Thursday, December 19, 2013

സ്വവർഗരതി: പുരോഗമനവാദികൾ ഒച്ചവെക്കുന്നത് ആർക്ക് വേണ്ടി?

 

   സ്വവർഗരതി നിയമവിരുദ്ധം തന്നെയാണെന്ന സുപ്രീം കോടതി വിധി ആശ്വാസത്തോടെയാണ് കേട്ടത്. എങ്കിലും നിലവിലുള്ള നിയമമനുസരിച്ച് മാത്രമാണ് സ്വവർഗരതി നിയമവിരുദ്ധമാകുന്നതെന്നും ഇത് നിയമവിധേയമാക്കാൻ ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്താമെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിധിയുടെ ചുവടുപിടിച്ച് ഇത് അനുവദനീയമാക്കാൻ നിയമ നിർമാണം നടത്താനുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ തിരക്കിട്ട നീക്കം ആശങ്കയുണർത്തുന്നത് തന്നെയാണ്. വിധി വന്നയുടൻ തന്നെ വിധിക്കെതിരെ പ്രതിഷേധവുമായി സ്വവർഗസ്നേഹ സംഘടനകൾ രംഗത്ത്‌ വന്നിട്ടുണ്ട്. കൂടാതെ മാനവിക-പുരോഗമനവാദികളും വിധിക്കെതിരെ രംഗത്തുണ്ട്. സ്വവർഗരതി ഒരു മാനസിക വൈകല്യമല്ലെന്നും അത് 'ലൈംഗിക ന്യൂനപക്ഷ'ങ്ങളുടെ അവകാശ വിഷയമാണെന്നുമാണ് ഇവരുടെ നിലപാട്.

   ലെസ്ബിയൻ, ഗേ, ബൈസെക് ഷ്വൽ, ട്രാൻസ്ജെൻഡർ എന്നീ പദങ്ങളുടെ ആദ്യാക്ഷരങ്ങളായ LGBT എന്നാണ് പൊതുവായി ഇവരെ സൂചിപ്പിക്കാൻ വേണ്ടി  ഉപയോഗിക്കുന്നത്. ഈപേരിൽ തന്നെ തുടങ്ങുന്നു ഇവരുടെ വൈരുധ്യം. സ്വവർഗരതി സ്വാഭാവികവും ജനിതകവുമാണെന്ന് വാദിക്കുന്നവർ എങ്ങനെ സ്ത്രീയും പുരുഷനുമായും ഒരുപോലെ ബന്ധത്തിലേർപ്പെടാൻ കഴിയുന്ന ബൈസെക് ഷ്വലിനെയും എതിർലിംഗത്തിൽ പെട്ടവരുടെ വസ്ത്രങ്ങളണിയാനും അവരുടെ ശൈലി സ്വീകരിക്കാനും താല്പര്യം കാണിക്കുന്ന ട്രാൻസ്ജെൻഡറിനെയും 'ലൈംഗിക ന്യൂനപക്ഷ കൂട്ടായ്മ' യിൽ ഉൾപ്പെടുത്തുന്നു എന്നറിയാൻ താല്പര്യമുണ്ട്. ഈ 'ലൈംഗിക ന്യൂനപക്ഷകൂട്ടായ്മ' യിൽ ഭൂരിപക്ഷവും ബൈസെക് ഷ്വൽ ആണെന്നാണ് കണക്കുകൾ. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പ്രശ്നമല്ല, മറിച്ച് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആർക്കും എങ്ങനെയും ലൈംഗികതയിൽ ഏർപ്പെടാവുന്ന 'സ്വതന്ത്ര ലൈംഗികത' എന്നു വിളിക്കപ്പെടുന്ന സമ്പൂർണ ലൈംഗിക അരാജകത്വമാണ്‌ ഇവരുടെ ലക്ഷ്യമെന്നാണ് ഇവ നമ്മെ ബോധ്യപ്പെടുത്തുന്നത്. 


