Thursday, October 10, 2013

മുസ്‌ലിം പെണ്‍കുട്ടികളും വിവാഹപ്രായവും

   
      

       മുസ്‌ലിം പെണ്‍കുട്ടികളും വിവാഹപ്രായവും എന്നും മീഡിയയുടെ ഇഷ്ടവിഷയമായിരുന്നു. ഒരു തരത്തിൽ മുസ്‌ലിം സ്ത്രീകൾ വളരെ ഭാഗ്യവതികളാണ്. ചോദിക്കാനും പറയാനും ഒട്ടേറെ പേർ അവർക്കുണ്ട്‌. അവളുടെ ഏതൊരു വിഷയത്തിലും ഇന്നുവരെ ആരും പ്രതികരിക്കാതിരുന്നിട്ടില്ല. അവളുടെ കാര്യത്തിൽ എന്തെങ്കിലും അഭിപ്രായം ഏതെങ്കിലും പുരോഹിതൻ പറഞ്ഞാൽ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകളുയർത്താൻ അവളെ അറിയുന്നതും അറിയാത്തതുമായ ഒരായിരം കൈകളുണ്ട്. മാനവിക വാദികൽക്കും യുക്തിവാദികൽക്കും സംഘ് പരിവാറിനും തീവ്രമതേതരമുസ്‌ലിംകൽക്കും എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെട്ട വിഷയം എന്താണെന്ന് ചോദിച്ചാൽ അത് 'മുസ്‌ലിം സ്ത്രീ/ പെണ്‍കുട്ടി' ആണ്.
               ഇത്രയും ഗൗരവപ്പെട്ട ഒരു വിഷയത്തിൽ ഇടപെടുമ്പോൾ കാണിക്കേണ്ട അവധാനത ഈയടുത്ത് മുസ്‌ലിം മതസംഘടനകൾ നടത്തിയ സംയുക്ത അഭിപ്രായ പ്രകടനത്തിൽ ഉണ്ടായില്ല എന്നത് ഭയാനകമാണ്. വിവാഹപ്രായം 18 എന്ന് നിജപ്പെടുത്തുന്നത് ഒഴിവാക്കണം എന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു എന്നാണ് വാർത്ത. 'അനിവാര്യ സാഹചര്യ'ങ്ങളിൽ 18 നു മുമ്പ് വിവാഹം കഴിപ്പിക്കേണ്ടി വന്നാൽ വിവാഹം കഴിച്ചവർക്കും അതിനു കാർമികത്വം വഹിച്ചവർക്കും നിയമക്കുരുക്കുകളിൽ പെടാതിരിക്കാൻ വേണ്ടിയാണത്രേ അത്. നിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്നും വിടുതൽ ലഭിക്കാൻ ആർക്കും കോടതിയെ സമീപിക്കാൻ അവകാശമുണ്ട്‌. വിവാഹപ്രായം 18 ആക്കുന്നത് ഭരണഘടന നല്കുന്ന മൌലികാവകാശങ്ങളുടെ ലംഘനമാണെന്നും മുസ്‌ലിം വ്യക്തിനിയമം നല്കുന്ന അവകാശങ്ങൾ ഹനിക്കുന്നതുമാണെന്നും ആരോ പറഞ്ഞു. മുസ്‌ലിം വ്യക്തി നിയമം പോയിട്ട് മുസ്‌ലിം സമൂഹം തന്നെ നിലനില്ക്കുമോ എന്നു ചിന്തിക്കേണ്ട സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ കാലത്ത്, വ്യക്തിനിയമം കൊണ്ട് ഒരു പൊതുനിയമത്തെ തിരുത്താമെന്ന് വിചാരിക്കുന്നത് എത്രമേൽ ബുദ്ധിശൂന്യവും അപഹാസ്യവുമാണ്. മുസ്‌ലിം സമൂഹവും ഇസ്‌ലാമും പഴഞ്ചനും കാടത്തം നിറഞ്ഞതുമാണെന്നു പൊതുസമൂഹത്തിനിടയിൽ ധാരണ വരുത്തിത്തീർക്കാനെ ഇത്തരം പ്രമേയങ്ങൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ഉപകാരപ്പെടുകയുള്ളൂ. അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല എന്ന രീതിയിൽ ചിലരെങ്കിലും ഇതിൽ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ട്. അവർ ഇതിലെ അപകടം മനസ്സിലാക്കി പിന്മാറിയതാണെങ്കിൽ വളരെ നല്ല കാര്യം തന്നെ.
