Saturday, May 4, 2013

എൻറെ യുക്തിവാദ മിനിക്കഥകൾ


എട്ടിന്‍റെ പകുതി അഥവാ എട്ടിന്‍റെ പണി 

എട്ടിന്‍റെ പകുതി എത്രയാ? രണ്ടാമത്തെ പീരീഡ്‌ കഴിഞ്ഞു മാഷ്‌ റൂമില്‍ പോയ നേരം. അപ്പോഴാണ് പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ഈ ചോദ്യം വന്നത്. ആരാണ് ചോദിച്ചത് എന്നെനിക്കു മനസ്സിലായില്ല. എട്ടിന്‍റെ പകുതി നാലല്ലേ എന്നാലോചിച്ചു മറുപടി പറയാന്‍  തുടങ്ങുമ്പോഴാണ് "പൂജ്യം" എന്ന ഉത്തരം കേട്ടത്. രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ഷാജിയാണ് ഇത് പറഞ്ഞത്. "എട്ടിനെ കുത്തനെ നിര്‍ത്തി കുറുകെ മുറിച്ചാല്‍ പൂജ്യമാണ് കിട്ടുക". അതു ശരിയാണല്ലോ എന്ന് ഞാന്‍ ചിന്തിച്ചപ്പോഴേക്കും "അതല്ല എട്ടിന്‍റെ പകുതി മൂന്നാണ്, കുത്തനെ നിര്‍ത്തി കുത്തനെ മുറിച്ചാല്‍ 3 ആണ് ലഭിക്കുക" സിനിയാണു ഇത് പറഞ്ഞത്. അപ്പോഴേക്കും പാച്ചു എഴുന്നേറ്റു നിന്നിരുന്നു. അവന്‍ പ്രഖ്യാപിച്ചു "എട്ടിന്‍റെ പകുതി എട്ടു തന്നെ." എട്ടിന്‍റെ പകുതി എട്ടോ ഇവനെന്താ വട്ടോ എന്ന മട്ടില്‍ എല്ലാവരും അവനെ നോക്കി. "എട്ടിനെ വശത്തു നിന്ന് കനത്തില്‍ പകുത്താല്‍ കനം കുറഞ്ഞ രണ്ടു എട്ടു കിട്ടും." അതും ശരിയാണല്ലോ എന്നെനിക്കു തോന്നി. അപ്പോള്‍ അതുവരെ പുഞ്ചിരിച്ചു കൊണ്ട് ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ജോണിക്കുട്ടി എഴുന്നേറ്റു നിന്നു. എല്ലാവരും അവനെ തന്നെ നോക്കി. കാരണം അവനാണ് ക്ലാസ്സിലെ ഒന്നാമന്‍. അവന്‍ പറഞ്ഞു. "ഗണിതശാസ്ത്രപ്രകാരം എട്ടിന്‍റെ പകുതി നാലാണ്. കണക്കിന്‍റെ കാര്യത്തില്‍ ഗണിതശാസ്ത്രമാണ് അവസാന വാക്ക്". അതോടുകൂടി ആകെ ബഹളമായി. പൂജ്യമാണെന്നും മൂന്നാണെന്നും നാലാണെന്നും എട്ടു തന്നെയാണെന്നും ഇതൊന്നും ശരിയല്ലെന്നും എല്ലാം. സര്‍വം ബഹളമയം. ഞാനാകെ അങ്കലാപ്പിലായി. കാരണം എനിക്കാണ് ക്ലാസില്‍ സൈലന്‍സ് നിലനിര്‍ത്തേണ്ട ഡ്യൂട്ടി. ഞാന്‍ രണ്ടു തവണ ഡെസ്കിലടിച്ചു. എന്നിട്ടു പറഞ്ഞു. "നിങ്ങള്‍ എല്ലാവരും പറഞ്ഞതും ശരിയാണ്. എല്ലാ ഉത്തരവും ഒരേ ഉത്തരത്തിലേക്കാണ് എത്തുന്നത്‌". അതോടു കൂടി എല്ലാവരും ശാന്തരായി. എനിക്ക് ഏറെ സമാധാനമായി. കാരണം ഉത്തരം ശരിയോ തെറ്റോ എന്നതിനപ്പുറം, എങ്ങനെയെങ്കിലും ഈ ബഹളമൊന്നു  അവസാനിപ്പിക്കണമെന്നേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഏറ്റവും പുറകിലെ ബെഞ്ചില്‍ നിന്നും റിഡോ എഴുന്നേറ്റത്. ഞാന്‍ വീണ്ടും അങ്കലാപ്പിലായി. അവന്‍ പറഞ്ഞു. "നിങ്ങള്‍ എല്ലാവരും മണ്ടന്‍മാരാണ്. എട്ടിന് പകുതി ഇല്ല. കാരണം നിങ്ങളെല്ലാവരും വ്യത്യസ്ത ഉത്തരമാണ് പറയുന്നത്. ഇനി എട്ടിനു പകുതി ഉണ്ടെങ്കില്‍ ആ പകുതിയുടെ പകുതി എത്രയാണ്? ഇതൊക്കെ കുട്ടികളെ പേടിപ്പിക്കാന്‍ വേണ്ടി കണക്കു അധ്യാപകര്‍ ഉണ്ടാക്കിയ കുറെ വിഡ്ഢിത്തങ്ങള്‍ മാത്രമാണ്. എട്ടിന് പകുതി ഉണ്ടെന്നു ആര്‍ക്കും തെളിയിക്കാനാവില്ല. ഗണിതപുസ്തകങ്ങളോ മറ്റേതെങ്കിലും പുസ്തകങ്ങളോ എന്ത് പറഞ്ഞാലും ശരി, എട്ടിന് പകുതിയുണ്ടെന്നു  ഞാന്‍ വിശ്വസിക്കില്ല. കാരണം ഞാന്‍ ഒരു യുക്തിവാദിയാണ്." ചര്‍ച്ച അവിടെ അവസാനിച്ചു. 