   സ്വവര്‍ഗരതി, മൃഗരതി മറ്റു വൈകൃതങ്ങള്‍ എന്നിവ ശിക്ഷാര്‍ഹമാക്കുന്ന ഭരണഘടനയിലെ 377 -)o വകുപ്പ് നീക്കണമെന്നാവശ്യപ്പെട്ട് നാസ് ഫൌണ്ടേഷന്‍ ട്രസ്റ്റ് എന്ന ഗവണ്‍മെന്റിതര സംഘടന (NGO) നല്കിയ ഹരജി പരിഗണിച്ചു കൊണ്ട് 2009 ജൂലായിലാണ് സ്വവര്‍ഗരതി കുറ്റകരമല്ല എന്ന ദല്‍ഹി ഹൈക്കോടതി വിധിയുണ്ടായത്. ആ വിധിയെ തള്ളിക്കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രസ്തുത വകുപ്പ് ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നില്ല എന്നും ഈ വിധിയുടെ അവസാന ഭാഗത്ത് എടുത്തുപറയുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തുത, ഹരജി നല്കിയ നാസ് ഫൌണ്ടേഷൻ ട്രസ്റ്റ് എന്ന സംഘടന പലവിധ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന ഒന്നാണ് എന്നതാണ്. NGO കള്‍ക്ക് ലഭിക്കുന്ന വിദേശസഹായങ്ങള്‍ എങ്ങിനെയൊക്കെയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുവാനുള്ള സംവിധാനങ്ങളൊന്നും ഇപ്പോൾ നമ്മുടെ നാട്ടിലില്ല എന്നാണറിവ്. ഇപ്പോൾ പാസ്സാക്കിയ ലോക്പാൽ ബില്ലിൽ പോലും NGO കളെ ഉൾപ്പെടുത്തേണ്ട എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. NACO യുടെ 1998-ലെ ഭാഗികമായ ലിസ്റ്റ് പ്രകാരം 104 സംഘടനകൾ  ഇന്ത്യയിൽ എയിഡ്സ് രോഗികളുടെ പുനരധിവാസവുമായും എയിഡ്സ് ബോധവല്ക്കരണത്തിനായും പ്രവര്‍ത്തിക്കുന്നുണ്ട്!.  22 വിദേശ സംഘടനകളെ കൂടാതെയാണിത്. 1999 ലെ കണക്കു പ്രകാരം മൂന്നാം ലോകത്ത് പ്രവര്‍ത്തിക്കുന്ന NGO കളിലൂടെ ഓരോ വര്‍ഷവും ചുരുങ്ങിയത് നൂറുകോടി ഡോളറാണ് പാശ്ചാത്യലോകം ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങളും കോര്‍പ്പറേറ്റ് കമ്പനികളെ വെല്ലുന്ന ശമ്പളവുമുണ്ട്. ഇതെല്ലാം മൂന്നാം ലോകത്തുള്ളവരുടെ ദുരിതങ്ങള്‍ തീര്‍ക്കാനാണ് എന്ന് ഇനിയും വിശ്വസിക്കണമോ എന്നതാണ് ചോദ്യം ? സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിന് സ്വവര്‍ഗരതി വളരെയധികം വര്‍ധിച്ച കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ഒരാള്‍ പോലും ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. പിന്നെ എന്തിനു ആ നിയമത്തിനെതിരെ ഇവര്‍ നീങ്ങുന്നു എന്ന കാര്യം നാം ചിന്തിക്കേണ്ടതുണ്ട്. ഇത് ചിന്തിക്കുമ്പോഴാണ് ഇതിനു പിന്നിലെ ഉദ്ദേശശുദ്ധി വ്യക്തമാവുന്നത്. തങ്ങളുടെ ജീര്‍ണസംസ്കാരികതകള്‍ മൂന്നാം ലോകരാഷ്ട്രങ്ങളില്‍ ഇറക്കുമതി ചെയ്യാനുള്ള വ്യക്തമായ ആസൂത്രണം ഇതിനു പിന്നില്‍ കാണാനാവും. സ്വവര്‍ഗാനുരാഗം പ്രകൃതിപരവും ജനിതകവുമായി നിശ്ചയിക്കപ്പെട്ടതാണെന്നും അതിനു എതിര് നില്‍ക്കുന്നത് അങ്ങനെ ജനിച്ചവരോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്താനുള്ള ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. സാമ്പത്തിക, രാഷ്ട്രീയ അധിനിവേശത്തെക്കാള്‍ എളുപ്പമാണ് സാംസ്‌കാരിക അധിനിവേശം എന്ന് മനസ്സിലാക്കി അതിനു വേണ്ടി NGO കളെ സൃഷ്ടിച്ചു 'ബ്രെയിൻ വാഷിംഗ്‌' നടത്തുന്നത് നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ് ഏറ്റവും സങ്കടകരം. 