               ഒരു പെണ്‍കുട്ടി, അവൾക്കു 17 വയസ്സും 364 ദിവസവും പ്രായമെത്തുമ്പോൾ ഒരു മാജിക് സംഭവിച്ച് അവൾ ബുദ്ധിയും വിവേകവുമുള്ള ഒരു സ്ത്രീയായി തീരും എന്നാരും ഇവിടെ വിശ്വസിക്കുന്നില്ല. ജീവിതത്തിലെ വിവിധ പരീക്ഷണ ഘട്ടങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളും സമീപനങ്ങളുമാണ് ഓരോ വ്യക്തിയുടെയും, അത് പുരുഷനായാലും സ്ത്രീയായാലും, വിവേകത്തെയും പക്വതയെയും പരിപോഷിപ്പിക്കുന്നത്. അത് പ്രായത്തിനനുസരിച്ചല്ല, പ്രശ്നങ്ങളും സാഹചര്യങ്ങളുമാണ് അത്തരമൊരു വ്യക്തിയെ വാർത്തെടുക്കുന്നത്. കാറ്റും കോളും നിറഞ്ഞ കടൽ നല്ലൊരു നാവികനെ സൃഷ്ടിക്കുന്നു എന്നൊരു പഴമൊഴി തന്നെയുണ്ട്‌. ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് വിവേകമതിയായ നല്ലൊരു മനുഷ്യനെ സൃഷ്ടിക്കുന്നത് എന്നു സാരം. 40 ഉം 50 ഉം വയസ്സ് കഴിഞ്ഞിട്ടും പ്രശ്നങ്ങളിൽ കൃത്യമായ, വിവേകപൂർണമായ തീരുമാനമെടുക്കാനാവാത്ത ഒരുപാട് ആളുകളെ നമുക്ക് സമൂഹത്തിൽ കാണാനാകും. അതുപോലെ വളരെ ചെറുപ്രായത്തിൽ തന്നെ പക്വമാർന്ന നിലപാടുകൾ എടുക്കുന്നവരെയും കാണാനാകും. പൂർണ തോതിൽ വിവേകമെത്തിയതിനു ശേഷം മാത്രം വിവാഹം എന്നത് പ്രായോഗികമല്ല. പക്ഷെ നിയമത്തിനു ഒരു സാമാന്യബോധത്തോട് ഏറ്റവും ചേർന്നു നില്ക്കുന്ന ഒരു പ്രായം തിരഞ്ഞെടുത്തേ മതിയാവൂ. ഇന്ത്യൻ സാഹചര്യത്തിൽ അത് 18 ആണ്. അതിനോട് എതിർപ്പുള്ളവർക്ക് കോടതിയിൽ പോകാവുന്നതാണ്. പക്ഷെ, അത് സമുദായത്തിന്റെ പൊതുപ്രശ്നമെന്ന നിലയിൽ സമൂഹത്തിൽ അവതരിപ്പിക്കുന്നതിലാണ് എതിർപ്പ്. വിവിധ രാജ്യങ്ങളിൽ, വിവിധ കാലഘട്ടങ്ങളിൽ സ്ത്രീയുടെ വിവാഹപ്രായം (പുരുഷന്റെതും) വ്യത്യസ്തമായിരുന്നു. ഇപ്പോഴും പല രാജ്യങ്ങളിലും വലിയ വ്യത്യാസം തന്നെ വിവാഹപ്രായത്തിൽ കാണാവുന്നതാണ്. ഒരു സാർവകാലിക മതം എന്ന നിലയിൽ ഇസ്‌ലാം വിവാഹത്തിന് പ്രായം നിശ്ചയിച്ചിട്ടില്ല.( ഖുർആൻ വ്യക്തമായ നിർദേശം നല്കിയിട്ടില്ല എന്നതുകൊണ്ട്‌ 'നിങ്ങൾ നിങ്ങളുടെ ഭരണകർത്താക്കളെ അനുസരിക്കുക" എന്ന ഖുർആനിക നിർദേശം ഈ വിഷയത്തിൽ സ്വീകരിക്കുന്നതാണ് നല്ലത്) വിവാഹത്തോട് കൂടി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിലക്കുമെന്നും ഞാൻ കരുതുന്നില്ല. പക്ഷെ, ഇതൊന്നും പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെടാൻ മാത്രം ന്യായമായ കാരണങ്ങളല്ല.