ഉത്തരമില്ലാത്ത ചോദ്യം... അതായത്  യുക്തിപരമായ ചോദ്യം 

" മോനേ കുട്ടാ  ഒന്നിങ്ങോട്ടു വന്നേ ..." ചായ കുടിച്ചു പുറത്തേക്കൊന്നിറങ്ങാം എന്ന് വിചാരിച്ചു എഴുന്നേറ്റപ്പോഴാണ് അമ്മയുടെ വിളി. " എന്താ അമ്മേ.." ഞാന്‍ അടുക്കളയിലേക്കു ചെന്നു. " നീ ആ ശങ്കരേട്ടന്റെ കടയില്‍ പോയി ഒരു കിലോ സവാളയിങ്ങോട്ട് വാങ്ങിക്കോ." ഞാന്‍ പുറത്തേക്കിറങ്ങി. " അരക്കിലോ പരിപ്പുകൂടി വാങ്ങിക്കോ" ഞാനിറങ്ങുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു.  ഞാന്‍ കുറച്ചു നടന്നു. എന്നിട്ട് തിരിച്ചു വന്നു അമ്മയോട് ചോദിച്ചു. " അമ്മേ പയര്‍ എത്രയാ വാങ്ങേണ്ടത്? "  "മോനെ പയറല്ല പരിപ്പാണ് ഞാന്‍ പറഞ്ഞത്."  "അതെനിക്കറിയാം പക്ഷെ പയര്‍ എത്രയാണ് വാങ്ങേണ്ടത് എന്നമ്മ പറഞ്ഞില്ല" "പയര്‍ കഴിഞ്ഞാഴ്ച സപ്ലയ്കോയില്‍ നിന്നും വാങ്ങിയത് ഇവിടുണ്ട്. അതുകൊണ്ട് പയര്‍ വേണ്ട." "അമ്മ ഞാന്‍ ചോദിച്ചതിനു ഉത്തരം പറഞ്ഞില്ല. പയര്‍ എത്രയാണ് വേണ്ടത്?" അമ്മ പറഞ്ഞു " മോനെ പയര്‍ ഇവിടെ ആവശ്യത്തിനുണ്ട്. നമുക്ക് പരിപ്പാണ് വേണ്ടത്." "അതെനിക്കറിയാം പരിപ്പാണ് വേണ്ടതെന്നു. പക്ഷെ എന്‍റെ ചോദ്യം പയറെത്രയാണ് വേണ്ടത് എന്നാണ്. അമ്മ അതിനുത്തരം പറഞ്ഞില്ല. എന്തുകൊണ്ടാണ് അമ്മ എന്‍റെ ചോദ്യത്തിന് ഉത്തരം പറയാത്തത്?" അമ്മക്ക് ദേഷ്യം വന്നു തുടങ്ങി. " നിനക്കെന്താ വട്ടുണ്ടോ? പയര്‍ നമുക്ക് വേണ്ട എന്നു പറഞ്ഞാല്‍ മനസ്സിലാവില്ലേ.? "  " പയര്‍ വേണ്ട എന്നെനിക്കു മനസ്സിലായി. പക്ഷെ പയറെത്രയാണ് എന്നാണ് എനിക്കറിയേണ്ടത്." അമ്മക്ക് ദേഷ്യം വന്നു. " നീയൊന്നും വാങ്ങണ്ട. നീയൊന്നു ഇവിടന്നു ഒന്ന് പോയിത്തന്നാല്‍ മതി."  അമ്മയുടെ അറിവില്ലായ്മയെക്കുറിച്ചും ബുദ്ധിയില്ലായ്മയെക്കുറിച്ചും ചിന്തിച്ചു ഞാന്‍ വേദനിച്ചു.  ഇനി എന്നാണാവോ ഇവര്‍ക്കൊക്കെ ബുദ്ധിയുണ്ടാകുന്നത്. ഞാന്‍ അമ്മയോടായി പറഞ്ഞു. "അമ്മേ, ഞാനൊരു യുക്തിവാദിയാണ്. എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ലെങ്കില്‍ അത് പറയുക. അല്ലാതെ ദേഷ്യപ്പെടുകയല്ല വേണ്ടത്".  ഇത്രയും പറഞ്ഞു ഞാന്‍ ഇറങ്ങി നടന്നു.   
(കടപ്പാട്: എത്ര ഉത്തരം കിട്ടിയിട്ടും ഭക്തജനങ്ങള്‍ ഉത്തരം നല്‍കിയില്ല എന്നു പരിഭവിച്ചു കൊണ്ടേയിരിക്കുന്ന യഥാര്‍ത്ഥ ചിന്തകരിലെ എന്‍റെ സുഹൃത്തിനോട്‌. 
സമര്‍പ്പണം: ദൈവവിശ്വാസികളുടെ മണ്ടത്തരം ആലോചിച്ചു വ്യാകുലപ്പെടുന്ന എല്ലാ യുക്തിവാദികള്‍ക്കും.)

No comments:

Post a Comment