   ആധുനിക ലോകത്ത് അറിയപ്പെട്ട ആദ്യത്തെ സ്വവർഗാനുരാഗി എന്നു പറയാവുന്ന കാൾ ഉൽറിച്സ്‌ ആണ് ആദ്യമായി സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ വ്യക്തി. പതിനാലാം വയസ്സിൽ സവാരി പഠിപ്പിക്കാൻ വന്ന കുതിരക്കാരനുമായി നടന്ന സ്വവർഗ രതി മുതലാണ്‌ തന്നിലെ സ്വവർഗാനുരാഗിയെ താൻ തിരിച്ചറിഞ്ഞതെന്നു അദ്ദേഹം തുറന്നെഴുതുന്നുണ്ട്. അമേരിക്കയിൽ ആദ്യമായി പൊതുവേദിയിൽ ഈ വിഷയം അവതരിപ്പിക്കുകയും "സൊസൈറ്റി ഫോർ ഹ്യുമൻ റൈറ്റ്സ്"എന്ന സ്വവർഗാനുരാഗ സംഘടനയുടെ പ്രചാരകയുമായിരുന്ന എമ്മാ ഗോൾഡ്‌സ്മാൻ തന്റെ ബാല്യ കൌമാര കാലഘട്ടത്തിൽ തനിക്കുണ്ടായ പീഡനങ്ങളെക്കുറിച്ച് തന്റെ ജീവചരിത്രക്കുറിപ്പുകളിൽ പറയുന്നുണ്ട്. അങ്ങനെ ഏതൊരു സ്വവർഗനുരാഗിയെക്കുറിച്ച് പഠിക്കുമ്പോഴും ഇതുപോലെയുള്ള ബാല്യകാലാനുഭവങ്ങൾ കാണാവുന്നതാണ്. "ദി ഐൻസ്റ്റീൻ ഓഫ് സെക്സ്" എന്നറിയപ്പെടുന്ന ഡോ. മാഗ്നസ് ഹിർചസ് ഫീല്ഡ്, സൊസൈറ്റി ഓഫ് ഫൂൾസ്‌ എന്ന സ്വവർഗാനുരാഗ സംഘടന രൂപീകരിച്ച ഹാരി ഹോ, ഡോട്ടേഴ്സ് ഓഫ് ബിലിറ്റ്സ് എന്ന ലെസ്ബിയൻ സംഘടനയുടെ നേതാക്കളായിരുന്ന ഡോറോതി ഡെൽമാർട്ടിൻ, ഫിലിസ് ലിയോണ്‍, ആദ്യ അമേരിക്കൻ സ്വവർഗാനുരാഗ പ്രസിദ്ധീകരണമായ 'വണ്‍' മാഗസിന്റെ പ്രധാന പിന്നണി പ്രവർത്തകനായിരുന്ന ഡെയിൽ ജെന്നിങ്ങ്സ് എന്നിങ്ങനെ സ്വവർഗ സ്നേഹികൾക്ക് വേണ്ടി ശബ്ദിക്കുകയും പോരാടുകയും ചെയ്ത എല്ലാവരും തന്നെ ബാല്യകാലത്ത് ശാരീരികമായോ ലൈംഗികമായൊ പീഡനമനുഭവിച്ചരായിരുന്നു. ഒരു മലയാളചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സ്വവർഗരതിക്ക് വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരുന്ന സ്വവര്‍ഗരതിക്കാരന്‍ തന്‍റെ ഭാഗം വ്യക്തമാക്കുന്നതിനിടെ തനിക്കു 12 -)o വയസ്സില്‍ ലൈംഗിക പീഡനം അനുഭവിക്കേണ്ടി വന്നു എന്ന് ഒരു ചോദ്യത്തിനു മറുപടിയായി സമ്മതിച്ചിരുന്നു. ആണ്‍-പെണ്‍ സൌഹൃദങ്ങൾ ശക്തമായ നിരീക്ഷണങ്ങൾക്ക് വിധേയമാകുന്ന നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിൽ കൗമാര പ്രായത്തിൽ സ്വവർഗ ലൈംഗികതക്ക് സാധ്യത കൂടുതലാണ്. സ്വാഭാവികമായ ലൈംഗിക താല്പര്യം ഉണ്ടാവുകയും പക്വതയില്ലായ്മ മൂലം ബുദ്ധിമുട്ടില്ലാതെ സാധ്യമാവുന്ന സ്വവർഗരതിയിൽ എത്തിപ്പെടുകയുമാണ് സാധാരണഗതിയിൽ നടക്കുന്നത്. ആദ്യാനുഭവം പകർന്ന അനുഭൂതിയിൽ വീണ്ടും വീണ്ടും ഇത് ആസ്വദിക്കുകയും പിന്നീട് ഇതിൽ നിന്ന് വിമുക്തരാവാൻ സാധിക്കാത്ത വണ്ണം ഈ വൈകൃതത്തിനു അടിമപ്പെടുകയുമാണ് ചെയ്യുന്നത്.  ഈ വൈകല്യത്തെ സെക്സ് ഓറിയന്റെഷൻ എന്നൊക്കെ ഓമനപ്പേരിട്ട് വിളിച്ച് ഇതിനെ സ്വാഭാവികമാക്കി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ വൈകല്യം ബാധിച്ചവരെ തിരിച്ചുകൊണ്ടു വരിക പ്രയാസകരമായിരിക്കാമെങ്കിലും അസാധ്യമൊന്നുമല്ല.

