Thursday, March 21, 2013

പരാതികള്‍ പരിഹാരമാവില്ല

   എപ്പോഴും എവിടെയും പരാതികളാണ്. ഭാര്യക്ക് ഭര്‍ത്താവിനെക്കുറിച്ച്, ഭര്‍ത്താവിന് ഭാര്യയെക്കുറിച്ച്, തൊഴിലാളിക്ക് മുതലാളിയെക്കുറിച്ച്, മുതലാളിക്ക് നേരെ തിരിച്ചും. മക്കളെക്കുറിച്ച് പരാതി പറയുന്നവരാണ് രക്ഷിതാക്കളില്‍ ഭൂരിഭാഗവും. കുട്ടികളാകട്ടെ അധ്യാപകരെ കുറിച്ച് പരാതിയുള്ളവരാണ്. അധ്യാപകരോ, രക്ഷിതാക്കളെക്കുറിച്ച് പരാതി പറയുന്നു. റോഡിനെക്കുറിച്ചും റോഡ്‌ നിയമങ്ങളെക്കുറിച്ചും പരാതിയുള്ളവരാണ് ഡ്രൈവര്‍മാര്‍. ഗവണ്മെന്റിനെക്കുറിച്ച്, നിയമങ്ങളെക്കുറിച്ച്, പൊതുജനങ്ങളെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, മതത്തെക്കുറിച്ച്, പാര്‍ട്ടികളെക്കുറിച്ച്, നേതാക്കളെക്കുറിച്ച്, അങ്ങനെ ഏതൊക്കെ മേഖലയുണ്ടോ അവിടെയെല്ലാം പരാതികളാണ്. പരാതികള്‍ പറയുക എന്നത് നമ്മുടെ ജീവിത ശൈലിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ പറയാം . തൊഴിലില്ലായ്മയെക്കുറിച്ച് പരാതി പറഞ്ഞു തൊട്ടടുത്ത നിമിഷം നാം പരാതി പറയുന്നത് അല്ലെങ്കില്‍ കേള്‍ക്കുന്നത് തൊഴിലാളിക്ഷാമത്തെക്കുറിച്ചാണ്! എന്നാല്‍ ഈ പരാതികളെല്ലാം പരിഹരിക്കപ്പെടണമെന്നു നാം ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണ് സത്യസന്ധമായി നമുക്ക് പറയാനാവുക. അതെ, വാസ്തവമാണത്, പരാതികള്‍ പരിഹരിക്കപ്പെടണമെന്നു നാം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നില്ല! ഭാര്യയെക്കുറിച്ച് നാം പരാതി പറയുന്നത് ഓഫീസിലെ സഹപ്രവര്‍ത്തകരോടാണ്. സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള പരാതികള്‍ നാം പറയുന്നതാകട്ടെ ഭാര്യയോടും! ഒരാളെക്കുറിച്ചുള്ള നമ്മുടെ പരാതി അയാള്‍ കേള്‍ക്കുന്നത് പോലും നാം പലപ്പോഴും ഇഷ്ടപ്പെടുന്നില്ല. ഈ പരാതികള്‍ പരിഹരിക്കപ്പെടണമെന്നു നമുക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ നാം ആ വ്യക്തിയോട് ഈ വിഷയം തുറന്നു സംസാരിക്കുമായിരുന്നു. ഇനി ഈ പരാതി പറയുന്ന ആളുകളോട് അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു നോക്കൂ. അപ്പോഴവര്‍ പറയുക ഇതൊന്നും ശരിയാകുവാന്‍ പോകുന്നില്ല എന്നായിരിക്കും. