിന് സഹപ്രവര്‍ത്തകന്‍ പാര വെച്ചതാണ് എന്നു പരാതി പറയുന്ന ആളോട് സംഭവത്തിന്‍റെ യഥാര്‍ത്ഥ കാരണം പറഞ്ഞു കൊടുത്താല്‍ പലപ്പോഴും അംഗീകരിക്കുകയില്ല. ഗള്‍ഫിലേക്ക് വിസ ലഭിക്കാത്തതിനെക്കുറിച്ച് പരാതി പറയുന്ന പലരും ഗള്‍ഫ് ജോലി ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ പരാതി പറയുന്നത് ജോലിഭാരത്തെക്കുറിച്ചും പ്രവാസി ജീവിതത്തിന്‍റെ പ്രയാസങ്ങളെക്കുറിച്ചുമായിരിക്കും. ഇനി നാട്ടിലെത്തിയാലോ ഇവിടത്തെ സംവിധാനങ്ങളെയും ഭരണകൂടത്തിന്‍റെ കഴിവില്ലായ്മയെക്കുറിച്ചുമായിരിക്കും ഇവര്‍ പരാതി പറയുക. ബിസിനസ് ചെയ്യുന്ന പലരോടും അതിനെക്കുറിച്ച് അന്വേഷിച്ചാൽ ലാഭമില്ല, ബുദ്ധിമുട്ടാണ് എന്നൊക്കെ പരാതി പറയുന്നത് കാണാം. എന്നാൽ പുതിയ ബിസിനസ് സാദ്ധ്യതകളോ ഐഡിയകളോ പറഞ്ഞുകൊടുത്താൽ അവർക്കത്‌ സ്വീകാര്യമാവുകയുമില്ല!. സമയമില്ല, പണമില്ല എന്നൊക്കെയായിരിക്കും അപ്പോൾ പറയുക. അതിനും പരിഹാരം പറഞ്ഞുകൊടുത്തൽ അടുത്ത മറുപടി അതൊന്നും ഞാൻ ചെയ്താൽ ശരിയാവില്ല എന്നായിരിക്കും. കുട്ടികളുടെ വികൃതികളെക്കുറിച്ച് പരാതി പറഞ്ഞിരുന്ന സുഹൃത്തിനോട് ടി എ (ട്രാൻസാക്ഷണൽ അനാലിസിസ്) എന്ന കോഴ്സിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ കിട്ടിയ മറുപടി "ഇതൊക്കെ പഠിച്ചിട്ടാണോ നമ്മുടെ മാതാപിതാക്കൾ നമ്മെ വളർത്തിയത്‌" എന്നായിരുന്നു!
   സത്യത്തില്‍ ഒരു കാര്യത്തിന്റെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തവരാണ് പരാതി പറയുക. തങ്ങളുടെ ഓരോ പ്രശ്നങ്ങൾക്കും മറ്റുള്ളവരാണ് കാരണം എന്നവര് കരുതും ദൈവബോധവും നന്ദിയും ഹൃദയത്തിലില്ലാത്തവര്‍ക്ക് മാത്രമേ പരാതി പെട്ടികളായി മാറാന്‍ സാധിക്കുകയുള്ളൂ. ഇത്തരക്കാര്‍ക്ക് തങ്ങളുടെ തെറ്റുകള്‍ക്ക് എപ്പോഴും ന്യായീകരണം കണ്ടെത്തേണ്ടതുണ്ട്. പഴി ചാരാന്‍ ഇവര്‍ക്ക് എപ്പോഴും ആരെയെങ്കിലും കിട്ടേണ്ടതുമുണ്ട്. അതുകൊണ്ട് ഇവര്‍ എപ്പോഴും പരാതി പറഞ്ഞുകൊണ്ടേയിരിക്കും. തങ്ങളുടെ ഓരോ പ്രശ്നങ്ങള്‍ക്കും ഓരോ കാരണക്കാരെ ഉണ്ടാക്കി കൊണ്ടിരിക്കും. ഇനി ഈ പരാതി പറച്ചില്‍ കൊണ്ട് നാം എന്ത് നേടുന്നു എന്ന് ചോദിച്ചാല്‍ മറ്റുള്ളവരുടെ വെറുപ്പും ദൈവശിക്ഷയുമല്ലാതെ മറ്റൊന്നുമല്ല എന്നതാണ് വാസ്തവം. എപ്പോഴും പരാതി പറഞ്ഞിരിക്കുന്നവരെ ആരും ഇഷ്ടപ്പെടാറില്ല. സ്വന്തം പ്രശ്നങ്ങള്‍ തന്നെ കുറെയധികമുണ്ട് എന്ന് ചിന്തിക്കുന്നവരാണ് മഹാഭൂരിപക്ഷവും. അപ്പോള്‍ പിന്നെ അവര്‍ക്ക് മറ്റുള്ളവരുടെ പരാതികള്‍ ശ്രദ്ധിക്കാന്‍ നേരമെവിടെ? ഭൂരിഭാഗം പേരും ഇത്തരം പരാതികള്‍ കേള്‍ക്കേണ്ടി വരുന്ന സമയത്ത് ഈ പരാതിപ്പെട്ടിയെ എങ്ങനെ ഒഴിവാക്കാം എന്നായിരിക്കും ചിന്തിക്കുന്നത് അവര്‍ പറയുന്നത് ശ്രദ്ധിക്കുന്നു പോലുമുണ്ടാകില്ല. ഇത്തരം ആളുകൾ എപ്പോഴും ചിന്തിക്കുന്നത് തങ്ങളുടെ ഇല്ലായ്മയെക്കുറിച്ചു മാത്രമായിരിക്കും. ഒട്ടേറെ അനുഗ്രഹങ്ങള്‍ നല്കപ്പെട്ട ബനൂ ഇസ്രാഈല്‍ സമുദായത്തോട് തങ്ങൾക്കു നല്കപ്പെട്ട ഓർക്കുവാൻ അല്ലാഹു കൽപ്പിച്ചതായി വിശുദ്ധ ഖുര്‍ആനില്‍ കാണാം. കൂടാതെ ദൈവിക ഭക്ഷണങ്ങളായ മന്നയും സല്‌വയും ലഭിച്ചിരുന്ന അവർ സാധാരണ ഭക്ഷണങ്ങള്‍ ലഭിക്കാത്തതിനു പരാതി പറയുകയും അല്ലാഹു അവരെ താക്കീത് ചെയ്യുകയും ചെയ്തതായും കാണാം. ഇത്തരം പരാതി പറച്ചില്‍ കൊണ്ട് ഭൗതികവും ആത്മീയവുമായ നഷ്ടമല്ലാതെ മറ്റൊന്നും നമുക്ക് നേടാനില്ല. ഇത് തിരിച്ചറിഞ്ഞാല്‍ തന്നെ ഒരു പരിധി വരെ ഈ ദുസ്വഭാവത്തില്‍ നിന്ന് രക്ഷ നേടാന്‍ നമുക്ക് സാധിക്കും. തങ്ങളുടെ പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുവാന്‍ തയ്യാറാവുക. പ്രശ്നങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ നിന്നും ഒളിച്ചോടുവാനുള്ള ത്വരയാണ് പലരെയും പരാതി പറച്ചിലില്‍ എത്തിക്കുന്നത്. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച്, അതിനെ ആത്മവിശ്വാസത്തോട് കൂടി നേരിടുകയാണ് പരിഹാര മാര്‍ഗം എന്നു തിരിച്ചറിയുക. കൂടാതെ നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ഓർക്കുക. "അതിനാൽ നീ നിൻറെ രക്ഷിതാവിൻറെ അനുഗ്രഹങ്ങളെക്കുറിച്ച് സന്തോഷപൂർവ്വം സംസാരിക്കുക" (വിശുദ്ധ ഖുർ ആൻ 93:11). നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും സന്തോഷപൂർവ്വം ഓർക്കുമ്പോൾ തന്നെ ആ അനുഗ്രഹങ്ങളിൽ നമുക്ക് ആനന്ദം കണ്ടെത്താനാവും. അര ഗ്ലാസ്‌ പാനീയം ലഭിച്ച ഒരാൾ ഒരു ഗ്ലാസ്‌ ലഭിച്ചില്ലല്ലോ എന്നു ചിന്തിക്കാതെ, പരാതി പറയാതെ എനിക്ക് അര ഗ്ലാസ്സെങ്കിലും ലഭിച്ചല്ലോ എന്നു തിരിച്ചറിഞ്ഞാൽ അവനു അതിൽ ആനന്ദം കണ്ടെത്താനാവും. ഇങ്ങനെ പരാതി പറച്ചിലിന്റെ ഓരോ അവസരവും നമുക്ക് ആനന്ദവേളയാക്കി മാറ്റാം. അങ്ങനെ ഒരു പരാതി രഹിത സമൂഹമായി മാറാനുള്ള ഉത്തരവാദിത്തം നമുക്കു ഓരോരുത്തര്‍ക്കും സ്വയം ഏറ്റെടുക്കാം.