   ഒരു ഭാഗത്ത് ദൽഹി ഹൈക്കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ (ഇപ്പോൾ സുപ്രീം കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്ന സമയത്തും) ആനുകാലികങ്ങളിൽ സ്വവർഗരതിയെ മാന്യവൽക്കരിക്കുന്ന ലേഖനങ്ങൾ നിറഞ്ഞു നിന്നിരുന്നു. സ്വവർഗാഭിമുഖ്യം മാനസിക വൈകല്യമല്ലെന്നും മറിച്ച് ജനിതകമായി ഉണ്ടാവുന്നതാണെന്നും സമർത്ഥിക്കുവാൻ ശ്രമിക്കുന്നതായിരുന്നു ഇവയെല്ലാം. മൃഗങ്ങളിലും മറ്റു പല ജീവിവർഗങ്ങളിലും സ്വവർഗരതി കണ്ടുവരുന്നു എന്നും സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നു. മൃഗങ്ങളിൽ നടക്കുന്ന സാധാരണയായ കളികളെ പോലും സ്വവർഗ താല്പര്യത്തിന്റെ ഗണത്തിൽ പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. ഒരു ആണ്‍ ജിറാഫ് മറ്റൊരു ആണ്‍ ജിറാഫിനു മേൽ കയറുന്നതും കുരങ്ങന്മാർ പരസ്പരം ഉദ്ദീപിപ്പിക്കുന്നതും കാണിച്ചു കൊണ്ടാണ് മൃഗങ്ങളിൽ സ്വവർഗരതി ഉണ്ടെന്നു ഇവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഡോൾഫിൻ, തിമിംഗലം, ആന തുടങ്ങി അഞ്ഞൂറോളം ജീവി വർഗങ്ങളിൽ സ്വവർഗ ലൈംഗികത കണ്ടെത്തിയെന്നും ഇവർ വാദിക്കുന്നു. മൃഗചെയ്തികൾ തങ്ങളുടെ താല്പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്. മൃഗങ്ങളുടെ സാധാരണ കളിലീലകൾ മാത്രമാകാവുന്ന പ്രവർത്തനങ്ങളെ സ്വവർഗ ലൈംഗികതയായി വ്യാഖ്യാനിക്കാനുള്ള ശ്രമം മാത്രമാണ് ഈ ലേഖനങ്ങളിലും പ്രദർശനങ്ങളിലും കാണുന്നത്. ഇവരുടെ രീതിയനുസരിച്ച് ചുംബനവും ആലിംഗനവുമെല്ലം ആചാരമായി സ്വീകരിച്ചിട്ടുള്ള സമൂഹങ്ങളെ സ്വവർഗരതിക്കാരായി നാം കാണേണ്ടി വരും. ഇനി വാദത്തിനു വേണ്ടി മൃഗങ്ങളിലെ സ്വവർഗരതിയെ അംഗീകരിച്ചാൽ തന്നെ മൃഗചെയ്തികൾ എങ്ങനെ മനുഷ്യന്റെ പ്രകൃതിക്ക് അനുയോജ്യമാകും? ലൈംഗികബന്ധത്തിന് ശേഷം ഇണയെ തിന്നുന്ന എട്ടുകാലി, തേൾ എന്നിവയും സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന പൂച്ച, മുയൽ, ഉടുമ്പ് തുടങ്ങിയ കുറച്ച് ജീവികളും മൃഗലോകത്തുണ്ട്. ഇതെല്ലാം പ്രകൃതിപരമാണെന്നും മനുഷ്യലോകത്തും ഇതെല്ലാം ആവശ്യമാണെന്നും ആരെങ്കിലും പറഞ്ഞാൽ അതംഗീകരിക്കണമോ? അഗമ്യഗമനം (Incest) മൃഗലോകത്ത് സാധാരണമാണല്ലോ. തന്റെ മുന്നിൽ നില്ക്കുന്ന ഇണ തന്റെ അമ്മയാണോ മകളാണോ സഹോദരിയാണോ എന്നൊന്നും മൃഗങ്ങൾ ചിന്തിക്കാറില്ല. അതുകൊണ്ട് ഇത് പ്രകൃതിപരമാണെന്നും മനുഷ്യലോകത്തും ഇതെല്ലാം ആവശ്യമാണെന്നും ഇത് നിയമവിധേയമാക്കണമെന്നും ആവശ്യപ്പെടുന്നത് എത്രമേൽ അർത്ഥശൂന്യമാണോ അതുപോലെ തന്നെയാണ് മൃഗങ്ങളിലെ സ്വവർഗ ലൈംഗികത (അത് ഉണ്ടെങ്കിൽ)  മനുഷ്യന്റെ കാര്യത്തിൽ തെളിവായി ഉദ്ധരിക്കുന്നത്. ഇനി ലൈംഗികതയുടെ അനന്തമായ വാണിജ്യ സാദ്ധ്യതകൾ കണ്ടു അന്ധത ബാധിച്ച പുരോഗമന(?)വാദികൾ ഇൻസെസ്റ്റിനും വേണ്ടി വാദമുയർത്തുമോ ആവോ?

   1973 വരെ സ്വവർഗ ലൈംഗികതയെ ഒരു മനോരോഗമായാണ് അമേരിക്കയിലെ മനോരോഗ ചികിത്സകരുടെ കൂട്ടായ്മയായ അമേരിക്കൻ സൈക്യാട്രിസ്റ്റ്സ് അസോസിയേഷൻ (APA) കണക്കാക്കിയിരുന്നത്. ഈ സംഘടനയുടെ ജേർണലായിരുന്ന "ഡയഗ്ണോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ മാന്വൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ് (DSM ) ൽ നിന്നും സ്വവർഗാഭിമുഖ്യത്തെ നീക്കം ചെയ്യുന്നതിന് വേണ്ടി വളരെ തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളാണ് തങ്ങളുടെ സ്വാധീനമുപയോഗിച്ച് അന്ന് നിലവിലുണ്ടായിരുന്ന സ്വവർഗാനുരാഗ സംഘങ്ങൾ നടത്തിയത്. APA യുടെ അംഗങ്ങളുടെ വിലാസം സായുധമായി കൈക്കലാക്കി അംഗങ്ങൾക്ക് സ്വവർഗലൈംഗികതയെ മനോരോഗത്തിൽ മാറ്റുന്നതിന് അനുകൂലമായി വോട്ടു ചെയ്യണമെന്നു ആവശ്യപ്പെട്ടു കത്തുകളയച്ചു. പ്രമേയത്തിനെതിരെ നിന്ന മനോരോഗ വിദഗ്ധർക്ക് തങ്ങളുടെ ഭാഗം വിശദീകരിച്ചു സംസാരിക്കാൻ കാര്യമായ അവസരം നല്കാതിരിക്കുകയും (ഇപ്പോൾ ചാനലുകളിൽ നടക്കുന്നത് പോലെ) ചെയ്തു  കൊണ്ട് ഇവർ നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾ വിജയം കണ്ടെത്തി. വിഷയം വോട്ടിനിടുകയും സ്വവർഗാനുരാഗത്തെ DSM -ൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിനു ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ശാസ്ത്രീയമായ അറിവുകളോ പഠനങ്ങളോ പ്രബന്ധങ്ങളോ അല്ല, മറിച്ച് പ്രലോഭനവും ഭീഷണിയും ഉയർത്തിയുള്ള തന്ത്രപൂർവമായ രാഷ്ട്രീയ കരുനീക്കങ്ങളാണ് സ്വവർഗരതിയെ മനോവൈകല്യങ്ങളുടെ പട്ടികയിൽ നിന്നും മാറ്റാൻ കാരണമായത് എന്ന വസ്തുത നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്. ഇതൊന്നുമറിയാതെ അമേരിക്കയിലും യൂറോപ്പിലും നടക്കുന്നതാണ് പുരോഗമനം എന്ന വികലമായ കാഴ്ചപ്പാട് മൂലം സ്വവർഗ ലൈംഗികത അവകാശമാണ് എന്നു പറഞ്ഞു കൊടിപിടിക്കുകയാണ് നമ്മുടെ പുരോഗമനവാദികൾ. 