               വിവാഹച്ചന്തയിൽ മുസ്‌ലിം പെണ്‍കുട്ടി അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നവും ദുരിതവും സ്ത്രീധനം തന്നെയാണ്. ഇസ്‌ലാമികമായി ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്ത ഈ ദുരാചാരത്തെ ഇല്ലാതാക്കാൻ ഇതുവരെയായി ഒരു സംയുക്ത യോഗവും മുസ്‌ലിം സംഘടനകൾ ചേർന്നതായി അറിവില്ല. നല്ല വില കൊടുത്ത് വരനെ വാങ്ങാൻ സാധിക്കാത്തതു കൊണ്ട് വിവാഹം കഴിയാതെ നില്ക്കുന്ന ഒട്ടേറെ യുവതികൾ സമുദായത്തിലുണ്ട്. മൈസൂർ കല്യാണവും അറബി കല്യാണവും അങ്ങനെയാണുണ്ടാവുന്നത്. കവലകൾ തോറും വാദപ്രതിവാദങ്ങളും ഖണ്ഡന-മണ്ഡനങ്ങളും നടത്തി മലീമസമാക്കുന്ന ഇവർക്ക് പെണ്‍കുട്ടികളുടെ വിവാഹപ്രായം വരുമ്പോൾ ഒരുമിക്കാൻ യാതൊരു മടിയുമില്ല എന്നതാണ് ഇതിലെ രസകരമായ വസ്തുത. അപരാധിയോ നിരപരാധിയോ എന്നു തിരിച്ചറിയാതെ ഒട്ടേറെ ചെറുപ്പക്കാർ ജയിലിൽ കഴിയുമ്പോൾ ആ വിഷയത്തിൽ സംയുക്തമായ ഒരു പ്രതികരണം നടത്താൻ ഇവർ ആരുമില്ല. മാധ്യമങ്ങൾ ഭീകരവാദത്തെ എപ്പോഴും ഇസ്‌ലാമുമായി കൂട്ടിച്ചേർത്തു മാത്രം വായിക്കുകയും എഴുതുകയും ചെയ്യുമ്പോഴും അതിശക്തമായ മാധ്യമവിചാരണക്ക് സമുദായം ഇരയാകുമ്പോഴും പ്രതികരിക്കാനും മറുപടി പറയാനും ഇവരാരുമില്ല. സംഘടനക്കു പുറത്ത് ആരും വായിക്കാത്ത തങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ മാത്രം ഈ വിഷയങ്ങൾ ഒതുങ്ങി. തങ്ങൾ തീവ്രവാദികളാക്കി ചിത്രീകരിക്കപ്പെടുമോ എന്ന ഭയം ഇവരുടെ പ്രതികരണങ്ങളിൽ പലപ്പോഴും നിഴലിക്കുന്നുണ്ട്. ആ വിഷയങ്ങളിലൊന്നുമില്ലാത്ത വേവലാതി ഈ നേതാക്കളുടെ കണക്കിൽ തന്നെ കേവലം 'ചെറിയ ശതമാനം' മാത്രമുള്ള 'ഇര'കളുടെ കാര്യത്തിൽ കാണിക്കുമ്പോഴാണ് സംഘടനകൽ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത്. 