Wednesday, January 23, 2013

നബിദിനം എതിര്‍ക്കപ്പെടേണ്ടതുണ്ടോ?

   ഇതര മതങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇസ്‌ലാമിൽ മതപരമായ ഏതൊരു കാര്യത്തിനും മതത്തിൽ തെളിവ് വേണം. ഈ തെളിവുകൾക്ക് വേണ്ടി ഇസ്‌ലാമിക നിയമപ്രകാരം ആധാരമാക്കാവുന്ന പ്രമാണങ്ങള്‍ രണ്ടാണ്. പരിശുദ്ധ ഖുര്‍ആനും മുഹമ്മദ്‌ നബി(സ) യുടെ ചര്യകളും. ഈ ചര്യകള്‍ക്കാണ് സാങ്കേതികമായി സുന്നത്ത് എന്നു പറയുന്നത്. നബി(സ) യുടെ ചര്യകള്‍ എന്നു പറയുമ്പോള്‍ നബി(സ) വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ മൗനം കൊണ്ടോ അംഗീകാരം നല്‍കിയ കാര്യങ്ങളാണ് വിവക്ഷിക്കപ്പെടുന്നത്‌.  ഈ പ്രമാണങ്ങളില്ലാത്ത ഒരു കാര്യം ഒരാള്‍ മതകാര്യമായി അവതരിപ്പിക്കുമ്പോള്‍ അതിനെ ബിദ്അത്ത് എന്നാണ് പറയുക. ആമുഖമായി ഇത്രയും പറയാന്‍ കാരണം നബിദിനാഘോഷത്തിന്‍റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം ഒന്നു ചര്‍ച്ച ചെയ്യുക എന്നതാണ്. നബി(സ) അനുയായികളെ ഉപദേശിക്കുന്ന കൂട്ടത്തില്‍ ഇങ്ങനെ ശക്തമായി താക്കീത് ചെയ്തു. "മത കാര്യങ്ങളില്‍ നിങ്ങള്‍ പുതുനിര്‍മിതികളെ സൂക്ഷിക്കുവിന്‍. കാരണം പുതുനിര്‍മിതികളെല്ലാം പുത്തനാചാരം (ബിദ്അത്ത്) ആകുന്നു. എല്ലാ പുത്തനാചാരവും ദുര്‍മാര്‍ഗമാകുന്നു." (അഹ്മദ്, അബൂദാവുദ് , തിര്‍മിദി, ഇബ്നുമാജ, നസാഈ ). നബി(സ)യുടെ ജീവിതത്തിലോ സഹാബിമാരുടെയോ ത്വാബിഉകളുടെയോ ജീവിതത്തിലോ ഈയൊരു ആഘോഷത്തിനു നമുക്ക് തെളിവുകള്‍ കാണുക സാദ്ധ്യമല്ല. ഖുര്‍ആനിലോ ഹദീസിലോ ഇത്തരമൊരു  ആഘോഷത്തിനുള്ള നിര്‍ദേശവുമില്ല. ആഇശ (റ) ഉദ്ധരിക്കുന്ന മറ്റൊരു നബിവചനത്തില്‍ ഇങ്ങനെ കാണാം. "നമ്മുടെ മതകാര്യത്തില്‍ അതിലില്ലാത്ത എന്തെങ്കിലും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ് " പുത്തനാചാരങ്ങളെക്കുറിച്ച് താക്കീത് നല്‍കുന്ന മറ്റു ചില നബിവചനങ്ങളും നമുക്ക് കാണുവാന്‍ സാധിക്കും. നബി (സ) പഠിപ്പിക്കാത്ത ഒരു കാര്യം അതെത്ര നല്ലതായാലും ഇസ്‌ലാമിന്‍റെ പേരില്‍ നിര്‍മിച്ചെടുക്കുന്നത് മഹാപാതകമാണെന്നാണ് ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും അധ്യാപനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നത്. കൂടാതെ ഇസ്‌ലാം നബി(സ) യുടെ കാലത്ത് തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഇനി അതില്‍ ആരും തന്നെ ഒന്നും കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും ഖുര്‍ആനില്‍ നിന്നും സുവ്യക്തമാണ്. ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നു. "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പരിപൂര്‍ണമാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെട്ടുതരികയും ചെയ്തിരിക്കുന്നു." (സൂറത്ത് മാഇദ : 3) അത് കൊണ്ട് അതിനു ശേഷം മതത്തില്‍ വന്ന ഏതു ആചാരങ്ങളും അനുഷ്ഠാനങ്ങളും പുത്തനാചാരമായാണ് (ബിദ്അത്ത് ) കണക്കാക്കപ്പെടുക. മുഹമ്മദ്‌ നബി(സ) ക്ക് ശേഷം ആരെയും അന്ധമായി അനുധാവനം ചെയ്യേണ്ട കാര്യം മുസ്‌ലിംകള്‍ക്കില്ല.


  നമ്മുടെ മാതാപിതാക്കളേക്കാളും മക്കളെക്കാളും ഇണകളേക്കാളും മറ്റാരെക്കാളും മറ്റെന്തിനേക്കാളും അല്ലാഹുവിനെയും നബി(സ) യെയും ഇഷ്ടപ്പെടുക എന്നത് ഈ മതത്തില്‍ ഉറച്ചു നില്‍ക്കുന്നതിനു വളരെ അത്യാവശ്യമാണ്. ഖുര്‍ആനും ഹദീസും വളരെ ഗൌരവത്തോടു കൂടി തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. മുഹമ്മദ്‌ നബി (സ) മറ്റാരെക്കാളും മറ്റെന്തിനേക്കാളും ഇഷ്ടപ്പെട്ടതാകുന്നത് വരെ നമ്മളാരും മുസ്‌ലിംകളാവുകയില്ല എന്നത് നബി(സ) യുടെ അധ്യാപനമാണ്. വിശുദ്ധ ഖുര്‍ആനും ഈ കാര്യം ഊന്നിപ്പറയുന്നുണ്ട്. ഇതില്‍ നിന്നെല്ലാം നബി (സ) യെ മറ്റാരെക്കാളും ഇഷ്ടപ്പെടേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുന്നുണ്ട്. പക്ഷെ, എങ്ങനെയാണു സ്നേഹിക്കേണ്ടത് എന്നതാണ് വിഷയം. ഏതൊരു വിഷയത്തിലുമെന്ന പോലെ, എങ്ങനെയാണ് വേണ്ടത് എന്ന് നബി (സ) പഠിപ്പിച്ച രൂപത്തിലും സഹാബിമാര്‍ മനസ്സിലാക്കിയ രൂപത്തിലും മനസ്സിലാക്കുക എന്നതാണ് നമുക്ക് കരണീയം. അത്തരത്തില്‍ നോക്കുമ്പോള്‍ നബിദിനാഘോഷത്തിനു യാതൊരു തെളിവും ഇസ്‌ലാമിലില്ല എന്നു വ്യക്തമാകും. നബി (സ) പറഞ്ഞു. " ആര് എന്‍റെ ചര്യയെ ഇഷ്ടപ്പെട്ടോ അവന്‍ എന്നെ ഇഷ്ടപ്പെട്ടു. ആര് എന്നെ ഇഷ്ടപ്പെട്ടോ അവന്‍ എന്‍റെ കൂടെ സ്വര്‍ഗത്തിലാണ്". വളരെ വ്യക്തമാണ് കാര്യങ്ങള്‍. നബി(സ)യുടെ ചര്യയെ ഇഷ്ടപ്പെടുകയും പിന്‍പറ്റുകയും ചെയ്യുക. നബിദിനാഘോഷം എന്നത് തന്നെ നബിചര്യക്ക്‌ വിരുദ്ധമാണ് എന്നാണ് പ്രമാണങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്. അപ്പോള്‍ എങ്ങനെയാണ് നമുക്ക് ഈ ആഘോഷത്തെ അനുകൂലിക്കുവാന്‍ കഴിയുക?    ഇനി, നബിദിനം എന്ന ഈ ആഘോഷം ഒരു ആചാരമായോ ആഘോഷമായോ നടത്തേണ്ടതായിരുന്നിട്ടു കൂടി  ഏതെങ്കിലും കാരണത്താല്‍ മുഹമ്മദ്‌ നബി ഇതു പഠിപ്പിക്കാതെ വിട്ടുപോയതാണ് എന്ന് വിശ്വസിച്ചാല്‍ മുഹമ്മദ്‌ നബി (സ) തന്‍റെ ദൌത്യത്തില്‍ വഞ്ചന കാണിച്ചു എന്നാകുമല്ലോ അത്. നബി (സ) യുടെ ജന്മദിനം എതാണെന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. നബി (സ) യുടെ ജന്മദിനം എന്നാണെന്ന വിഷയത്തിൽ കൃത്യമായ റിപ്പോർട്ടുകൾ നിലവിലില്ലാത്തത് അതിന് യാതൊരു പ്രാധാന്യവും ഇസ്‌ലാമിൽ ഇല്ലാത്തത് കൊണ്ട് തന്നെയാണ്. അതു കൊണ്ട് വിശുദ്ധ ഖുര്‍ആനിലോ മുഹമ്മദ്‌ നബി(സ) യുടെ ചര്യയിലോ നബി (സ) യില്‍  നിന്ന് മതം പഠിച്ച അവിടുത്തെ സഹാബിമാരുടെ ജീവിതത്തിലോ, അവരെ പിന്തുടര്‍ന്നു വന്ന ത്വാബിഉകളുടെ ജീവിതത്തിലോ ഉണ്ടായിട്ടില്ലാത്ത ഈ ആഘോഷം ബിദ്അത്ത് ആയി കണക്കാക്കുകയും വിട്ടുനില്‍ക്കുകയുമാണ്‌ സത്യാന്വേഷികള്‍ ചെയ്യേണ്ടത്.


   പ്രബോധന രീതികള്‍ പ്രവാചകനില്‍ നിന്നും പഠിക്കാത്ത ചിലരുടെ ദിശാബോധമില്ലാത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഈ ആഘോഷം വ്യാപകമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌ എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ, യുക്തിയോ ആരുടെയെങ്കിലും എതിര്‍പ്പുകളോ സപ്പോര്‍ട്ടുകളോ അല്ല; മറിച്ച് പ്രമാണങ്ങളായിരിക്കണം മതകാര്യങ്ങള്‍ ചെയ്യുന്നതിനു പരിഗണിക്കേണ്ടതും അവലംബമാക്കേണ്ടതും. അതാണ് നബി(സ) യുടെ നിര്‍ദേശവും.  അതുകൊണ്ടാണ് മുസ്‌ലിംകളിൽ മതപരമായ അറിവും അവബോധവുമുള്ളവർ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കാത്തത്.