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്തതിന് മാതാപിതാക്കളെയും വിദ്യാഭ്യാസ രീതിയെയും കുറ്റപ്പെടുത്തുന്ന പലരെയും നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ അവരോടു നല്ല കോഴ്സിനെക്കുറിച്ച് പറഞാല്‍ അവര്‍ക്ക് പല തരത്തിലുള്ള ഒഴികഴിവുകള്‍ പറയാനുണ്ടാകും. മതിയായ ജോലിക്കയറ്റം ലഭിക്കാത്തതിന് സഹപ്രവര്‍ത്തകന്‍ പാര വെച്ചതാണ് എന്നു പരാതി പറയുന്ന ആളോട് സംഭവത്തിന്‍റെ യഥാര്‍ത്ഥ കാരണം പറഞ്ഞു കൊടുത്താല്‍ പലപ്പോഴും അംഗീകരിക്കുകയില്ല. ഗള്‍ഫിലേക്ക് വിസ ലഭിക്കാത്തതിനെക്കുറിച്ച് പരാതി പറയുന്ന പലരും ഗള്‍ഫ് ജോലി ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ പരാതി പറയുന്നത് ജോലിഭാരത്തെക്കുറിച്ചും പ്രവാസി ജീവിതത്തിന്‍റെ പ്രയാസങ്ങളെക്കുറിച്ചുമായിരിക്കും. ഇനി നാട്ടിലെത്തിയാലോ ഇവിടത്തെ സംവിധാനങ്ങളെയും ഭരണകൂടത്തിന്‍റെ കഴിവില്ലായ്മയെക്കുറിച്ചുമായിരിക്കും ഇവര്‍ പരാതി പറയുക. ബിസിനസ് ചെയ്യുന്ന പലരോടും അതിനെക്കുറിച്ച് അന്വേഷിച്ചാൽ ലാഭമില്ല, ബുദ്ധിമുട്ടാണ് എന്നൊക്കെ പരാതി പറയുന്നത് കാണാം. എന്നാൽ പുതിയ ബിസിനസ് സാദ്ധ്യതകളോ ഐഡിയകളോ പറഞ്ഞുകൊടുത്താൽ അവർക്കത്‌ സ്വീകാര്യമാവുകയുമില്ല!. സമയമില്ല, പണമില്ല എന്നൊക്കെയായിരിക്കും അപ്പോൾ പറയുക. അതിനും പരിഹാരം പറഞ്ഞുകൊടുത്തൽ അടുത്ത മറുപടി അതൊന്നും ഞാൻ ചെയ്താൽ ശരിയാവില്ല എന്നായിരിക്കും. കുട്ടികളുടെ വികൃതികളെക്കുറിച്ച് പരാതി പറഞ്ഞിരുന്ന സുഹൃത്തിനോട് ടി എ (ട്രാൻസാക്ഷണൽ അനാലിസിസ്) എന്ന കോഴ്സിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ കിട്ടിയ മറുപടി "ഇതൊക്കെ പഠിച്ചിട്ടാണോ നമ്മുടെ മാതാപിതാക്കൾ നമ്മെ വളർത്തിയത്‌" എന്നായിരുന്നു!
   സത്യത്തില്‍ ഒരു കാര്യത്തിന്റെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തവരാണ് പരാതി പറയുക. തങ്ങളുടെ ഓരോ പ്രശ്നങ്ങൾക്കും മറ്റുള്ളവരാണ് കാരണം എന്നവര് കരുതും ദൈവബോധവും നന്ദിയും ഹൃദയത്തിലില്ലാത്തവര്‍ക്ക് മാത്രമേ പരാതി പെട്ടികളായി മാറാന്‍ സാധിക്കുകയുള്ളൂ. ഇത്തരക്കാര്‍ക്ക് തങ്ങളുടെ തെറ്റുകള്‍ക്ക് എപ്പോഴും ന്യായീകരണം കണ്ടെത്തേണ്ടതുണ്ട്. പഴി ചാരാന്‍ ഇവര്‍ക്ക് എപ്പോഴും ആരെയെങ്കിലും കിട്ടേണ്ടതുമുണ്ട്. അതുകൊണ്ട് ഇവര്‍ എപ്പോഴും പരാതി പറഞ്ഞുകൊണ്ടേയിരിക്കും. തങ്ങളുടെ ഓരോ പ്രശ്നങ്ങള്‍ക്കും ഓരോ കാരണക്കാരെ ഉണ്ടാക്കി കൊണ്ടിരിക്കും. ഇനി ഈ പരാതി പറച്ചില്‍ കൊണ്ട് നാം എന്ത് നേടുന്നു എന്ന് ചോദിച്ചാല്‍ മറ്റുള്ളവരുടെ വെറുപ്പും ദൈവശിക്ഷയുമല്ലാതെ മറ്റൊന്നുമല്ല എന്നതാണ് വാസ്തവം. എപ്പോഴും പരാതി പറഞ്ഞിരിക്കുന്നവരെ ആരും ഇഷ്ടപ്പെടാറില്ല. സ്വന്തം പ്രശ്നങ്ങള്‍ തന്നെ കുറെയധികമുണ്ട് എന്ന് ചിന്തിക്കുന്നവരാണ് മഹാഭൂരിപക്ഷവും. അപ്പോള്‍ പിന്നെ അവര്‍ക്ക് മറ്റുള്ളവരുടെ പരാതികള്‍ ശ്രദ്ധിക്കാന്‍ നേരമെവിടെ? ഭൂരിഭാഗം പേരും ഇത്തരം പരാതികള്‍ കേള്‍ക്കേണ്ടി വരുന്ന സമയത്ത് ഈ പരാതിപ്പെട്ടിയെ എങ്ങനെ ഒഴിവാക്കാം എന്നായിരിക്കും ചിന്തിക്കുന്നത് അവര്‍ പറയുന്നത് ശ്രദ്ധിക്കുന്നു പോലുമുണ്ടാകില്ല. ഇത്തരം ആളുകൾ എപ്പോഴും ചിന്തിക്കുന്നത് തങ്ങളുടെ ഇല്ലായ്മയെക്കുറിച്ചു മാത്രമായിരിക്കും. ഒട്ടേറെ അനുഗ്രഹങ്ങള്‍ നല്കപ്പെട്ട ബനൂ ഇസ്രാഈല്‍ സമുദായത്തോട് തങ്ങൾക്കു നല്കപ്പെട്ട ഓർക്കുവാൻ അല്ലാഹു കൽപ്പിച്ചതായി വിശുദ്ധ ഖുര്‍ആനില്‍ കാണാം. കൂടാതെ ദൈവിക ഭക്ഷണങ്ങളായ മന്നയും സല്‌വയും ലഭിച്ചിരുന്ന അവർ സാധാരണ ഭക്ഷണങ്ങള്‍ ലഭിക്കാത്തതിനു പരാതി പറയുകയും അല്ലാഹു അവരെ താക്കീത് ചെയ്യുകയും ചെയ്തതായും കാണാം. ഇത്തരം പരാതി പറച്ചില്‍ കൊണ്ട് ഭൗതികവും ആത്മീയവുമായ നഷ്ടമല്ലാതെ മറ്റൊന്നും നമുക്ക് നേടാനില്ല. ഇത് തിരിച്ചറിഞ്ഞാല്‍ തന്നെ ഒരു പരിധി വരെ ഈ ദുസ്വഭാവത്തില്‍ നിന്ന് രക്ഷ നേടാന്‍ നമുക്ക് സാധിക്കും. തങ്ങളുടെ പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുവാന്‍ തയ്യാറാവുക. പ്രശ്നങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ നിന്നും ഒളിച്ചോടുവാനുള്ള ത്വരയാണ് പലരെയും പരാതി പറച്ചിലില്‍ എത്തിക്കുന്നത്. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച്, അതിനെ ആത്മവിശ്വാസത്തോട് കൂടി നേരിടുകയാണ് പരിഹാര മാര്‍ഗം എന്നു തിരിച്ചറിയുക. കൂടാതെ നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ഓർക്കുക. "അതിനാൽ നീ നിൻറെ രക്ഷിതാവിൻറെ അനുഗ്രഹങ്ങളെക്കുറിച്ച് സന്തോഷപൂർവ്വം സംസാരിക്കുക" (വിശുദ്ധ ഖുർ ആൻ 93:11). നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും സന്തോഷപൂർവ്വം ഓർക്കുമ്പോൾ തന്നെ ആ അനുഗ്രഹങ്ങളിൽ നമുക്ക് ആനന്ദം കണ്ടെത്താനാവും. അര ഗ്ലാസ്‌ പാനീയം ലഭിച്ച ഒരാൾ ഒരു ഗ്ലാസ്‌ ലഭിച്ചില്ലല്ലോ എന്നു ചിന്തിക്കാതെ, പരാതി പറയാതെ എനിക്ക് അര ഗ്ലാസ്സെങ്കിലും ലഭിച്ചല്ലോ എന്നു തിരിച്ചറിഞ്ഞാൽ അവനു അതിൽ ആനന്ദം കണ്ടെത്താനാവും. ഇങ്ങനെ പരാതി പറച്ചിലിന്റെ ഓരോ അവസരവും നമുക്ക് ആനന്ദവേളയാക്കി മാറ്റാം. അങ്ങനെ ഒരു പരാതി രഹിത സമൂഹമായി മാറാനുള്ള ഉത്തരവാദിത്തം നമുക്കു ഓരോരുത്തര്‍ക്കും സ്വയം ഏറ്റെടുക്കാം.


1 comment:

  1. ലേഖനം നന്നായിരിക്കുന്നു, പ്രാവര്‍ത്തികമാക്കാനാണ് എന്തിലും പരാതിപ്പെടുന്നതില്‍ ആത്മ സംതൃപ്തിയടയുന്ന മലയാളികളായ നമുക്ക് പ്രയാസം

    ReplyDelete