   സ്വവര്‍ഗാനുരാഗം ജന്മനാല്‍ ഉള്ളതാണെന്നും അവര്‍ക്ക് സാധാരണ രീതിയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും ഉള്ള വാദവുമുണ്ട്. സ്വവർഗരതിക്കാരിലെ ലൈംഗിക രോഗങ്ങളുടെ ഉയർന്ന നിരക്ക് തന്നെ ഈ വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. സ്വവർഗരതി പ്രകൃതി പരമെങ്കിൽ എന്തുകൊണ്ട് ഈ ഉയർന്ന ലൈംഗിക രോഗനിരക്ക്?. ആധികാരികമായ രേഖകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ആര്‍ക്കീവ്സ് ഓഫ് സെക്ഷല്‍ ബീഹെവിയറില്‍ എഴുതിയ ലേഖനത്തില്‍  മനോരോഗ വിദഗ്ധനായ പ്രൊ.റോബര്‍ട്ട്‌ സ്പിറ്റ്സര്‍ സ്വവര്‍ഗനുരാഗക്കാര്‍ക്ക് തീവ്രമായി പരിശ്രമിച്ചാല്‍ സാധാരണ ലൈംഗികാഭിരുചിയിലേക്ക് തിരിച്ചു വരാമെന്ന് തെളിവുകള്‍ സഹിതം സ്ഥാപിക്കുന്നുണ്ട്. തന്റെ ഒന്നര വർഷത്തെ നിരീക്ഷണത്തിനിടയിൽ 247 പേരെയാണ് അദ്ദേഹം പഠന വിധേയമാക്കിയത്. ഇതിൽ 200 പേർക്കും പൂർണ്ണമായും സ്വവർഗാഭിമുഖ്യത്തിൽ നിന്നും തിരിച്ചു വരാൻ സാധിച്ചു എന്ന് അദ്ദേഹം പറയുന്നു. സ്വവർഗാനുരാഗം ജന്മനാൽ  വളരെ ചെറുപ്പത്തിലുണ്ടായ അനുഭവങ്ങളിലൂടെ സ്വവർഗാഭിമുഖ്യം വന്നവർക്ക് തങ്ങൾ ജന്മനാ സ്വവർഗ തല്പരരാണ് എന്ന് തോന്നാൻ സാധ്യതയുണ്ട്. എന്നാൽ തീവ്രമായ ആഗ്രഹവും പരിശ്രമവുമുണ്ടെങ്കിൽ അവർക്കും തിരിച്ചു വരാനാകും. സ്വവര്‍ഗാനുരാഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടവരുടെ സംഘടനകള്‍ ഇന്ന് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.(അത്സ്ത് നെഫെര്‍സ്, സ്ട്രൈറ്റ്‌വെ ഫൌണ്ടേഷന്‍, അത്തൌബ etc ). 