               18 വയസ്സിനു മുമ്പ് വിവാഹം കഴിപ്പിച്ചാൽ ഉണ്ടാകുന്ന നിയമപരമായ ഭവിഷ്യത്തുകൾ മറികടക്കാൻ ഏറ്റവും നല്ല വഴി 18 വയസ്സിനു മുമ്പ് വിവാഹം ചെയ്തുകൊടുക്കാതിരിക്കുക എന്നത് തന്നെയാണ്. 'അനിവാര്യകാരണ'ങ്ങളാൽ വിവാഹം കഴിപ്പിക്കേണ്ട ഘട്ടം വരികയാണെങ്കിൽ എന്നാണ് ഇപ്പോഴുള്ള വിഷയം. സാധാരണയായി സാധ്യതയുള്ള അനിവാര്യ സാഹചര്യങ്ങൾ ഇവയൊക്കെയാണ്. 
1- രക്ഷിതാക്കൾക്ക് ഇഷ്ടപ്പെടാത്ത ആരെങ്കിലുമായി പ്രേമത്തിലകപ്പെടുക.
2- അത്തരം ബന്ധത്തിലൂടെ ഗർഭിണി ആവുക.
3- പെണ്‍കുട്ടിയുടെ പിതാവോ മാതാവോ അടുത്ത ബന്ധുവോ മാരകരോഗം ബാധിച്ചു കിടപ്പിലാവുകയും കുട്ടിയുടെ വിവാഹം നടന്നു കാണണമെന്ന് അവർ അതിയായി ആഗ്രഹിക്കുകയും ചെയ്യുക.
               ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിക്കുന്നതെന്തിനാണ്? അത്തരം അവസരങ്ങളിൽ ഇളവിനു വേണ്ടി കോടതിയിൽ പോകാം എന്നല്ലാതെ. ഇന്നത്തെ കാലത്ത് ഈ പറഞ്ഞ എല്ലാ അവസ്ഥകളും 16 വയസ്സിനു മുമ്പും സാധ്യതയുള്ളതാണ്. അപ്പോൾ 10 വയസ്സിൽ വരെ വിവാഹം നടത്തേണ്ടി വന്നേക്കാം. കൂടാതെ ഈ അനിവാര്യ കാരണങ്ങൾ മുസ്‌ലിം സമുദായത്തിന് മാത്രം ബാധകമല്ലല്ലോ. ഇതിലെല്ലാമുപരി, പെണ്‍കുട്ടികൾക്ക് കൃത്യമായ അവബോധം നല്കി ആദ്യ രണ്ടു സാഹചര്യങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ് പ്രാധാന്യമേറിയത്. അതിനുവേണ്ടി മതസംഘടനകൾ അവരുടെ അജണ്ടകളും മുന്ഗണനകളും പരിഷ്കരിച്ച് പ്രവർത്തിക്കേണ്ടി വന്നേക്കാം. മദ്രസകളും മറ്റു ക്ലാസ്സുകളും സംവിധാനങ്ങളും നിലവിലുള്ള മതസംഘടനകൾക്ക് ഇത് പ്രയാസകരമൊന്നുമല്ല. എന്നാൽ സിലബസിലും പഠനരീതികളിലും മറ്റു സംവിധാനങ്ങളിലും ഭാഗികമോ സമ്പൂർണമോ ആയ ഒരു ഉടച്ചുവാർക്കൾ ഇതിനു ആവശ്യമായി വന്നേക്കാം. ഇതൊക്കെ ചെയ്തിട്ടും മേല്പറഞ്ഞ 'അനിവാര്യ സാഹചര്യങ്ങൾ' ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കിൽ ഇളവിനു വേണ്ടി കോടതികളെ സമീപിക്കാം എന്നല്ലാതെ ഇത് സമുദായത്തിന്റെ പൊതു പ്രശ്നമായി സമൂഹത്തിനും കോടതിക്കും മുമ്പിൽ അവതരിപ്പിക്കുമ്പോഴാണ് നേതാക്കളുടെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുന്നത്. 

No comments:

Post a Comment