Saturday, March 17, 2012

ഇതാകുന്നു ഇസ്‌ലാം

നമുക്കിടയില്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഇസ്‌ലാം.  ഇസ്‌ലാം എന്ന പദത്തിനര്‍ത്ഥം സമര്‍പ്പണം എന്നാണ്. ഈ പ്രപഞ്ചത്തിനു ഒരു സൃഷ്ടാവ് ഉണ്ടെന്നും ആ സൃഷ്ടാവിന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിതം സൃഷ്ടാവിന് സമര്‍പ്പിക്കണമെന്നുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപാട്. ഈ പ്രപഞ്ചസൃഷ്ടാവിന് മാത്രം ആരാധനകളും പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു കൊണ്ട് ജീവിക്കണമെന്ന് പറയുമ്പോള്‍ തന്നെ സകല സൃഷ്ടിപൂജകളേയും ഇസ്‌ലാം നിരാകരിക്കുകയും സൃഷ്ടിപൂജയിലെക്കുള്ള വാതിലുകള്‍ അടക്കുകയും ചെയ്യുന്നു. നന്മകള്‍ ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചും തിന്മകള്‍ അധികരിപ്പിക്കുന്നവര്‍ക്കുള്ള വേദനയേറിയ ശിക്ഷയെക്കുറിച്ചും ഉല്‍ബോധിപ്പിക്കുന്നു. നന്മയും തിന്മയും ഏതൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം ആത്യന്തികമായി ദൈവത്തില്‍ നിക്ഷിപ്തമാണെന്നും ഇസ്‌ലാം കല്പിക്കുന്നു.     ആരാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവ്? എങ്ങിനെയാണ്‌ അവനു കീഴൊതുങ്ങി ജീവിക്കേണ്ടത്? എന്തുകൊണ്ടാണ് നന്മതിന്മകളെ തരംതിരിക്കാനുള്ള അന്തിമാധികാരം ദൈവത്തില്‍ നിക്ഷിപ്തമാണ് എന്ന് പറയുന്നത്?.    ഒരു മില്ലി മീറ്ററിന്റെ പതിനായിരത്തില്‍ ഒരംശം മാത്രം വലുപ്പമുള്ള കോശങ്ങള്‍. അത്തരം ഒരു കോശത്തില്‍ 970 വാല്യം എന്സൈക്ലോപീഡിയയിലെ വിവരങ്ങള്‍ ശേഖരിച്ചു വെക്കാം. ഇതുവരെ ഈ ഭൂമുഖത്ത് ജീവിച്ചിട്ടുള്ള എല്ലാ ജീവിവര്‍ഗങ്ങളുടെയും ഓരോ കോശം വീതം എടുത്തു കൂട്ടിവെച്ചാല്‍ അതിനുമൊത്തം നമ്മുടെ കൈവെള്ളയുടെ അത്ര സ്ഥലം പോലും വേണ്ടിവരില്ല. ഇങ്ങേയറ്റത്ത്‌ അനന്ത വിസ്തൃതമായ പ്രപഞ്ചം. ഭൂമി - അതുള്‍ക്കൊള്ളുന്ന സൌരയൂഥം. അതിന്റെ കേന്ദ്രമായ സൂര്യന് 13ലക്ഷം ഭൂമിയെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. അതു പോലെയുള്ള നാല്‍പതിനായിരം കോടി നക്ഷത്രക്കൂട്ടങ്ങളുള്ള മില്കി വേ എന്ന നമ്മുടെ ഗാലക്സി. അതുപോലെയുള്ള പതിനായിരമോ ഇരുപതിനായിരമോ കോടി ഗാലക്സികള്‍. ഇതെല്ലം ഇതുവരെ കണ്ടെത്തിയത് മാത്രം. യഥാര്‍ത്ഥ പ്രപഞ്ചം ഇതിലും വളരെ വലുതായിരിക്കാം എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും കൃത്യമായി സംവിധാനിക്കുകയും ചെയ്തവന്‍ ആരോ അവനാണ് ഈ ലോകത്തിന്റെ രക്ഷിതാവ്. സര്‍വചരാചരങ്ങളെയും സൃഷ്ടിക്കുകയും അവയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തവന്‍. സൂര്യനെയും ഭൂമിയും മറ്റെല്ലാ ഗോളങ്ങളെയും സൃഷ്ടിക്കുകയും കൃത്യമായ സഞ്ചാരപഥത്തിലൂടെ അവയെ സഞ്ചരിപ്പിക്കുകയും ചെയ്യുന്നവന്‍.     ഈ പ്രപഞ്ച സൃഷ്ടാവ് മനുഷ്യര്‍ക്ക്‌ മുഴുവന്‍ മാര്‍ഗദര്‍ശനമായി അവതരിപ്പിച്ച അവസാന വേദഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. അത് അതിനു മുമ്പ് അവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയും അതിന്റെ തുടര്‍ച്ച അവകാശപ്പെടുകയും ചെയ്യുന്നു. എല്ലാവരും മരണപ്പെടുമെന്നും മരണശേഷം മറ്റൊരു ജീവിതമുണ്ടെന്നും ഇഹലോകജീവിതത്തിലെ കര്‍മങ്ങള്‍ക്ക് അവിടെ അര്‍ഹമായ പ്രതിഫലം നല്‍കപ്പെടുമെന്നും ഖുര്‍ആന്‍ മനുഷ്യരെ ഓര്‍മപ്പെടുത്തുന്നു. ഇഹലോകജീവിതത്തിലെയും മരണാനന്തര ജീവിതത്തിലെയും വിജയത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അത് നല്‍കുന്നു. സുകൃത വാന്മാര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച് സന്തോഷവാര്‍ത്ത‍ അറിയിക്കുന്നു. ദുര്‍വൃത്തിയില്‍ മുഴുകിയവര്‍ക്കുള്ള ശിക്ഷയെപറ്റി താക്കീതു നല്‍കുന്നു. മദ്യം, പലിശ, ചൂതാട്ടം, വ്യഭിചാരം, ഏഷണി, പരദൂഷണം, അപവാദ പ്രചരണം,  അന്യായ ലാഭം, അക്രമം, അനീതി എന്നിവ വര്‍ജിക്കുവാന്‍ കര്‍ശനമായി ആവശ്യപ്പെടുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുവാനും കുഞ്ഞുങ്ങളെ സ്നേഹം നല്‍കി വളര്‍ത്താനും ആവശ്യപ്പെടുന്നു. ബന്ധങ്ങള്‍, സൌഹൃദങ്ങള്‍ തുടങ്ങിയവ ഊട്ടിയുറപ്പിക്കുവാന്‍ നിര്‍ദേശിക്കുന്നു. രോഗിയെ സന്ദര്‍ശിക്കുവാനും മരണപ്പെട്ടവന്റെ അനന്തരകര്‍മങ്ങളില്‍ പങ്കെടുക്കുവാനും അവനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഉത്ബോധിപ്പിക്കുന്നു. എല്ലാ നന്മകളിലും സഹകരിക്കാനും തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും കല്പിക്കുന്നു. എത്ര കയ്പേറിയതായാലും എപ്പോഴും സത്യം മാത്രം പറയണമെന്ന് ഉദ്ഘോഷിക്കുന്നു. തന്‍റെ സഹോദരനെ പുഞ്ചിരിയോടുകൂടി അഭിമുഖീകരിക്കാനും ആശംസിക്കാനും കല്പിക്കുന്നു. ആഘോഷവേളകളില്‍ അതിരു കടക്കരുതെന്നും ആരാധനാകര്‍മങ്ങളില്‍ പോലും അതിരുകവിയരുതെന്നും പഠിപ്പിക്കുന്നു. ദരിദ്രര്‍ക്കും സാധുക്കള്‍ക്കും അനാഥകള്‍ക്കും സഹായമെത്തിക്കുവാനും സമ്പാദ്യം നിഷിദ്ധവിമുക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. ക്ഷമിക്കുവാനും വിട്ടുവീഴ്ച ചെയ്യുവാനും കോപം ഒഴിവാക്കുവാനും എതിരഭിപ്രായ ക്കാര്‍ക്ക് അവരുടെ അഭിപ്രായ സ്വാതത്ര്യം നല്‍കുവാനും കല്പിക്കുന്നു. ഏതു പ്രതിസന്ധിഘട്ടങ്ങളിലും ലോകരക്ഷിതാവിലുള്ള പ്രതീക്ഷ കൈവിടാതെ പോസിറ്റീവായി മുന്നേറാന്‍ ഉദ്ബോധിപ്പിക്കുന്നു. മനുഷ്യപ്രകൃതിക്ക് ഹാനികരമായതെന്തും ഇസ്‌ലാമില്‍ നിഷിദ്ധമാണ്.     നമ്മുടെ നാട്ടില്‍ തിന്മകള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവരാണ്. പലരും നന്‍മ ഉദ്ദേശിച്ചാണ് തിന്മയില്‍ ഏര്‍പ്പെടുന്നത്. തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ പലരും അവര്‍ ചെയ്യുന്നത് ശരിയാണ് എന്ന് വിശ്വസിക്കുന്നവരാണ്. എനിക്കാരെയും ബോധിപ്പിക്കാനില്ല, എനിക്ക് എന്നെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി എന്ന അഭിപ്രയക്കാരും നിരവധി. വ്യക്തികളും സ്ഥലങ്ങളും സാഹചര്യങ്ങളും കാലഘട്ടങ്ങളും മാറുമ്പോള്‍ നന്മ തിന്മകളെ ക്കുറിച്ചുള്ള കാഴ്ചപാടുകളും മാറുന്നു. യഥാര്‍ത്ഥത്തില്‍  നന്മതിന്മകളെ ക്കുറിച്ചുള്ള ആത്യന്തികമായ അറിവ്, മനുഷ്യനെ അറിയുന്ന, അവന്‍റെ മനസ്സിന്‍റെ സഞ്ചാരങ്ങളെ കുറിച്ചറിയുന്ന, ഓരോ സെക്കന്റിലും മാറിമറിയുന്ന അവന്‍റെ വികാര വിചാരങ്ങളെക്കുറിച്ചറിയുന്ന ലോകരക്ഷിതാവില്‍ നിന്ന് മാത്രമേ ലഭിക്കൂ. അതുകൊണ്ടാണ് ഇസ്‌ലാം നന്മ തിന്മകളെ വേര്‍തിരിക്കാനുള്ള അന്തിമാധികാരം ദൈവത്തില്‍ നിക്ഷിപ്തമാക്കുന്നത്.  ഈ ദൈവിക മാര്‍ഗദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും അറിയുവാനും ഓരോ സുഹൃത്തുക്കളും ശ്രമിക്കുക. അതിനുള്ള ചെറിയൊരു പ്രേരണയെങ്കിലും ഈ കുറിപ്പ് കൊണ്ട് ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഞാന്‍ കൃതാര്‍ഥനായി. Ref: http://www.universetoday.com/30305/how-many-galaxies-in-the-universe/


No comments:

Post a Comment