   മുമ്പ് സൂചിപ്പിച്ചത് പോലെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിന് സ്വവര്‍ഗരതി വളരെ വര്‍ധിച്ച കഴിഞ്ഞ 25 വര്‍ഷത്തിനടക്ക് ഒരാള്‍ പോലും ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം നിലനില്ക്കെ, ഈ നിയമത്തിനെതിരെ എന്തിനു നീങ്ങുന്നു എന്ന കാര്യം സുചിന്തിതമാണ്. എന്തിനെയും വില കൊടുത്ത് വാങ്ങാമെന്ന അഹങ്കാരവും തങ്ങളുടെ ഉല്പന്നം വിറ്റഴിക്കാൻ എന്ത് വൃത്തികേട്‌ വേണമെങ്കിലും ആവാമെന്ന ചിന്തയും കൊണ്ടുനടക്കുന്ന 'വിപണി'യുടെ പ്രയോക്തക്കളാണ് ഇതിനു പിന്നിലെന്നത് ഇപ്പോൾ രഹസ്യമല്ല. രാജ്യം സ്വതന്ത്ര ലൈംഗികതയുടെ കൂത്തരങ്ങാവുമ്പോൾ ലഭിക്കുന്ന അനന്തമായ വാണിജ്യ സാധ്യതകളുടെ മണികിലുക്കമാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. അതിനാൽ ഇതിനെ എതിർക്കുന്നവരെയെല്ലാം മതമൗലികവാദികളും പഴഞ്ചൻ ചിന്താഗതിക്കാരുമാക്കപ്പെടുന്നു. സ്വവർഗരതിയുടെ ജനിതകവശം സ്ഥാപിക്കുന്ന പ്രചരണങ്ങൾ ഇടതടവില്ലാതെ സംഘടിപ്പിക്കപ്പെടുന്നു. ചാനലുകളും പത്രങ്ങളും സോഷ്യൽ മീഡിയയും ഉപയോഗിച്ചുകൊണ്ടുള്ള ശക്തമായ പ്രചാരണമാണ് ഈ 'വിപണി' പ്രയോക്താക്കൾ നടത്തുന്നത്. ഈ പ്രചാരണങ്ങളുടെ ഇരകളാക്കപ്പെടുകയാണ് ഇതിനു വേണ്ടി ഒച്ചയിടുന്ന സോ കോൾഡ് പുരോഗമനവാദികൾ. ഒരു ഭാഗത്ത് സാമ്രാജ്യത്വത്തിനും സ്വതന്ത്ര വിപണിക്കും അധിനിവേശത്തിനുമെതിരെ പ്രകടനം നടത്തുകയും മറുഭാഗത്ത് ഇത്തരം സാംസ്ക്കാരിക അധിനിവേശങ്ങൾക്ക് കൂട്ടിക്കൊടുപ്പുകാരായി മാറുകയുമാണ് ഇവർ ചെയ്യുന്നത്. ഇവർ ഇത് തിരിച്ചറിയുന്നില്ലെങ്കിലും.

   സ്വവർഗരതിക്ക് നിയമ പരിരക്ഷ ലഭിച്ചു കഴിഞ്ഞാൽ അതിനെ മാന്യവല്ക്കരിക്കുന്ന പ്രവർത്തനങ്ങൾക്കായിരിക്കും അതിനെ അനുകൂലിക്കുന്നവർ മുന്നോട്ടു വരിക. അമേരിക്കക്കാര്‍ പോലും ഇത്രയ്ക്കു വേണോ എന്ന് ചോദിച്ചു പോകുന്ന തരത്തിലുള്ള പ്രൈഡ് പരേഡുകൾ, ഗേ-ലെസ്ബിയൻ ക്ലബ്ബുകളിലേക്കുള്ള പരസ്യമായ കാന്‍വാസിങ്ങ് എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇന്ന് സമൂഹം കാത്തുസൂക്ഷിച്ചു പോരുന്ന മുഴുവൻ ധാർമിക മൂല്യങ്ങളും തകരുന്ന അവസ്ഥയിലേക്കാണ് ഇത് കൊണ്ടെത്തിക്കുക. ചരിത്രങ്ങൾ പാഠം പഠിക്കാനുള്ളതാണ്. ദൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇന്ത്യയിൽ ഈ നിയമം കൊണ്ടുവന്ന ബ്രിട്ടീഷുകാരുടെ സ്വവർഗരതിയോടുള്ള ഇന്നത്തെ മനോഭാവത്തെക്കുറിച്ച് പറയുന്നുണ്ട്. കൂടാതെ സ്വവര്‍ഗരതീ വിരുദ്ധനിയമങ്ങളുടെ ചരിത്രത്തെയും അവയുടെ പരിണാമത്തെയും കുറിച്ച് ദീര്‍ഘമായി വിവരിക്കുന്നുമുണ്ട്. പക്ഷെ, സ്വവർഗരതി അനുവദിച്ച രാജ്യങ്ങളിലെ ധാർമിക-മൂല്യച്യുതികളെക്കുറിച്ച് ഒന്നും പറയുന്നില്ല. സർവവിധ വൃത്തികേടുകളുടെയും ആൾക്കൂട്ടങ്ങളാണ് ഈ രാജ്യങ്ങളിലെ സ്വവർഗ സംഘങ്ങൾ. ഈ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോൾ സ്വതന്ത്ര ലൈംഗികതയുടെ വിഹാരരംഗമായി നമ്മുടെ രാജ്യവും  മാറും എന്നു തന്നെയാണ് മനസ്സിലാകുന്നത്. ഇന്നു നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷിതത്വം ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകുവാൻ പോകുന്നത്. സ്കൂളുകളിലേക്കും കോളേജിലേക്കുമുള്ള വഴികളിൽ ഗേ-ലെസ്ബിയൻ  ക്ലബ്ബുകളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യബോർഡുകൾ നിറയുന്ന കാലം അകലെയല്ല എന്നു സാരം. കൂടാതെ സ്വവർഗ ലൈംഗികതയെ  സ്വഭാവിക താല്പര്യമാക്കി മാറ്റിയവർ ശിശുകാമവും (Paedophilia ) പരപീഡേച്ഛയും (sexual sadism) ശവരതിയും (Necrophilia) മനോവൈകല്യങ്ങളായി കാണുന്നത് തുടരേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിയിരിക്കുന്നു എന്നും കാണാതെ പോകരുത്. നേരത്തെ സൂചിപ്പിച്ച ആർക്കൈവ്സ് ഓഫ് സെക്ഷ്വൽ ബിഹേവിയറിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് "ശിശുകാമം ഒരു മാനസിക വൈകല്യമാണോ?" എന്നായിരുന്നു! APA സംഘടിപ്പിച്ച ഒരു സിമ്പോസിയത്തിലെ വിഷയവും "ശിശുകാമവും ലൈംഗിക സാഡിസവും മനോവൈകല്യങ്ങളായി കാണുന്നത് തുടരേണ്ടതുണ്ടോ?" എന്നതായിരുന്നു!!. 

   ജനസംഖ്യയുടെ വളരെ ചെറിയ ശതമാനം മാത്രം വരുന്ന 'മനോരോഗ ന്യൂനപക്ഷ' ത്തിനു വേണ്ടി സാംസ്ക്കാരിക ജീർണതകൾക്ക് റെഡ് കാർപ്പെറ്റ് വിരിക്കേണ്ടതുടോ എന്നാണ് നാം ചിന്തിക്കേണ്ടത്. ന്യൂനപക്ഷത്തിന്റെ മനോരോഗസംരക്ഷണമാണോ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ സാമൂഹിക സുസ്ഥിതിയാണോ പ്രധാനം എന്നു നാം വിലയിരുത്തുക. രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ നിയമ നിർമാണം നടത്താൻ കാട്ടുന്ന വ്യഗ്രത ആശ്ചര്യവും ആശങ്കയും ജനിപ്പിക്കുന്നതാണ്. ഈ പ്രവണതകൾക്കെതിരെ ഇനിയും ശബ്ദമുയർത്തിയില്ലെങ്കിൽ വിവാഹം കഴിക്കുന്നതും മാന്യമായ കുടുംബജീവിതം നയിക്കുന്നതുമെല്ലാം  മതമൗലികവാദവും കാടൻ സംസ്ക്കാരവും ഫാസിസവും ആയി കാണുന്ന ഒരു സമൂഹസൃഷ്ടി അതിവിദൂരമാവില്ല.

റഫറൻസ് :
www.ngosindia.com
http://www.ndtv.com/article/india/supreme-court-judgement-on-homosexuality-full-text-457551
സ്വവർഗരതി: അവകാശമോ വൈകൃതമോ --- എം എം അക്ബർ
http://cnls.lanl.gov/~rajan/AIDS-india/invngo.html
www.nazindia.org

No comments:

Post a Comment